ഇനി കുറച്ചൊക്കെ വിശ്രമമാകാം, നിങ്ങളുറങ്ങുമ്പോളും എഐ പണിയെടുക്കും; 24 മണിക്കൂറും പ്രവർത്തിക്കുന്ന ജെമിനി സ്പാർക്ക് എഐ ഏജന്‍റുമായി ഗൂഗിൾ
text_fieldsഇന്ത്യയിൽ ഗൂഗിൾ തങ്ങളുടെ പുതിയ വ്യക്തിഗത എഐ ഏജന്റായ ജെമിനി സ്പാർക്ക് അവതരിപ്പിച്ചു. ലാപ്ടോപ്പുകളും ഫോണുകളും ഓഫാക്കിയിട്ടിരിക്കുമ്പോഴും പശ്ചാത്തലത്തിൽ പ്രവർത്തിക്കാനും ഉപയോക്താക്കൾക്ക് വേണ്ടി വിവിധ നിർദ്ദേശങ്ങൾ നടപ്പിലാക്കാനും ശേഷിയുള്ളതാണ് ഈ പുതിയ എഐ ടൂൾ.
കഴിഞ്ഞ മെയ് മാസത്തിൽ ഗൂഗിളിന്റെ ഐ/ഒ സമ്മേളനത്തിലാണ് സ്പാർക്ക് ആദ്യമായി പ്രഖ്യാപിച്ചത്. ജെമിനി 3.5 സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ജനറൽ പർപ്പസ് എഐ ഏജന്റ് ജെമിനി ആപ്പിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ്. ഉപയോക്താക്കളുടെ നിർദ്ദേശപ്രകാരം ഡിജിറ്റൽ ജീവിതം കൂടുതൽ എളുപ്പമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഗൂഗിൾ വ്യക്തമാക്കി.
സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി ക്ലൗഡ് അടിസ്ഥാനമാക്കിയാണ് സ്പാർക്ക് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഉപയോക്താക്കൾ ലാപ്ടോപ്പ് ക്ലോസ് ചെയ്താലും ഫോൺ ലോക്ക് ചെയ്താലും ഇത് പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. ജീവിതം കൂടുതൽ ചിട്ടപ്പെടുത്താനും ഇമെയിലുകൾ ഷെഡ്യൂൾ ചെയ്യാനും തുടങ്ങി വ്യക്തിഗതമായ പല ആവശ്യങ്ങൾ നിറവേറ്റാനും ഇത് സഹായിക്കും.
സ്പാർക്കിന്‍റെ എപ്പോഴും പ്രവർത്തിക്കുന്ന സ്വഭാവം സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ഇമെയിൽ അയക്കുകയോ പർച്ചേസ് നടത്തുകയോ പോലെയുള്ള ഉയർന്ന ഉത്തരവാദിത്തമുള്ള ജോലികൾ ചെയ്യുന്നതിന് മുമ്പ് ഉപയോക്താവിന്റെ അനുമതി തേടുന്ന രീതിയിലാണ് ജെമിനി സ്പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കി.
ഇന്ത്യയിൽ ഗൂഗിൾ എഐ പ്രോ, എഐ അൾട്രാ വരിക്കാർക്കാണ് ജെമിനി സ്പാർക്ക് ലഭ്യമാകുക. ഇന്ത്യയിൽ എഐ പ്രോ പ്ലാനുകൾക്ക് പ്രതിമാസം 1950 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം എഐ അൾട്രാ പ്ലാനുകൾക്ക് സ്റ്റോറേജും ഉപയോഗ പരിധിയും അനുസരിച്ച് 6500 രൂപ മുതൽ 19500 രൂപ വരെയാണ് നിരക്ക്. എന്നാൽ കൂടുതൽ മിതമായ നിരക്കിലുള്ള ഗൂഗിൾ എഐ പ്ലസ് പ്ലാനുകളിൽ ജെമിനി സ്പാർക്ക് നിലവിൽ ലഭ്യമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

