ശുചിമുറി ഉപയോഗം പോലും നിയന്ത്രിക്കുന്ന എഐ; കർശന നിയന്ത്രണങ്ങൽക്കെതിരെ പ്രതിഷേധവുമായി ജീവനക്കാർ
text_fieldsഎഐ ജനങ്ങളുടെ തൊഴിലിനു മാത്രമല്ല തൊഴിലിടത്തിലും ഭീഷണിയാവുകയാണ്. തൊഴിലിടങ്ങളിലെ എഐയുടെ കർശന നിരീക്ഷണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലൻഡിലെ ഒരു റീടെയിൽ ഷോപ്പിലെ ജീവനക്കാർ. പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ദി വെയർഹൗസ് ഗ്രൂപ്പിന്റെ ഡിസ്ട്രിബ്യൂഷൻ സെന്ററുകളിലാണ് എഐ വഴിയുള്ള കർശന നിരീക്ഷണത്തിനെതിരെ ജീവനക്കാർ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓക്‌ലൻഡ്, ക്രൈസ്റ്റ്ചർച്ച് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം ജീവനക്കാരാണ് ജോലിസ്ഥലത്തെ നിരീക്ഷണങ്ങൾക്കും തൊഴിൽ നഷ്ട ഭീഷണിക്കുമെതിരെ തെരുവിലിറങ്ങിയത്.
തൊഴിലാളികൾ ശുചിമുറിയിൽ പോകുന്ന സമയം പോലും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതായി യൂണിയൻ സംഘാടകർ വ്യക്തമാക്കി. കർശനമായ ഈ സമയപരിമിതി കാരണം പലർക്കും ശുചിമുറിയിൽ പോകാൻ സാധിക്കാതെ വരികയും, ഇത് മോശം സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ജോലിസ്ഥലത്ത് പ്രാഥമിക കൃത്യങ്ങൾ പോലും ചെയ്യാൻ പറ്റാഞ്ഞതിനെ തുടർന്ന് വെയർഹൗസുകളിലെ ഇടനാഴികളിൽ ചിലർക്ക് മലമൂത്രവിസർജനം നടത്തേണ്ടി വന്നതായും സംഘാടകർ വെളിപ്പെടുത്തി. കഴിഞ്ഞ എട്ട് മാസമായി ഈ പ്രശ്നത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
കമ്പനി വെയർഹൗസുകളിൽ സ്റ്റോക്ക് എടുക്കാനായി ഭീമൻ റോബോട്ടുകളെയും, ഇൻവെന്ററി പരിശോധനക്കായി എഐ ഡ്രോണുകളെയും കൊണ്ടുവന്നിട്ടുണ്ട്. കാര്യക്ഷമത വർദ്ധിപ്പിക്കുന്ന സാങ്കേതികവിദ്യകളെ തൊഴിലാളികൾ എതിർക്കുന്നില്ലെങ്കിലും തങ്ങളുടെ ഭാവിയെക്കുറിച്ച് കമ്പനി വ്യക്തത നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
എന്നാൽ, ജീവനക്കാരുടെ ആരോപണങ്ങൾ ദി വെയർഹൗസ് ഗ്രൂപ്പ് അധികൃതർ പൂർണ്ണമായി തള്ളി. ഈ വാർത്ത തന്നെ വല്ലാതെ അമ്പരപ്പിച്ചതായും ഞെട്ടിച്ചതായും കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർ റിച്ചാർഡ് പാർക്കർ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ഡിസ്ട്രിബ്യൂഷൻ സെന്ററുകളിൽ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന സാധാരണ സ്കാനിംഗ് ഡിവൈസുകൾ മാത്രമാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും, ഇത് ഒരിക്കലും എഐ വഴിയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശുചിമുറി ഉപയോഗവുമായി ഈ സംവിധാനങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പാർക്കർ വിശദീകരിച്ചു. സ്റ്റോക്കിന്റെ കൃത്യത ഉറപ്പാക്കാനും, ജീവനക്കാർ ഉയരങ്ങളിൽ ജോലി ചെയ്യുന്നത് ഒഴിവാക്കി സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഭാവിയിൽ തൊഴിലാളികൾക്ക് ആവശ്യമായ തൊഴിൽ പരിശീലനവും പുനർവിന്യാസവും നൽകാൻ കമ്പനി തയ്യാറാണെന്നും അധികൃതർ അറിയിച്ചു.

