ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 10 ഉപഗ്രഹങ്ങൾ -ഐ.എസ്.ആർ.ഒ മേധാവി
text_fieldsഇംഫാൽ: ഞായറാഴ്ച ഇംഫാലിൽ നടന്ന സെൻട്രൽ അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയുടെ (സി.എ.യു) അഞ്ചാമത് ബിരുദദാന ചടങ്ങിൽ പ്രസംഗിക്കവേ, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുറഞ്ഞത് 10 ഉപഗ്രഹങ്ങളെങ്കിലും തന്ത്രപരമായ ആവശ്യങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) ചെയർമാൻ വി. നാരായണൻ പറഞ്ഞു.
'രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ, നമ്മുടെ ഉപഗ്രഹങ്ങൾ വഴി സേവനം നൽകണം. 7,000 കിലോമീറ്റർ കടൽത്തീര പ്രദേശങ്ങൾ നിരീക്ഷിക്കണം. വടക്കൻ ഭാഗം മുഴുവൻ തുടർച്ചയായി നിരീക്ഷിക്കണം. ഉപഗ്രഹ, ഡ്രോൺ സാങ്കേതികവിദ്യ ഇല്ലാതെ നമുക്ക് അത് നേടാൻ കഴിയില്ല'-വി. നാരായണൻ പറഞ്ഞു.
ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ, ചന്ദ്രയാൻ-1 ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിൽ ജല തന്മാത്രകളുടെ തെളിവുകൾ കണ്ടെത്തിയെന്നും, അങ്ങനെ ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും 2040 ഓടെ ആദ്യത്തെ ബഹിരാകാശ നിലയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ 34 രാജ്യങ്ങൾക്കായി 433 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.