അടുത്ത 10 വർഷത്തിനുള്ളിൽ എ.ഐ 30 ലക്ഷം ജോലി ഇല്ലാതാക്കും; നിങ്ങളും അതിലുണ്ടോ?
text_fieldsആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എ.ഐ) അതിവേഗ വളർച്ചക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. എ.ഐ കാരണം അടുത്ത ദശകത്തിൽ ലക്ഷക്കണക്കിന് പേർക്ക് ജോലി നഷ്ടമാകുമെന്നാണ് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ഇംഗ്ലണ്ടിലെ നാഷനൽ ഫൗണ്ടേഷൻ ഫോർ എജുക്കേഷനൽ റിസർച്ചിന്‍റെ (എൻ.എഫ്.ഇ.ആർ) റിപ്പോർട്ട് പ്രകാരം 2035ഓടെ ലോ-സ്കിൽഡ് ആയിട്ടുള്ള 30 ലക്ഷം ജോലികൾ ഇല്ലാതാകും. എ.ഐക്കൊപ്പം ഓട്ടമേഷൻ കൂടി വരുന്നതോടെ നിലവിലുള്ള ഒരുപാട് ജോലികൾ മനുഷ്യരിൽനിന്ന് യന്ത്രങ്ങൾ ഏറ്റെടുക്കും. എന്നാൽ എ.ഐ അധിഷ്ഠിതമായ 23 ലക്ഷം തൊഴിലവസരം പുതുതായി സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതായത് തൊഴിൽ മാർക്കറ്റിനനുസരിച്ചുള്ള നൈപുണ്യം നേടിയെടുക്കണമെന്ന് സാരം.
ട്രേഡ്സ്, മെഷിൻ ഓപറേഷൻ, അഡ്മിനിസ്ട്രേറ്റിവ് ജോലികൾ എന്നിവയാകും ഏറെയും മെഷിനുകളോ സോഫ്റ്റ്‍വേറുകളോ ഏറ്റെടുക്കുക. ഓട്ടോമേഷന്‍ ഏറ്റവും സാധ്യതയുള്ള തൊഴിലുകളില്‍ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റുമാര്‍, ഫാക്ടറി, മെഷിന്‍ ഓപറേറ്റര്‍മാര്‍, വെയര്‍ഹൗസ് തൊഴിലാളികള്‍, കാഷ്യര്‍മാര്‍, പ്ലംബിങ്, റൂഫിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. സാധാരണയായി ഒരേ രീതിയിൽ ചെയ്യുന്ന ജോലികളാണിവ. പാറ്റേണുകൾ പിന്തുടരുന്നതിനാൽ എ.ഐ, റോബോട്ടിക്സ് എന്നിവ ഈ തൊഴിലുകൾ വൈകാതെ ഏറ്റെടുത്തേക്കും.
സർഗ്ഗാത്മകത, വൈകാരിക ബുദ്ധി, സങ്കീർണ വിഷയങ്ങളിൽ തീരുമാനമെടുക്കൽ എന്നിവ ആവശ്യമുള്ള തൊഴിലുകൾക്ക് എ.ഐ വെല്ലുവിളിയാകില്ല. നിയമം, മാനേജ്മെന്റ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മനഃശാസ്ത്രം എന്നീ മേഖലകളിൽ തൊഴിലവസരം കൂടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജോലി നഷ്ടപ്പെട്ടില്ലെങ്കിലും, ആ തൊഴിൽ രംഗത്ത് ജോലി ചെയ്യുന്നതിന് എ.ഐയെ കൂടുതലായി ആശ്രയിച്ചേക്കും. ഉദാഹരണത്തിന്, അഭിഭാഷകരും കൺസൾട്ടന്റുമാരും ഗവേഷണം, ഡോക്യുമെന്റ് ഡ്രാഫ്റ്റിങ്, ഡേറ്റ വിശകലനം എന്നിവ കൈകാര്യം ചെയ്യുന്നതിന് എ.ഐ ടൂളുകളെ വളരെയധികം ആശ്രയിച്ചേക്കാം. ഇത് ജൂനിയർ സപ്പോർട്ട് റോളുകളെ ഇല്ലാതാക്കാം.
എന്നാൽ എ.ഐ മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ പലപ്പോഴും അതിശയോക്തിപരമായി പറയപ്പെടാമെന്ന് റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളായ ജൂഡ് ഹിലാരി മുന്നറിയിപ്പ് നൽകി. കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾ കൂടുതൽ വെല്ലുവിളി നേരിടുമ്പോൾ, പുതിയ തസ്തികകൾക്കായി അവർ എങ്ങനെ നൈപുണ്യം നേടുമെന്നതാണ് വലിയ ആശങ്ക. ജോലി നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ, തൊഴിൽ വിപണിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് കാര്യമായ തടസങ്ങൾ നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേരത്തെ സമാന രീതിയിൽ എ.ഐ കാരണം വലിയ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് സ്റ്റബിലിറ്റി എ.ഐ സഹ സ്ഥാപകൻ ഇമാദ് മുസ്താഖും അഭിപ്രായപ്പെട്ടിരുന്നു. നിർമിതബുദ്ധി ലോകത്തിന് സമൃദ്ധി സമ്മാനിക്കുമെന്ന വാദത്തെ മുസ്താഖ് ഖണ്ഡിച്ചു. എ.ഐ എല്ലാ സാമൂഹിക-സാമ്പത്തിക ക്രമങ്ങളും അട്ടിമറിക്കുമെന്നാണ്, ബംഗ്ലാദേശ് വംശജനായ ഇമാദ് മുന്നറിയിപ്പ് നൽകുന്നത്. എ.ഐ കാരണമുള്ള തൊഴിലില്ലായ്മയുടെ ലക്ഷണങ്ങൾ അടുത്തവർഷം തൊട്ടുതന്നെ കാണാൻ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. തുടർന്നുള്ള വർഷങ്ങളിൽ അത് രൂക്ഷമാകുമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

