ആപ്പിൾ ഡിസൈനർ ഓപൺ എ.ഐയിലേക്ക്; ലക്ഷ്യം എ.ഐ ഹാർഡ് വെയർ ഉൽപന്നങ്ങൾ
text_fieldsജോണി ഐവ്, സാം ആൾട്ട്മാൻ
ഒരു എ.ഐ ഹാർഡ് വെയർ ഉൽപന്നം വികസിപ്പിക്കാനായി ഓപൺ എ.ഐ മേധാവി സാം ആൾട്ട്മാൻ, പ്രശസ്ത ആപ്പിൾ ഡിസൈനർ ജോണി ഐവുമായി ചേർന്ന് രഹസ്യമായി പ്രവർത്തിക്കുന്നുവെന്ന് രണ്ടുവർഷം മുമ്പ് നാം കേട്ടിരുന്നു. ഇന്നിതാ രഹസ്യം വെളിപ്പെട്ടിരിക്കുകയാണ്.
ഐവ് സഹസ്ഥാപകനായ ഐഒ പ്രോഡക്ട്സ് (io Products) എന്ന സ്റ്റാർട്ടപ്പിനെ 6.5 ബില്യൺ ഡോളറിന് ഓപൺ എ.ഐ ഏറ്റെടുത്തിരിക്കുന്നു. ചാറ്റ്ജി.പി.ടിയിലൂടെ എ.ഐ വിപ്ലവം സമൂഹത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന ഓപൺ എ.ഐ, പുതിയൊരു എ.ഐ ഹാർഡ് വെയർ ഉൽപന്നത്തിലൂടെ രണ്ടാം വിപ്ലവത്തിനൊരുങ്ങുകയാണെന്നാണ് ടെക് വൃത്തങ്ങൾ പറയുന്നത്.
ഐഫോൺ, ഐമാക്, മാക്ബുക് തുടങ്ങിയവയുടെ ഡിസൈൻ നിർവഹിച്ച ഐവ് ഇതോടെ ഓപൺ എ.ഐയുടെ കൺസ്യൂമർ ഹാർഡ് വെയർ ഉൽപന്നങ്ങളുെട മുഖമായേക്കും. എന്താണ് തങ്ങളുടെ പണിശാലയിൽ ഒരുങ്ങുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, സ്ക്രീനിനപ്പുറം ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന ഒരു കൂട്ടം ഉൽപന്നങ്ങളായിരിക്കുമെന്ന് സൂചന നൽകുന്നുണ്ട്.
2019ൽ ആപ്പിൾ വിട്ടശേഷം ഐവ് ലൗഫ്രം (LoveFrom) എന്ന ഡിസൈൻ സ്ഥാപനം ആരംഭിച്ചിരുന്നു. ഇത് സ്വതന്ത്രമായിത്തന്നെ നിൽക്കുമെന്നാണ് പറയുന്നത്. ‘ഐഒ’യിലും ഓപൺ എ.ഐയിലും സുപ്രധാന ക്രിയേറ്റിവ്, ഡിസൈൻ ചുമതലകൾ ഐവിനും ടീമിനുമായിരിക്കുമെന്ന് കമ്പനി പറയുന്നു.
എന്തായിരിക്കും അവതരിക്കുക?
സ്മാർട്ട് ഫോണിനപ്പുറം, കൂടുതൽ ഭാവനാത്മകമായ ഉൽപന്നമായിരിക്കും ഐവും ടീമും പുറത്തിറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ചില ഉൽപന്നങ്ങളായ Humane AI Pin അല്ലെങ്കിൽ Rabbit R1, കണ്ണടകൾ, കാർ ഇൻറർഫേസ്, ഹ്യൂമനോയ്ഡ് റോബോട്ട് എന്നിവയിലേതെങ്കിലുമാകാമെന്നാണ് സിലിക്കൺ വാലി വൃത്തങ്ങൾ പ്രവചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

