58 കോടി വ്യാജ അക്കൗണ്ടുകൾ അടച്ചുപൂട്ടി –ഫേസ്ബുക്ക്
text_fieldsപാരിസ്: ഇൗ വർഷം ആദ്യ മൂന്നു മാസത്തോടെത്തന്നെ 58.3 കോടി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായി ഫേസ്ബുക്ക് അറിയിച്ചു. വിദ്വേഷ പ്രസംഗത്തിനും ഭീകരവാദ പ്രചാരണത്തിനും ആക്രമോത്സുക സന്ദേശങ്ങൾക്കും ലൈംഗിക അതിപ്രസരത്തിനുമെതിരെ സാമൂഹിക ഗുണനിലവാരം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണിതെന്ന് ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. എന്നാൽ, ഇനിയും മൂന്ന്-നാല് ശതമാനം വ്യാജ അക്കൗണ്ടുകൾ അവശേഷിക്കുന്നുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
കേംബ്രിജ് അനലറ്റിക വിവര സ്വകാര്യത ആരോപണത്തെ തുടർന്ന് ഉയർന്ന സുതാര്യത ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫേസ്ബുക്ക് അധികൃതർ. നൂറു ശതമാനം സ്പാമുകളും കണ്ടെത്തുകയും സ്പാമുകളായി പരിണമിച്ച 83.7 കോടി പോസ്റ്റുകൾ ഒഴിവാക്കുകയും ചെയ്തു. 34 കോടിയോളം വരുന്ന ആക്രമോത്സുകമായ ഗ്രാഫിക്സ് ഉൾപ്പെടുന്ന പോസ്റ്റുകൾക്കെതിരെ പ്രവർത്തിക്കാൻ നിർമിത ബുദ്ധി ഉപയോഗിച്ച് മെച്ചപ്പെടുത്തിയ സാേങ്കതികവിദ്യ സഹായകരമായിട്ടുണ്ട്. ഫേസ്ബുക്ക് നടപടിയെടുത്തവയിൽ 38 ശതമാനം മാത്രമാണ് സ്വന്തം പരിശ്രമത്താൽ കണ്ടെത്തിയത്. ബാക്കിയെല്ലാം ഉപയോക്താക്കൾ ശ്രദ്ധയിൽപെടുത്തിയതാണ്.