
ഇന്ത്യയിൽ ആദ്യത്തെ റീട്ടെയിൽ സ്റ്റോറുമായി ആപ്പിൾ; നിയമനവും തുടങ്ങി
text_fieldsഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങി അമേരിക്കൻ ടെക് ഭീമൻ ആപ്പിൾ. റീട്ടെയിൽ സ്റ്റോറിലേക്കുള്ള ജീവനക്കാരെയും കമ്പനി നിയമിക്കാൻ തുടങ്ങിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആപ്പിളിന്റെ കരിയർ പേജിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ബിസിനസ്സ് വിദഗ്‌ദ്ധൻ, "ജീനിയസ്", ഓപ്പറേഷൻ എക്‌സ്‌പെർട്ട്, ടെക്‌നിക്കൽ സ്‌പെഷ്യലിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി വ്യത്യസ്ത അവസരങ്ങളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
Image: Apple
അതേസമയം, ഇന്ത്യയിൽ ഇതുവരെ ഔദ്യോഗികമായി ലോഞ്ച് ചെയ്യാത്ത ആപ്പിൾ സ്റ്റോറുകളിലേക്ക് തങ്ങളെ നിയമിച്ചതായി പ്രഫഷണൽ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിലൂടെ കുറഞ്ഞത് അഞ്ച് പേരെങ്കിലും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്താണ് ആപ്പിളിന്റെ നിയമനമെന്നതും ശ്രദ്ധേയമാണ്.
വ്യവസായ ഭീമനായ ടാറ്റാ ഗ്രൂപ്പ് രാജ്യത്താകമാനായി നൂറോളം ആപ്പിൾ എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനായി ക്രോമ സ്റ്റോർ ശൃംഖല നടത്തുന്ന ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയിലുമായി ആപ്പിൾ കൈകോർക്കുന്നതായും ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 600 ചതുരശ്ര അടി വസ്തീർണമുള്ള ആപ്പിൾ സ്റ്റോറുകളായിരിക്കും ടാറ്റ തുറക്കുക.
1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളേക്കാൾ ചെറുതായിരിക്കും ഇൻഫിനിറ്റി റീട്ടെയിലിന്റെ ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകളെന്നാണ് റിപ്പോർട്ട്. മാളുകളിലും മറ്റ് ഹൈ-സ്ട്രീറ്റുകളിലും സമീപ പ്രദേശങ്ങളിലുമാകും ഇന്ത്യയിൽ ആപ്പിൾ സ്റ്റോറുകൾ തുറക്കുക.
ചെറിയ ആപ്പിൾ സ്റ്റോറുകൾ ഐഫോണുകൾ, ഐപാഡുകൾ, വാച്ചുകൾ എന്നിവ മാത്രമാണ് വിൽക്കുക. എന്നാൽ, വലിയ സ്റ്റോറുകളിൽ ഐഫോണുകൾ മുതൽ മാക്ബുക്ക് കമ്പ്യൂട്ടറുകൾ വരെയുള്ള മുഴുവൻ ആപ്പിൾ ഉത്പന്നങ്ങൾ വരെ ലഭ്യമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
