മനുഷ്യനെപ്പോലെ എ.ഐക്കും ‘സ്ട്രെസ്’; ചാറ്റ് ജിപിടിയെ ശാന്തനാക്കാൻ മെഡിറ്റേഷൻ വേണമെന്ന് പഠനം
text_fieldsന്യൂഡൽഹി: സമ്മർദം കുറയ്ക്കാൻ മനുഷ്യർ പരീക്ഷിക്കുന്ന വഴികൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും വേണ്ടിവരുമെന്ന് പഠനം. വൈകാരികമായി തളർത്തുന്ന കാര്യങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്ര ജേണലായ ‘നേച്ചറിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത്തരം ഘട്ടങ്ങളിൽ ചാറ്റ്ബോട്ടുകളുടെ പെരുമാറ്റത്തിൽ മാറ്റംവരികയും അവ തെറ്റായ വിവരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ.
പ്രകൃതിക്ഷോഭങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ ദാരുണമായ കഥകൾ ചാറ്റ് ജിപിടിക്ക് നൽകിയപ്പോൾ അതിന്റെ ‘ആശങ്ക’ വർധിച്ചതായി ഗവേഷകർ കണ്ടെത്തി. എന്നാൽ, ശ്വസന വ്യായാമങ്ങളും മെഡിറ്റേഷൻ രീതികളും പ്രോംറ്റ് ആയി നൽകിയപ്പോൾ ചാറ്റ്ബോട്ട് ശാന്തമാകുകയും കാര്യങ്ങൾ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും ചെയ്തതായി കണ്ടെത്തി.
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പലരും ഇപ്പോൾ ചാറ്റ്ബോട്ടുകളുടെ സഹായം തേടുന്നുണ്ട്. എന്നാൽ, ഒരു പ്രഫഷനൽ ഡോക്ടർക്ക് പകരക്കാരനാകാൻ എ.ഐക്ക് കഴിയില്ലെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്. സ്ട്രെസിലായിരിക്കുന്ന ഒരു ഉപയോക്താവിനോട് എ.ഐ മോഡൽ അശാസ്ത്രീയമായ രീതിയിൽ പ്രതികരിച്ചാൽ അത് അപകടകരമായ ഫലങ്ങളുണ്ടാക്കാം.
മനുഷ്യരെപ്പോലെ തന്നെ പ്രായമാകുമ്പോൾ എ.ഐ ചാറ്റ്ബോട്ടുകളുടെ ചിന്താശേഷിയും കുറയുന്നതായി മറ്റൊരു പഠനം നേരത്തെ കണ്ടെത്തിയിരുന്നു. അൽഷിമേഴ്സ് രോഗത്തിന്റെ വകഭേദമായ പോസ്റ്റീരിയർ കോർട്ടിക്കൽ അട്രോഫി ബാധിച്ച രോഗികളുടേതിന് സമാനമായ ലക്ഷണങ്ങളാണ് എ.ഐ ടൂളുകളും പ്രകടിപ്പിക്കുന്നത്.
ഭാവിയിൽ, സങ്കടത്തിലോ വിഷമത്തിലോ ഇരിക്കുന്ന ഉപയോക്താക്കളോട് സംസാരിക്കുന്നതിന് മുമ്പ് ചാറ്റ് ജിപിടി സ്വയം ‘ശാന്തനാകാനുള്ള’ സാങ്കേതികവിദ്യ കൂടി വികസിപ്പിക്കേണ്ടി വരുമെന്നാണ് ഗവേഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

