എ.ഐയുടെ ഹെൽത്ത് ടോക്ക്
text_fieldsവിനോദത്തിനപ്പുറം ചിന്തിപ്പിക്കുകയും കൂടി ചെയ്ത സിനിമയാണ് ‘എന്തിരൻ’. അതിൽ സാങ്കേതികവിദ്യ കൊണ്ടുണ്ടായ പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ്. ഡിജിറ്റൽ ലോകത്ത് ഇപ്പോൾ വലിയ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇത്തരത്തിൽ മോശം കൈകളിൽ എത്തിപ്പെട്ടാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത്തരം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യ നിലനിൽപിന് ഹാനികരമായ കോവിഡ്, വസൂരി പോലുള്ള വൈറസുകളെ പുനർനിർമിക്കുകയോ നിലവിലുള്ളവ മെച്ചപ്പെടുത്തുകയോ ചെയ്ത് അവ ജനങ്ങൾക്കിടയിലേക്ക് വിട്ടാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ രണ്ട് എ.ഐ മോഡലുകൾ ഉപയോഗിച്ച് ഇ-കോളിയെ ആക്രമിക്കാൻ കഴിവുള്ള 16 വൈറസുകളുടെ ബ്ലൂപ്രിന്റുകൾ രൂപകൽപന ചെയ്തു. ഇത് സാങ്കേതികവിദ്യയുടെ ഗുണപരവും എന്നാൽ ആശങ്കജനകവുമായ സാധ്യതകളെ സൂചിപ്പിക്കുന്നു. ഗവേഷണ റിപ്പോർട്ടുകൾ അനുസരിച്ച് ശാസ്ത്രജ്ഞർ എ.ഐ മോഡലുകൾ ഉപയോഗിച്ച് ബാക്ടീരിയകളെ മാത്രം നശിപ്പിക്കുന്ന ‘ബാക്ടീരിയോഫേജുകൾ’ (bacteriophages) എന്ന വൈറസുകളുടെ പൂർണമായ ജനിതക ഘടന (ജീനോം) രൂപകൽപന ചെയ്തു.
ഈ വൈറസുകൾ മനുഷ്യകോശങ്ങളെ ബാധിക്കാത്തതിനാൽ മനുഷ്യ ചികിത്സകൾക്ക് സുരക്ഷിതമാണ്. എ.ഐ രൂപകൽപന ചെയ്ത ചില ഫേജുകൾ ആന്‍റിബയോട്ടിക് പ്രതിരോധശേഷിയുള്ള ഇ-കോളി സ്ട്രെയിനുകളെ വേഗത്തിലും കൂടുതൽ കാര്യക്ഷമതയോടെയും ഇല്ലാതാക്കുന്നതായി കണ്ടെത്തി. ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ് (antimicrobial resistance) കാരണം ആന്‍റിബയോട്ടിക്കുകൾ ഫലം കാണാത്ത അപകടകരമായ ബാക്ടീരിയ അണുബാധകൾക്ക് ചികിത്സ നൽകാൻ കഴിയുന്ന വൈദ്യശാസ്ത്ര മേഖലയിലെ ഒരു നിർണായക വഴിത്തിരിവായി ഈ കണ്ടുപിടിത്തം മാറിയേക്കാം.
എന്നാൽ, ഇതിനെ സാധ്യതയായി കാണുന്നതിനോടൊപ്പം നമ്മൾ ചിന്തിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ഒരു അപകടസാധ്യത കൂടി ഇതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. അതീവ അപകടകാരികളായ രോഗാണുക്കളുടെ ജനിതകഘടനകൾ എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇതെങ്ങനെ മറികടക്കാമെന്ന ഗവേഷണങ്ങളിലാണ് ഇന്ന് ശാസ്ത്ര സാങ്കേതിക ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

