എഐ ഉയർത്തുന്ന ഭീഷണി നേരിടാൻ ആന്ത്രോപിക്; അഞ്ച് ശതമാനം ഓഹരി പൊതുജനക്ഷേമത്തിന്
text_fieldsഎഐ സാങ്കേതികവിദ്യ മൂലമുള്ള തൊഴിൽ നഷ്ടവും മറ്റ് വെല്ലുവിളികളും നേരിടാൻ വമ്പൻ നീക്കവുമായി ആന്ത്രോപിക്. തങ്ങളുടെ കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികൾ പുതിയതായി രൂപീകരിച്ച ആന്ത്രോപിക് പബ്ലിക് ബെനിഫിറ്റ് ഫണ്ടിന് നൽകുന്നതായി കമ്പനി പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന ഐ.പി.ഒക്ക് മുന്നോടിയായാണ് കമ്പനി ഈ സാമൂഹിക സുരക്ഷാ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഭാവിയിൽ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന അസ്ഥിരതകളെയും തൊഴിൽ മേഖലയിലെ പ്രത്യാഘാതങ്ങളെയും നേരിടുക എന്നതാണ് ഈ ഫണ്ടിന്റെ പ്രധാന ലക്ഷ്യം.
തുടക്കത്തിൽ അഞ്ച് ശതമാനം ഓഹരികളാണ് ഫണ്ടിലേക്ക് മാറ്റുന്നത്. കമ്പനിയുടെ മൂല്യം ഉയരുന്നതനുസരിച്ച് ഈ ഓഹരി പങ്കാളിത്തവും വർദ്ധിക്കുന്ന രീതിയിലാണ് ഇതിന്റെ ഘടന തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി കമ്പനിയുടെ ഏകദേശം 20 ശതമാനത്തോളം ഓഹരികൾ പൊതുജനക്ഷേമത്തിനായി മാറ്റിവെക്കപ്പെടും.
എഐ മൂലം ഉണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി കമ്പനി ഇതിനകം 200 ദശലക്ഷം ഡോളർ വകയിരുത്തിയിട്ടുണ്ട്. ഫണ്ടിലുള്ള ഓഹരികളോ അതിൽ നിന്നുള്ള ലാഭമോ അമേരിക്കയിലോ മറ്റ് രാജ്യങ്ങളിലോ ലോബിയിംഗിനോ രാഷ്ട്രീയ സംഭാവനകൾക്കോ ഉപയോഗിക്കില്ലെന്ന് ആന്ത്രോപിക് വ്യക്തമാക്കി.
എഐ രംഗത്തെ അതിവേഗത്തിലുള്ള വളർച്ച വലിയ സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് തൊഴിലാളികൾക്കിടയിൽ ആശങ്കയും തൊഴിൽ നഷ്ടവും സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. ഫണ്ടിന്റെ ഭരണസംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ കമ്പനി പുറത്തുവിടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

