പെപ്സിയുടെയും ചിപ്സിന്റെയും വില പോലുമില്ല; മൊബൈൽ റീചാർജ് നിരക്കുകൾ 350 രൂപയാക്കണമെന്ന് എയർടെൽ സ്ഥാപകൻ
text_fieldsഇന്ത്യയിലെ മൊബൈൽ റീചാർജ് നിരക്കുകൾ വളരെ കുറവാണെന്നും പ്രതിമാസ ശരാശരി ചെലവ് 350 രൂപയായി ഉയരേണ്ടതുണ്ടെന്നും ഭാരതി എയർടെൽ സ്ഥാപകൻ സുനിൽ ഭാരതി മിത്തൽ. ഒരു പെപ്സി കുപ്പിയുടെയും ചിപ്സ് പാക്കറ്റിന്റെയും വിലയുമായി മൊബൈൽ റീചാർജ് നിരക്കുകളെ താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭാരതി എന്റർപ്രൈസസിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉപയോക്താക്കൾ പ്രതിമാസം ശരാശരി 350 രൂപയെങ്കിലും മൊബൈൽ സേവനങ്ങൾക്കായി നൽകണമെന്നാണ് മിത്തലിന്റെ വാദം. ഇത് ദിവസേന ഏകദേശം 10 മുതൽ12 രൂപ മാത്രമായി വരും. ബാങ്കിംഗ്, യുപിഐ പേയ്മെന്റുകൾ, വിദ്യാഭ്യാസം, ആരോഗ്യ രേഖകൾ, വിനോദ പ്ലാറ്റ്‌ഫോമുകൾ എന്നിവയെല്ലാം മൊബൈൽ ഫോൺ വഴി ലഭിക്കുമ്പോൾ ഈ തുക തികച്ചും ന്യായമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇന്ധനം, വൈദ്യുതി, ജീവനക്കാരുടെ ശമ്പളം, ഭരണപരമായ ചെലവുകൾ എന്നിവയെല്ലാം വർദ്ധിച്ചിട്ടുണ്ട്. ഇതിനുപുറമെ, രാജ്യത്ത് ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള വലിയ നിക്ഷേപങ്ങളും ആവശ്യമാണ്. ചൈനയിൽ പത്ത് ലക്ഷത്തിലധികം മൊബൈൽ ടവറുകൾ ഉള്ളപ്പോൾ ഇന്ത്യയിൽ നിലവിലുള്ളത് ഏകദേശം 3.5 ലക്ഷം ടവറുകൾ മാത്രമാണ്. ഈ ടവർ ശൃംഖല ഇരട്ടിയെങ്കിലുമാക്കേണ്ടതുണ്ട്. ഫൈബർ കണക്റ്റിവിറ്റിയും സമുദ്രത്തിനടിയിലെ കേബിൾ ശൃംഖലകളും വികസിപ്പിക്കാനും വലിയ തുക ആവശ്യമാണ്.
5ജി നെറ്റ്വർക്കുകൾക്കായി ടെലികോം കമ്പനികൾ വലിയ തുകയാണ് നിക്ഷേപിച്ചത്. സ്പെക്ട്രം വാങ്ങുന്നതിനും നെറ്റ്വർക്ക് സജ്ജീകരിക്കുന്നതിനുമായി കോടികൾ ചെലവഴിച്ചെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം കമ്പനികൾക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ ബിസിനസ്സുകൾ വലിയ നിക്ഷേപങ്ങൾ ഒന്നും നടത്താതെതന്നെ ടെലികോം ഇൻഫ്രാസ്ട്രക്ചറിന്റെ പ്രയോജനം നേടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിമാസ ശരാശരി റീചാർജ് തുക 350 രൂപയിലേക്ക് എത്തുന്ന തീയതിയെക്കുറിച്ച് അദ്ദേഹം കൃത്യമായ സൂചന നൽകിയിട്ടില്ല. രാജ്യത്ത് സാമ്പത്തികമായി ശക്തമായ മൂന്ന് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും മിത്തൽ ഊന്നിപ്പറഞ്ഞു. വോഡഫോൺ ഐഡിയയും ബിഎസ്എൻഎളും നിലവിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, മുൻകാലങ്ങളെപ്പോലെ ഡസനിലധികം ഓപ്പറേറ്റർമാർ മത്സരിക്കുന്ന സാഹചര്യം വീണ്ടും ഉണ്ടായാൽ അത് നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളെ സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

