സോഷ്യൽ മീഡിയയിൽ അതിരുവിട്ടാൽ അഴിയെണ്ണും; ആന്ധ്രയിൽ 1300 പേർ അറസ്റ്റിൽ, പിന്നാലെ എ.ഐ നിരീക്ഷണം
text_fieldsപ്രതീകാത്മക ചിത്രം
അമരാവതി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ ഉള്ളടക്കങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ആന്ധ്രാപ്രദേശ് പൊലീസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം കേസുകളിൽ 1,300ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.ജി.പി ഹരീഷ് കുമാർ ഗുപ്തയാണ് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലെ കുറ്റകൃത്യങ്ങൾ തടയാനായി കഴിഞ്ഞ വർഷം ജൂലൈയിലാണ് സംസ്ഥാന പൊലീസ് പ്രത്യേക 'സോഷ്യൽ മീഡിയ മോണിറ്ററിങ് യൂണിറ്റ്' രൂപീകരിച്ചത്. കുറ്റവാളികളെ കണ്ടെത്താൻ അത്യാധുനിക സാങ്കേതിക വിദ്യകളാണ് പൊലീസ് ഉപയോഗിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനാലിസിസ്, സെന്റിമെന്റ് ട്രാക്കിങ് & റിയൽ ടൈം സർവൈലൻസ്, ഡിജിറ്റൽ ഫോറൻസിക്സ് & ഐ.പി ട്രാക്കിങ്, ഒസിന്റ് (OSINT) സാങ്കേതിക വിദ്യകൾ എന്നിവയും ഇതിലുൾപ്പെടുന്നു. വാട്സ്ആപ്,ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി രാഷ്ട്രീയ പ്രേരിതമായ ഉള്ളടക്കങ്ങൾ, വർഗീയ പരാമർശങ്ങൾ, സ്ത്രീവിരുദ്ധ കമന്റുകൾ എന്നിവ പ്രചരിപ്പിക്കുന്ന സംഘങ്ങൾ നിരീക്ഷണത്തിലാണ്. 28 ജില്ലകളിലായി ഇതുവരെ 1,549 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 1,344 പേരെ അറസ്റ്റ് ചെയ്യുകയും 4,529 നിയമവിരുദ്ധ പോസ്റ്റുകൾ നീക്കം ചെയ്യുകയും ചെയ്തു.
പ്രത്യേകിച്ച് വനിതാ രാഷ്ട്രീയ നേതാക്കൾ, നടിമാർ, സ്പോർട്സ് താരങ്ങൾ എന്നിവരെ ലക്ഷ്യം വെച്ച് നടക്കുന്ന സൈബർ ആക്രമണങ്ങളെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പലപ്പോഴും ഇത്തരം അധിക്ഷേപങ്ങൾ ജാതീയമായ അധിക്ഷേപങ്ങളിലേക്കും വ്യക്തിഹത്യയിലേക്കും കടക്കുന്നതായി അധികൃതർ നിരീക്ഷിച്ചു. ഐ.ടി ആക്ട് 2000, ഭാരതീയ ന്യായ സംഹിത (BNS 2023) എന്നിവ പ്രകാരമാണ് കേസുകൾ എടുക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകളും (Section 111) ഇതിൽ ഉൾപ്പെടും.
‘ഒളിവിൽ പോകുന്ന പ്രതികൾക്കെതിരെ അവരുടെ അഭാവത്തിൽ തന്നെ വിചാരണ നടത്തുന്നതിനുള്ള (Trial in absentia) നിയമപരമായ നീക്കങ്ങൾ ആരംഭിക്കും. അജ്ഞാതമായി ഇരുന്നുകൊണ്ട് കുറ്റകൃത്യം ചെയ്യുന്നവരെപ്പോലും അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പൊലീസ് കണ്ടെത്തുക തന്നെ ചെയ്യും’ -ഡി.ജി.പി ഹരീഷ് കുമാർ ഗുപ്ത പറഞ്ഞു. തുടർച്ചയായി കുറ്റം ചെയ്യുന്നവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി. പൊതുസമാധാനം തകർക്കുന്ന രീതിയിലുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

