സിനിമ കാണാൻ ഉപയോഗിക്കുന്നത് സൗജന്യ ഒ.ടി.ടി പ്ലാറ്റ്ഫോമുകേളോ? ഒളിഞ്ഞിരിക്കുന്നത് മുട്ടൻ പണി
text_fieldsബംഗളൂരു: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ സിനിമകളും വെബ് സീരീസുകളും സൗജന്യമായി കാണാമെന്ന വ്യാജേന വിപണിയിലിറങ്ങുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ സാധാരണക്കാർക്ക് വലിയ സൈബർ സുരക്ഷാ ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ഒരു സ്റ്റോർ മാനേജർക്ക് ഇത്തരമൊരു വ്യാജ ആപ് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചത്. പണം നൽകാതെ ഒ.ടി.ടി ഉള്ളടക്കങ്ങൾ കാണാമെന്ന പരസ്യം കണ്ട് 'ടൂബി' എന്ന അൺഓഫീഷ്യൽ ആപ്ലിക്കേഷൻ ഇയാൾ ഫോണിൽ ഡൗൺലോഡ് ചെയ്യുകയായിരുന്നു. എന്നാൽ, സൗജന്യ വിനോദത്തിന് പിന്നിലെ ചതി അറിയാതെ ആപ് ഇൻസ്റ്റാൾ ചെയ്തയുടൻ തന്നെ ബാങ്കിങ് വിവരങ്ങൾ ചോരുകയും, അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ നിമിഷങ്ങൾക്കകം നഷ്ടപ്പെടുകയുമായിരുന്നു.
ഒ.ടി.ടി സബ്‌സ്‌ക്രിപ്ഷൻ നിരക്കുകൾ വർധിച്ചതും വിവിധ സിനിമകൾ പല പ്ലാറ്റ്‌ഫോമുകളിലായി ചിതറിക്കിടക്കുന്നതുമാണ് ആളുകളെ ഇത്തരം വ്യാജ ആപ്പുകളിലേക്ക് ആകർഷിക്കുന്നതെന്ന് മധ്യപ്രദേശ് പൊലീസിലെ സൈബർ സുരക്ഷാ വിദഗ്ദ്ധൻ ദീപേന്ദ്ര സിങ് വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ ഈ ബുദ്ധിമുട്ട് മുതലെടുത്ത് സൈബർ ക്രിമിനലുകൾ പ്രമുഖ ബ്രാൻഡുകളുടെ പേരിനോട് സാദൃശ്യമുള്ള വ്യാജ ആപ്പുകളും എ.പി.കെ ഫയലുകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.
ഇത്തരം വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ എസ്.എം.എസ്, കോൺടാക്റ്റുകൾ, നോട്ടിഫിക്കേഷനുകൾ എന്നിവ ആക്‌സസ് ചെയ്യാനുള്ള അനുമതി ചോദിക്കാറുണ്ട്. പലരും ഇതൊന്നും ശ്രദ്ധിക്കാതെ 'Allow' അടിക്കും. ഈ അനുമതികൾ ലഭിക്കുന്നതോടെ ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലെ ബാങ്ക് ഒ.ടി.പികൾ എളുപ്പത്തിൽ ചോർത്താനും ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കാനും സാധിക്കും. ലൈഫ് ടൈം ഫ്രീ സബ്‌സ്‌ക്രിപ്ഷൻ അല്ലെങ്കിൽ പ്രീമിയം സൗജന്യ ആക്‌സസ് എന്ന് അവകാശപ്പെടുന്നവ മിക്കതും വ്യാജമായിരിക്കും. ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവക്ക് പുറത്തുള്ള ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക. ഒരു വിഡിയോ സ്ട്രീമിങ് ആപ്പിന് നിങ്ങളുടെ കോൺടാക്റ്റുകളോ എസ്.എം.എസോ പരിശോധിക്കേണ്ട ആവശ്യമില്ല. അത്തരം അനുമതികൾ ചോദിച്ചാൽ ഉടൻ തന്നെ ആപ് ഒഴിവാക്കുക.
ആപ്പിലെ മോശം ഗ്രാഫിക്സ്, അക്ഷരത്തെറ്റുകൾ, വ്യക്തമല്ലാത്ത ഡെവലപ്പർ വിവരങ്ങൾ എന്നിവ വ്യാജന്റെ ലക്ഷണങ്ങളാണ്. ഇത്തരം ആപ്പുകൾ അബദ്ധത്തിൽ ഇൻസ്റ്റാൾ ചെയ്താൽ ഉടൻ തന്നെ ഫോണിൽ നിന്ന് അവ ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. അതിനു മുമ്പായി ആപ്പിന് നൽകിയ പെർമിഷനുകൾ റദ്ദാക്കണം. തുടർന്ന് പ്രധാനപ്പെട്ട മെയിൽ ഐ.ഡി, ബാങ്കിങ് ആപ്പുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ പാസ്‌വേഡുകൾ മാറ്റുക. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ വൈകിക്കാതെ ബാങ്കിനെ വിവരമറിയിക്കുകയും 1930 എന്ന നമ്പറിൽ വിളിച്ച് സൈബർ സെല്ലിൽ പരാതി നൽകുകയും വേണം. അടിയന്തര സാഹചര്യങ്ങളിൽ ഫോൺ പൂർണമായും 'ഫാക്ടറി റീസെറ്റ്' ചെയ്യുന്നതാണ് സുരക്ഷിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

