ആപ്പിളിന് ഒരു മുഴം മുന്നേ സാംസങ്; 200 എംപി കാമറയും 4.1എംഎം കനവും, ഫോൾഡബിൾ ഫോൺ വിപണിയിൽ പുത്തൻ മോഡലുമായി കമ്പനി
text_fieldsഫോൾഡബിൾ ഫോൺ വിപണിയിലെ തങ്ങളുടെ മുൻകൈ നിലനിർത്തുന്നതിന്‍റെയും വ്യാപിപ്പിക്കുന്നതിനെയും ഭാഗമായി സാംസങ് പുതിയ മൂന്ന് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിച്ചു. ഗാലക്സി ഇസഡ് ഫോൾഡ് 8, ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്രാ, ഗാലക്സി ഇസഡ് ഫ്ലിപ് 8 എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുന്നതിന് ഏകദേശം മൂന്ന് മാസം മുമ്പാണ് സാംസങ്ങിന്റെ ഈ പുതിയ കടന്നുവരവ്. ഉയർന്ന നിലവാരമുള്ള ഡിസ്പ്ലേ, ഗാലക്സി എഐ, ജെമിനി ഇന്‍റലിജൻസ് തുടങ്ങിയ എഐ സംവിധാനങ്ങളും ഉൾപ്പെടുത്തിയതാണ് പുതിയ മോഡൽ. മൂന്ന് പ്രീമിയം മോഡലുകളുടെയും പ്രീ ഓർഡർ രാജ്യത്ത് ആരംഭിച്ചതായി സാംസങ് അറിയിച്ചിട്ടുണ്ട്. പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
പഴയ ഫോൾഡ് മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ഒതുക്കമുള്ളതും ആകർഷകവുമായ രൂപകൽപ്പനയിലാണ് ഗാലക്സി ഇസഡ് ഫോൾഡ് 8 ഫോൺ എത്തിയിരിക്കുന്നത്. ഇതിന്റെ പുറത്തുള്ള ഫ്രണ്ട് ഡിസ്‌പ്ലേ 5.5 ഇഞ്ചും അകത്തെ പ്രധാന ഡിസ്‌പ്ലേ 7.6 ഇഞ്ചുമാണ്. വീഡിയോകൾ കാണുന്നതിനും സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുന്നതിനും ഗെയിമിംഗിനുമായാണ് ഈ സ്ക്രീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ വൈഡ്, അൾട്രാ വൈഡ് ലെൻസുകൾ അടങ്ങിയ രണ്ട് പിൻകാമറകളാണുള്ളത്.
സ്പ്രെഡ്ഷീറ്റുകൾ, പ്രസന്റേഷനുകൾ തുടങ്ങിയ ഓഫീസ് ജോലികളും ഒരേസമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്രാ നിർമ്മിച്ചിരിക്കുന്നത്. ഇതിന് 6.5 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് സ്ക്രീനും 8 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻസൈഡ് ഡിസ്‌പ്ലേയുമുണ്ട്. വൈഡ്, ടെലിഫോട്ടോ, അൾട്രാ വൈഡ് ലെൻസുകൾ ഉൾപ്പെടുന്ന മികച്ച ട്രിപ്പിൾ പിൻകാമറ സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
പോക്കറ്റിലോ ബാഗിലോ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ക്ലാമ്പ്ഷെൽ ശൈലിയിലുള്ള ഫോണാണ് ഗാലക്സി ഇസഡ് ഫ്ലിപ് 8. ഇതിന്റെ കവർ സ്ക്രീൻ 4.1 ഇഞ്ചായി വലുതാക്കിയിട്ടുണ്ട്. അതിനാൽ ഫോൺ തുറക്കാതെ തന്നെ ആപ്പുകളും നോട്ടിഫിക്കേഷനുകളും പരിശോധിക്കാം. ഫോൺ തുറക്കുമ്പോൾ 6.9 ഇഞ്ച് വലിപ്പമുള്ള പ്രധാന ഡിസ്‌പ്ലേയും ലഭിക്കുന്നു.
എല്ലാ പുതിയ ഫോൾഡബിൾ ഫോണുകളിലും ക്വാൽകോം പ്രൊസസ്സറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപുറമെ സാംസങ്ങിന്റെ സ്വന്തം ഗാലക്സി എഐ ഫീച്ചറുകളും ഗൂഗിളിന്റെ ജെമിനി എഐ സേവനങ്ങളും ഈ മൂന്ന് ഫോണിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണുകളിലെ ഈ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളാണ് ഉയർന്ന വിലക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ ഈ സെപ്റ്റംബറിൽ പുറത്തിറക്കാനിരിക്കെയാണ് സാംസങ് പുതിയ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കുകൾ പ്രകാരം 2025-ൽ ആഗോള ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയുടെ ഏകദേശം 40 ശതമാനവും സാംസങ്ങിന്റെ കൈവശമായിരുന്നു. 30 ശതമാനവുമായി ഹുവായ് ആണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. എന്നാൽ ആപ്പിളിന്റെ പുതിയ ഫോൾഡബിൾ ഫോൺ വിപണിയിലെത്തുമ്പോൾ ഈ കണക്കുകളിൽ മാറ്റം വന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

