ഹോങ്കോങ് സിറ്റിയിൽ നടന്ന ഇതുവരെയുള്ള ഏറ്റവും വലിയ ഫോൺ സ്കാമിന് ഇരയായത് 90 വയസുകാരിയായ സ്ത്രീ. അവർക്ക് നഷ്ടമായ തുകയാകട്ടെ 241 കോടി രൂപയും. ഹോങ്കോങ്ങിലെ പോഷ് ഏരിയയായ 'ദ പീക്കിലെ' കൊട്ടാര സദൃശ്യമായ വീട്ടിൽ താമസിക്കുന്ന വൃദ്ധയെ ചൈനീസ് ഒഫീഷ്യൽസ് എന്ന വ്യാജേന തട്ടിപ്പുകാർ ഫോണിലൂടെ സമീപിക്കുകയായിരുന്നു.
ചൈനയിൽ നടന്ന ഒരു പ്രമാദമായ ക്രിമിനൽ കേസിൽ പൊതു സുരക്ഷാ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ചില സ്കാമർമാർ വൃദ്ധയുടെ ഐഡന്‍റിറ്റി ഉപയോഗിച്ചു എന്നാണ് അവർ പറഞ്ഞു വിശ്വസിപ്പിച്ചത്. ആ കേസ് അന്വേഷിക്കുന്ന ടീമിന്‍റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാനും പിന്നീട് അവർ ആവശ്യപ്പെട്ടു.
ദിവസങ്ങൾക്ക് ശേഷം ഒരാൾ സ്ത്രീയുടെ വീട്ടിലെത്തി, ഒരു മൊബൈൽ ഫോണും സിം കാർഡും അവർക്ക് നൽകി. തട്ടിപ്പുകാരുമായി ബന്ധപ്പെടാനായിരുന്നു അത്. അവർ അതിലൂടെ വൃദ്ധയുടെ അക്കൗണ്ടിൽ നിന്നും 11 ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫറുകൾ നടത്തിയെടുത്ത് 241 കോടി രൂപയാണ് കവർന്നത്. അഞ്ച് മാസങ്ങളെടുത്താണ് അത്രയും തുക തട്ടിപ്പുകാർ പോക്കറ്റിലാക്കിയത്. ഹോങ്കോങ് സിറ്റിയിലെ തന്നെ ഏറ്റവും വലിയ ഫോൺ സ്കാമിനാണ് 90 വയസുകാരി അതിലൂടെ ഇരയായത്.
സിറ്റിയിൽ ഇത്തരത്തിൽ നിരവധി വൃദ്ധരായ ബില്യണയർമാർ താമസിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. തട്ടിപ്പുകാർക്ക് പണം അപഹരിക്കാൻ അത് എളുപ്പമാക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 2021ന്‍റെ ആദ്യ പകുതിയിൽ ഹോങ്കോങ്ങിലെ ഫോൺ തട്ടിപ്പുകളിൽ 18 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.