‘നിയമവിരുദ്ധ ഉള്ളടക്കം പാടില്ല, മുതിർന്നവർക്കുള്ളത് കുട്ടികൾക്ക് ലഭിക്കരുത്’; ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് വ്യാപക പരാതിലഭിച്ചതിനെത്തുടര്‍ന്ന് ഓവർ ദ് ടോപ് (ഒ.ടി.ടി) പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണംചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടു. 2021ലെ ഐ.ടി ചട്ടത്തിൽ നിർദേശിക്കുന്ന ധാര്‍മിക ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കി.
പാര്‍ലമെന്റ് അംഗങ്ങളില്‍നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നുമുള്‍പ്പെടെ കണ്ടന്റുകൾ സംബന്ധിച്ച പരാതികള്‍ ലഭിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നല്‍കരുത്, പ്രായത്തിന്റെ അിടസ്ഥാനത്തില്‍ വേര്‍തിരിച്ചുനല്‍കേണ്ടവ അങ്ങനെത്തന്നെ ചെയ്യണം, പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം അനുവദനീയമായ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാവരുത് തുടങ്ങിയ കാര്യങ്ങളില്‍ പരമാവധി ജാഗ്രതയും വിവേചനവും പുലര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഐ.ടി ചട്ടപ്രകാരം, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ കണ്ടന്റുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള അഭിപ്രായം തേടേണ്ടതും പരാതികൾ പരിഹരിക്കേണ്ടതുമുണ്ട്. സിനിമകൾ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് പ്രകാരം വർഗീകരിക്കുമ്പോൾ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ അവരുടെ തന്നെ സംവിധാനങ്ങളുപയോഗിച്ചാണ് ഓരോ പ്രായത്തിനുമനുസരിച്ചുള്ള കണ്ടന്റ് വേർതിരിക്കുന്നത്. പ്രായത്തിനു പുറമെ ലിംഗം, വയലൻസ്, അശ്ലീലത എന്നിവയും വ്യക്തമാക്കിയിരിക്കണം.
അശ്ലീലം പാടില്ലെന്ന് ചട്ടമില്ലെങ്കിലും, അവ മുതിർന്നവർക്കായി പരിമിതപ്പെടുത്തണമെന്ന് നിർദേശമുണ്ട്. നിയമവിരുദ്ധമെന്ന് കരുതുന്ന ഒരു കണ്ടന്റും പ്രോത്സാഹിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. യൂട്യൂബർ രൺവീർ അവബാദിയയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന ഷോയിലെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം. വിവാദ എപ്പിസോഡ് യൂട്യൂബിൽനിന്ന് നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

