ട്രെൻഡിങ്ങായി ഐഫോൺ എയർ ഡിസൈൻ; പിന്നിൽ അബിദുർ ചൗധരി!
text_fieldsഅബിദുർ ചൗധരി
ഐഫോൺ 17 സീരിസ് ലോഞ്ചിൽ 17 സീരിസുകൾക്കൊപ്പം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയതാണ് അബിദുർ ചൗധരി എന്ന പേര്. സ്റ്റേജിൽ അയാളുടെ സാന്നിധ്യമില്ലായിരുന്നു, വേദിയില്‍ പ്രദർശിപ്പിച്ച വിഡിയോയില്‍ അയാളുടെ ശബ്ദവും 'അബിദുർ ചൗധരി' എന്ന പേരും മാത്രമാണ് കേൾക്കാനായത്.
'ഭാവിയുടെ ഭാഗം പോലെ തോന്നിക്കുന്ന ഒരു ഐഫോൺ നിർമിക്കൂ' എന്നാണ് കമ്പനി തന്നോട് ആവശ്യപ്പെട്ടത് എന്നാണ് അബിദുർ ചൗധരി പറഞ്ഞത്. എന്നാൽ കമ്പനിയുടെ ആവശ്യത്തിനോട് നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ടെന്ന് ഐഫോൺ എയർ ഡിസൈൻ വ്യക്തമാക്കുന്നത്.
ഐഫോൺ 17 സീരിസിന്‍റെ ലോഞ്ചിങിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു ഐഫോൺ എയർ. ഐ ഫോണുകളിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കനം കുറഞ്ഞ മോഡലാണ് ഐഫോൺ എയറിനുള്ളത്. വിപണിയിലെ തന്നെ ഏറ്റവും കനം കുറഞ്ഞ ഫോണാണ് ഇതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ടൈറ്റാനിയം കേസിങ് വരുന്ന ഈ മോഡലിന് 1,19,900 രൂപയാണ് വില വരുന്നത്. സവിശേഷതകളാൽ സമ്പന്നമായ ഐഫോൺ എയറിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ ഡിസൈൻ തന്നെയാണ്.
മുൻ മോഡലുകളേക്കാൾ മൂന്നിലൊന്ന് കനം കുറവാണ് ഈ പുതിയ മോഡലിന്.എ. ഐ സഹായത്തോടെ ഫോട്ടാഗ്രഫി മെച്ചപ്പെടുത്താൻ കഴിയുന്ന ടെലിഫോട്ടോ ലെൻസുള്ള ഒരൊറ്റ ക്യാമറയാണ് ഈ മോഡലിനുള്ളത്. 256 ജിബി, 3,149 എം.എ.എച്ച് ബാറ്ററിയുമാണ് ഉള്ളത്.
ഐഫോൺ എയർ സി.ഇ.ഒ ടിം കൂക്ക് അവതരിപ്പിച്ചതിന് ശേഷം അതിന്‍റെ ഡിസൈനിങ് യാത്രയെക്കുറിച്ച് അബിദുർ ചൗധരി വ്യക്തമാക്കി.
ആരാണ് അബിദുർ ചൗധരി?
ഇംഗ്ലണ്ടിലെ ലണ്ടനിൽ ജനിച്ചു വളർന്ന അബിദുർ ചൗധരി ഇപ്പോൾ സാൻ ഫ്രാൻസിസ്കോയിൽ ഡിസൈനറായി ജോലി ചെയ്യുന്നു. 'പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ഇഷ്ടപ്പെടുന്ന' ഒരാളായി തന്നെ പരിചയപ്പെടുത്താനാണ് അബിദുർ ഇഷ്ട്ടപ്പെടുന്നത്. ആളുകൾക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഉൽപന്നങ്ങൾ നിർമിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
ലോബ്രോ സർവകലാശാലയിൽ നിന്ന് പ്രൊഡക്റ്റ് ഡിസൈനിങ്ങ് ആൻഡ് ടെക്നോളജിയിൽ ബാച്ചിലേഴ്സ് ബിരുദം നേടി. വിദ്യാർഥിയായിരിക്കെ പ്രൊഡക്റ്റ് ഡിസൈനിങ്ങിനുള്ള 3ഡി ഹബ്സ് സ്റ്റുഡന്റ് ഗ്രാന്റ്, ജെയിംസ് ഡൈസൺ ഫൗണ്ടേഷൻ ബർസറി, ന്യൂ ഡിസൈനേഴ്‌സ് കെൻവുഡ് അപ്ലയൻസസ് അവാർഡ്, സെയ്‌മൂർ പവൽ ഡിസൈൻ വീക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കി. പ്ലഗ് ആൻഡ് പ്ലേ ഡിസൈനിന് 2016 ൽ റെഡ് ഡോട്ട് ഡിസൈൻ അവാർഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
യുകെയിലെ കേംബ്രിഡ്ജ് കൺസൾട്ടന്റ്സിലും കുർവെന്റയിലും ഇന്റേൺ ആയി പ്രവർത്തിച്ച അദ്ദേഹം പിന്നീട് ലണ്ടനിലെ ലെയർ ഡിസൈനിൽ ഇൻഡസ്ട്രിയൽ ഡിസൈനറായി ജോലി ചെയ്തു. 2018 മുതൽ 2019 വരെ ഫ്രീലാൻസ് ഇൻഡസ്ട്രിയൽ ഡിസൈൻ കൺസൾട്ടന്റായി ജോലി ചെയ്തു.
2019 ജനുവരിയിൽ കാലിഫോർണിയയിലെ കുപെർട്ടിനോയിൽ ആപ്പിളിൽ ഇൻഡസ്ട്രിയൽ ഡിസൈനറായി സോലിയിൽ പ്രവേശിച്ചു. ഐഫോൺ എയർ ഉൾപ്പെടെ കമ്പനിയുടെ ഏറ്റവും നൂതനമായ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

