ഐഫോൺ 18 പ്രോ സീരീസ് വിപണിയിലെത്തിയതിനു പിന്നാലെ പഴയ മോഡലുകൾക്ക് വില കൂട്ടി ആപ്പിൾ; അറിയാം വിശദാംശങ്ങൾ
text_fieldsഐഫോൺ 18 പ്രോ സീരീസ് വിപണിയിലെത്തിയതിന് പിന്നാലെ പഴയ മോഡലുകൾക്ക് വില കൂട്ടി ആപ്പിൾ. പുതിയ ഫോണുകൾ വരുമ്പോൾ പഴയ മോഡലുകളുടെ വില കുറയുന്ന പതിവ് രീതിക്ക് വിപരീതമായി, ഐഫോൺ 17, ഐഫോൺ 17ഇ, ഐഫോൺ എയർ, ഐഫോൺ 16 എന്നിവയുടെ വിലയാണ് ആപ്പിൾ ഉയർത്തിയത്. പുതിയ വിലവിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
സാധാരണ ഐഫോൺ 17-ന്റെ വിലയിൽ 17,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. മുൻപ് 82,900 രൂപയായിരുന്ന 256GB മോഡലിന് ഇപ്പോൾ 99,900 രൂപ നൽകേണ്ടി വരും. 512GB പതിപ്പിന്റെ വില 1,02,900 രൂപയിൽ നിന്ന് 1,24,900 രൂപയായും ഉയർന്നു. ഈ നിരയിൽ ഏറ്റവും വലിയ വിലവർധനവ് നേരിട്ടത് ഐഫോൺ എയർ ആണ്. 256GB മോഡലിന് 119,900 രൂപയിൽ നിന്ന് 149,900 രൂപയായും, 512GB മോഡലിന് 139,900 രൂപയിൽ നിന്ന് 174,900 രൂപയായും വിലകൂടി.
ബജറ്റ് സൗഹൃദ മോഡലായ ഐഫോൺ 17ഇ-യുടെ 256GB പതിപ്പിന് ഇപ്പോൾ 79900 രൂപയാണ് വില. മുമ്പ് 64900 രൂപയായിരുന്നു. 512GB മോഡലിന്റെ വില 84900 രൂപയിൽ നിന്ന് 104,900 രൂപയായും വർധിച്ചു. ഐഫോൺ 16-ന്റെ വിലയും ആപ്പിൾ കൂട്ടിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 69900 രൂപയുണ്ടായിരുന്ന 128GB മോഡലിന് ഇനി 89900 രൂപ നൽകേണ്ടി വരും.
സെപ്റ്റംബർ 9-ന് നടന്ന ചടങ്ങിൽ ഐഫോൺ 18 പ്രോ സീരീസും കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുയോ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ വിലവർധനവ്. സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെയും മറ്റ് പ്രധാന ഘടകങ്ങളുടെയും നിർമാണച്ചെലവ് വർധിച്ചതാണ് ആപ്പിളിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിന്റെയും ഡാറ്റാ സെന്ററുകളുടെയും ഭാഗമായി ചിപ്പുകൾക്കായുള്ള മത്സരം വർധിച്ചതും, ആഗോളതലത്തിൽ ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യത കുറഞ്ഞതുമാണ് ഇലക്ട്രോണിക്സ് വിപണിയിൽ വിലക്കയറ്റത്തിന് കാരണമാകുന്നതെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആൻഡ്രോയിഡ് ഫോൺ നിർമാതാക്കളും സമാനമായ രീതിയിൽ വില വർധിപ്പിച്ചിരുന്നു. പുതിയ വിലവർധനവ് ആപ്പിൾ ഉപയോക്താക്കൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

