ഓപ്പൺ എ.ഐയിലെ നാടകീയ സംഭവങ്ങൾ വെള്ളിത്തിരയിലേക്ക്; സാം ആൾട്ട്മാന്‍റെ ജീവിതം സിനിമയാകുന്നു
text_fieldsഓപ്പൺ എ.ഐയുടെ സമീപകാലത്തുണ്ടായ നാടകീയ സംഭവങ്ങൾ സിനിമയാകുന്നു. ഓപ്പൺ എ.ഐയിൽ നിന്ന് സാം ആൾട്ട്മാനെ പെട്ടെന്ന് പുറത്താക്കുകയും അഞ്ച് ദിവസങ്ങൾക്ക് ശേഷം തിരികെ പ്രവേശിക്കുകയും ചെയ്ത രംഗങ്ങളെ ആസ്പദമാക്കിയാണ് സിനിമ. ആർട്ടിഫിഷ്യൽ എന്നാണ് സിനിമയുടെ പേര്. ആമസോൺ എം.ജി.എം സ്റ്റുഡിയോസാണ് സിനിമ നിർമിക്കുന്നത്. ലുക ഗ്വാഡാനിയോ ആണ് സിനിമ സംവിധാനം ചെയ്യുക. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്.
ആൻഡ്രൂ ഗാർഫീൽഡാണ് ആൾട്ട്മാന്‍റെ വേഷം കൈകാര്യം ചെയ്യുന്നത്. മോണിക ബാര്‍ബറോ ഓപ്പണ്‍ എ.ഐ മുന്‍ സി.ടി.ഒ മിറ മുറാട്ടിയായെത്തും. യുറ ബോറിസോവ് ആയിരിക്കും ആൾട്ട്മാനെ പുറത്താക്കാനായി ആവശ്യപ്പെട്ട ഓപ്പണ്‍ എ.ഐ സഹസ്ഥാപകന്‍ ഇല്യ സുറ്റ്‌സ്‌കീവര്‍ കഥാപാത്രത്തെ അവതരിപ്പിക്കുക. സാറ്റര്‍ ഡേ നൈറ്റ് ലൈവ് എന്ന സിനിമയുടെ തിരക്കഥാകൃത്തായ സൈമണ്‍ റിച്ച് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.
2023 നവംബറിലാണ് സാം ഓള്‍ട്ട്മാന്‍ സി.ഇ.ഒ സ്ഥാനത്ത് നിന്നും കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ആൾട്ട്മാന് സ്ഥാപനത്തെ ഫലപ്രദമായി നയിക്കാന്‍ സാധിക്കുമെന്ന് ബോര്‍ഡിന് വിശ്വാസമില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത് സാങ്കേതികവിദ്യാ രംഗത്ത് വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവില്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആൾട്ട്മാന്‍ കമ്പനിയില്‍ തിരികെയെത്തി.
കഴിഞ്ഞ ദിവസം ആള്‍ട്ട്മാന്‍ ഒരു സീക്രട്ട് ഡിവൈസിനെ പ്രഖ്യാപിച്ചിരുന്നു. ഐഫോണിന്റെയും മാക്ബുക്കിന്റെയും ഡിസൈനര്‍ ജോണി ഐവുമായി ചേർന്നാണ് ആൾട്ട്മാൻ പുതിയ ടെക് വിപ്ലവത്തിന് വഴിയൊരുക്കുന്നത്.ജനറേറ്റീവ് എ.ഐ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിർമാണം. ഇവ രൂപത്തിലും പ്രവര്‍ത്തന രീതിയിലും നിലവിലെ സ്മാര്‍ട്ട്ഫോണോ സ്മാര്‍ട്ട് ഗ്ലാസോ പോലെ ആയിരിക്കില്ല. ഡിവൈസിനെ ക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമാണ്.
ലോഞ്ചിങ്ങിനു മുന്‍പ് തന്നെ എതിരാളികള്‍ സമാനമായ ഫീച്ചറുകള്‍ കോപ്പിയടിച്ച് നേരത്തെ വിപണിയിലിറക്കാനുള്ള സാധ്യതയുള്ളതിനാലാണ് വിവരങ്ങൾ പുറത്ത് വിടാത്തതെന്നാണ് റിപ്പോർട്ട്. എന്നാല്‍, ഓപണ്‍ എ.ഐ യോഗത്തില്‍ പങ്കെടുത്ത സ്റ്റാഫ് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ 'ദി വെര്‍ജ്', 'ഫ്യൂച്ചറിസം' തുടങ്ങിയ അന്താരാഷ്ട്ര ടെക് പോര്‍ട്ടലുകള്‍ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഭാരം കുറഞ്ഞ പോക്കറ്റ് സൈസുള്ള കൊച്ചു ഡിവൈസാണ് അണിയറയില്‍ ഒരുങ്ങുന്നത്.
മൊബൈലും കംമ്പ്യൂട്ടറും പോലെ കാണാന്‍ സ്‌ക്രീനുണ്ടാകില്ല. ഉപയോക്താക്കളുടെ ചിന്തയും മനസും വായിച്ചെടുക്കാനാകും. ഇതൊക്കെയാണ് പുറത്തുവന്ന സൂചനകള്‍. ഈ ഉപകരണത്തിന്റെ ഒരു പ്രോട്ടോടൈപ്പ് തയ്യാറാകാന്‍ തന്നെ നിരവധി വര്‍ഷങ്ങളെടുത്തേക്കാം എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

