കുറ്റസമ്മതവുമായി എ.ഐയുടെ തലതൊട്ടപ്പൻ; ‘ആവശ്യത്തിലും കൂടുതൽ ഞാൻ ചാറ്റ് ജി.പി.ടിയെ വിശ്വസിക്കുന്നു’
text_fieldsജെഫ്രി ഹിന്റൺ
നിർമിതബുദ്ധിയുടെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കപ്പെടുന്ന, നൊബേൽ ജേതാവായ ജെഫ്രി ഹിന്റൺ, എ.ഐയുടെ അപകടത്തെക്കുറിച്ച് ഏതു സമയത്തും മുന്നറിയിപ്പ് നൽകാൻ മടിയില്ലാത്തയാളാണ്. ആവശ്യത്തിലും കൂടുതൽ ചാറ്റ് ജി.പി.ടിയെ വിശ്വസിക്കുന്ന താൻ, കൂടുതൽ സംശയാലുയാവേണ്ടതുണ്ട് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തന്റെ പതിവ് എ.ഐ വിമർശനത്തേക്കാൾ, കുറ്റസമ്മത പ്രസ്താവനയാണ് ഇത്തവണ അദ്ദേഹം സി.ബി.എസിനു നൽകിയ അഭിമുഖത്തിൽ നൽകുന്നത്. ഓപൺ എ.ഐയുടെ ചാറ്റ്ജി.പി.ടിയെ തന്റെ ദൈനംദിന ജോലികൾക്കായി ആശ്രയിക്കുന്നുവെന്ന് പറഞ്ഞ ജെഫ്രി, സംശയിക്കേണ്ടതുണ്ടായിട്ടും താൻ അതിനെ വിശ്വസിക്കുന്നുവെന്നാണ് പറയുന്നത്.
ചില്ലറക്കാരനല്ല ജെഫ്രി
നിർമിതബുദ്ധിയുടെ അപകടത്തെക്കുറിച്ച് വർഷങ്ങളായി മുന്നറിയിപ്പ് നൽകിവരുന്ന ജെഫ്രി, 2024ലെ ഫിസിക്സ് നൊബേൽ ജേതാവാണ്. ന്യൂറൽ നെറ്റ്വർക്കുകളെ കുറിച്ചുള്ള പഠനത്തിന് പരമോന്നത ശാസ്ത്രപുരസ്കാരം നേടിയ അദ്ദേഹം, സൂപ്പർ ഇന്റലിജന്റ് എ.ഐകൾ മനുഷ്യനെ മറികടക്കാനും അവന്റെ നിയന്ത്രണത്തിനു പുറത്തേക്ക് പോകാനും സാധ്യതയുണ്ട് എന്ന് നിരന്തരം പറയാറുണ്ട്. ‘ഏത് എ.ഐ ടൂളാണ് താങ്കൾ ഉപയോഗിക്കുന്നത്? ’ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ലളിതം, ‘ചാറ്റ് ജി.പി.ടി’.
അഭിമുഖത്തിൽ, ജി.പി.ടി-4 നെ പറ്റിച്ച കഥയും ജെഫ്രി വിവരിക്കുന്നു. ഞാൻ ജി.പി.ടി-4നോട് ഇങ്ങനെ ചോദിച്ചു: ‘‘സാലിക്ക് മൂന്നു സഹോദരന്മാരുണ്ട്. ഓരോ സഹോദരനും രണ്ടു സഹോദരിമാർ വീതവുമുണ്ട്. അങ്ങനെയെങ്കിൽ സാലിക്ക് എത്ര സഹോദരിമാരുണ്ട്?’’ ഈ ചോദ്യത്തിൽ ജി.പി.ടി-4 വീണുവെന്നാണ് ജെഫ്രി പറയുന്നത്. യഥാർഥ ഉത്തരം ‘ഒന്ന്’ ആണ്. കാരണം രണ്ടു സഹോദരിമാരിൽ ഒരാൾ സാലി തന്നെയാണല്ലോ. എന്നാൽ ജി.പി.ടി-4 തെറ്റിച്ചുവത്രെ.
‘‘ഇതെന്നെ അമ്പരപ്പിച്ചു. ഇപ്പോഴും തെറ്റുവരുത്തുന്നുവെന്നതിൽ അമ്പരപ്പ് കൂടുന്നു’’ -ജെഫ്രി പറയുന്നു. കൺമുന്നിൽ ഇങ്ങനെ തെറ്റുവരുത്തിയിട്ടും താനതിനെ വിശ്വസിക്കുകയാണെന്നും ഇത് ആവശ്യത്തിൽ കൂടുതലാണെന്നും അദ്ദേഹം സ്വയം വിമർശിക്കുന്നു. (അതേസമയം ജി.പി.ടി-4 നെ ഒറ്റക്കുള്ള ഉൽപന്നമായി കാണുന്നത് ഓപൺ എ.ഐ ഈയിടെ അവസാനിപ്പിക്കുകയും ജി.പി.ടി-4o, ജി.പി.ടി-4.1 എന്നിവ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്)
ഗൂഗ്ളിന്റെ എ.ഐ ഡിവിഷനിൽ പത്തു വർഷത്തിലേറെ ജോലി ചെയ്ത ജെഫ്രി, ഇത്തരം അപകടങ്ങൾ ചൂണ്ടിക്കാട്ടി 2023ൽ രാജിവെക്കുകയായിരുന്നു. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനോ ഉപയോക്താക്കളെ വഞ്ചിക്കാനോ സാധ്യതയുള്ള തരത്തിൽ, വിശ്വസിപ്പിക്കാൻ കഴിവുള്ള എ.ഐ സംവിധാനങ്ങളെക്കുറിച്ച് ജെഫ്രി മുന്നറിയിപ്പു നൽകുന്നുണ്ട്. നാം മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ എ.ഐ ഈ ലോകത്തെ മനസ്സിലാക്കിത്തുടങ്ങിയാൽ ഇത് യാഥാർഥ്യമാകുമത്രെ. ‘‘മനുഷ്യനേക്കാൾ സ്മാർട്ടായ സംഗതികളുമായി നാം ഇതുവരെ പരിചയിച്ചിട്ടില്ല. അതുതന്നെ പ്രശ്നം’’ -ജെഫ്രി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

