ഐഫോൺ ഉപയോക്താക്കൾക്ക് 10000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ആപ്പിൾ; 250 മില്യൻ ഡോളർ സെറ്റിൽമെന്‍റിൽ പണം എങ്ങനെ ലഭിക്കുമെന്ന് അറിയാം
text_fieldsഐഫോൺ ഉപയോക്താക്കൾക്ക് 10000 രൂപ വരെ സഷ്ടപരിഹാരം നൽകാനൊരുങ്ങി ആപ്പിൾ. സിരിയുടെ എഐ ഫീച്ചറുകൾ, ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾ വൈകിയതുമായി ബന്ധപ്പെട്ട കേസിൽ 250 ദശലക്ഷം ഡോളറിന്‍റെ സെറ്റിൽമെന്റ് നടപടികൾ കമ്പനി ഔദ്യോഗികമായി ആരംഭിച്ചതിന്‍റെ ഭാഗമായാണ് ഐഫോൺ ഉപയോക്താക്കൾക്ക് ഈ നഷ്ടപരിഹാരം ലഭ്യമാവാൻ പോകുന്നത്. ഐഫോൺ 16 സീരീസ് അവതരിപ്പിച്ചപ്പോൾ വാഗ്ദാനം ചെയ്ത ആപ്പിൾ ഇന്‍റലിജൻസ്, സിരി ഫീച്ചറുകൾ ഫോൺ പുറത്തിറങ്ങിയ സമയത്ത് ലഭ്യമായിരുന്നില്ല. ഇതിനെ തുടർന്ന് ഉപയോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാൻ കമ്പനി തീരുമാനിച്ചത്.
2024 ജൂൺ 10 നും 2025 മാർച്ച് 29 നും ഇടയിൽ ഐഫോൺ വാങ്ങിയ യഥാർത്ഥ ഉടമകൾക്കാണ് ഈ നഷ്ടപരിഹാരത്തിന് അർഹത. ഐഫോൺ 15, ഐഫോൺ 15 പ്രോ മാക്സ് എന്നിവക്കൊപ്പം ഐഫോൺ 16 സീരീസിലെ മുഴുവൻ ഫോണുകളും ഇതിൽ ഉൾപ്പെടുന്നു. പുനർവിൽപ്പനക്കല്ലാതെ വ്യക്തിഗത ആവശ്യങ്ങൾക്ക് വാങ്ങിയവർക്ക് മാത്രമാണ് അവസരം. ഓരോ ഉപയോക്താവിനും കുറഞ്ഞത് 25 ഡോളർ ലഭിക്കും. എന്നാൽ എത്ര പേർ ക്ലെയിം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഈ തുക പരമാവധി 95 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്.
SmartphoneAISettlement.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി നഷ്ടപരിഹാരം ലഭിക്കാൻ അപേക്ഷ സമർപ്പിക്കാം. പേര്, വിലാസം, ഫോൺ നമ്പർ, ഐഫോണിന്റെ സീരിയൽ നമ്പർ എന്നിവ നൽകേണ്ടതുണ്ട്. 2026 ഡിസംബർ 21ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ ഈ നഷ്ടപരിഹാരം എല്ലാവർക്കും ലഭ്യമാകില്ല. യു.എസിലെ അർഹരായ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. ഇന്ത്യയിലെ ഉപയോക്താക്കളും ഈ സെറ്റിൽമെന്‍റിൽ ഉൾപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

