എ.ഐ ആരോഗ്യത്തിന് ഹാനികരം
text_fieldsനിർമിതബുദ്ധി (എ.ഐ)യുടെ കടന്നുവരവോടെ മുമ്പെങ്ങുമില്ലാത്ത തരത്തിൽ കുതിപ്പാണ് ആരോഗ്യ പരിപാലന രംഗം കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഡോക്ടർമാരേക്കാൾ വേഗത്തിൽ സ്കാൻ റിപ്പോർട്ടുകൾ പരിശോധിക്കാനും ഹൃദയാഘാതത്തിനുള്ള സാധ്യത മുൻകൂട്ടി പ്രവചിക്കാനുമൊക്കെ ഇന്ന് എ.ഐക്ക് കഴിയും. എന്നാൽ, ഇതേ എ.ഐ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുകയാണെന്ന് പറഞ്ഞാലോ. സംഗതി സത്യമാണ്.
എ.ഐ പ്രവർത്തിപ്പിക്കുന്ന വൻകിട ഡേറ്റാ സെന്ററുകൾക്ക് വൻതോതിൽ വൈദ്യുതിയും വെള്ളവും ആവശ്യമുണ്ട്. യുനൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് ഈ ഡേറ്റാ സെന്ററുകൾ കുന്നുകണക്കിന് ഇലക്ടോണിക് മാലിന്യങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന മെർക്കുറി, ലെഡ് തുടങ്ങിയ ഘടകങ്ങൾ മണ്ണിലോ വെള്ളത്തിലോ കലരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ശ്വസനരോഗങ്ങൾക്കും നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.
വലിയ വില കൊടുക്കേണ്ടി വരും
എ.ഐ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങളും മനുഷ്യന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇലക്ട്രോണിക് മാലിന്യങ്ങൾ കത്തിക്കുകയോ മണ്ണിൽ നിക്ഷേപിക്കുകയോ ചെയ്യുമ്പോൾ ദോഷകരമായ വാതകങ്ങളും സൂക്ഷ്മകണങ്ങളും വായുവിൽ കലരും.
ഇവയുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് കുട്ടികളിൽ ആസ്ത്മ, ഹൃദ്രോഗം, വളർച്ചാ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകും. എ.ഐ ചിപ്പുകൾ നിർമിക്കാൻ ആവശ്യമായ അപൂർവ മൂലകങ്ങൾ ഖനനം ചെയ്യുന്നത് ഭൂഗർഭജലത്തെയും ഭക്ഷ്യ സ്രോതസ്സുകളെയും മലിനമാക്കുന്നു. ഇത് സമീപ പ്രദേശങ്ങളിലെ ജനങ്ങളിൽ കാൻസർ, ഹോർമോൺ അസന്തുലിതാവസ്ഥ, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി നിർമിച്ച അതേ സാങ്കേതികവിദ്യ ആരെയാണോ സംരക്ഷിക്കേണ്ടത് അവരെ തന്നെ ദോഷകരമായി ബാധിച്ചേക്കാം.
ഈ വർഷം ജൂണിൽ പ്രസിദ്ധീകരിച്ച സ്റ്റാൻഫഡ് സർവകലാശാലയുടെ ഗവേഷണ റിപ്പോർട്ടിൽ നിരവധി എ.ഐ തെറപ്പി ചാറ്റ്ബോട്ടുകൾ മദ്യാസക്തി, സ്കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകളിലുള്ളവരോട് പക്ഷപാതപരമായ നിർദേശങ്ങൾ നൽകുന്നുവെന്നും ഇത് രോഗികളെ ദോഷകരമായി ബാധിക്കുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

