
ഇന്ത്യയിൽ 1.2 ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാൻ ആപ്പിൾ; ഇതുവരെ നിയമിച്ചത് ഒരു ലക്ഷം പേരെ
text_fieldsചൈന വിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ഉൽപാദന കേന്ദ്രങ്ങളിലൊന്നാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ. വിവിധ സംസ്ഥാനങ്ങളിലായി ഭീമൻ ഫാക്ടറികൾ സ്ഥാപിച്ച് ഐഫോൺ ഉൾപ്പെടുന്ന ഉത്പന്നങ്ങൾ ഇവിടെ തന്നെ നിർമിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കർണാടകയിൽ അതിന്റെ ഭാഗമായി 300 ഏക്കറിൽ ഫാക്‌ടറി നിർമിക്കാനൊരുങ്ങുകയാണ്.
കഴിഞ്ഞ 19 മാസത്തിനിടെ ആപ്പിൾ രാജ്യത്ത് ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകിയിട്ടുണ്ട്. അതോടെ ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച കമ്പനിയായി ആപ്പിൾ മാറിയതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, അവിടെ തീരുന്നില്ല. ഇന്ത്യയിൽ ആപ്പിളിന്റെ വർധിച്ചുവരുന്ന നിക്ഷേപം വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ ഏകദേശം 120,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ഉൽപ്പാദനരംഗത്ത് നേരിട്ടുള്ള 40,000 അവസരങ്ങളും 80,000 അല്ലാത്ത അവസരങ്ങളും കമ്പനി ഇന്ത്യയിൽ സൃഷ്ടിക്കുമെന്ന്, സ്റ്റാഫിങ് സ്ഥാപനങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
നിർമ്മാണ രംഗത്തായിരിക്കും കൂടുതൽ തൊഴിലവസരങ്ങളെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 2026 സാമ്പത്തിക വർഷത്തോടെ അത് മൂന്ന് ലക്ഷമായി വർധിച്ചേക്കും. ഇതിൽ തന്നെ മൂന്നിലൊന്ന് നേരിട്ടുള്ള ജോലികളും ബാക്കി രണ്ട് ലക്ഷം പരോക്ഷ ജോലികളുമായിരിക്കും.
കഴിഞ്ഞ 19 മാസങ്ങൾ കൊണ്ട് രാജ്യത്ത് സൃഷ്ടിച്ച ഒരു ലക്ഷം തൊഴിലവസരങ്ങളിൽ, ഐഫോണുകൾ മാത്രം നിർമ്മിക്കുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള ഫോക്‌സ്‌കോൺ ഹോൺ ഹേ, 35,500-ലധികം അതായത് മൂന്നിലൊന്നിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഈ സാമ്പത്തിക വർഷം മാത്രം ഉൽപ്പാദനം ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ പെഗാട്രോൺ, 14,000 തൊഴിലവസരങ്ങളാണ് രാജ്യത്തിന് വേണ്ടി നൽകിയത്. കർണാടകയിൽ സ്ഥിതി ചെയ്യുന്ന വിസ്‌ട്രോൺ 12,800 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.