Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightന്യൂയോര്‍ക്ക്...

ന്യൂയോര്‍ക്ക് ചീസ്കേക്ക് നെയ്യപ്പമാകുമോ?

text_fields
bookmark_border
sheena.jpg
cancel

ഇംഗ്ളീഷ് അക്ഷരമാലാക്രമത്തില്‍ മധുരപലഹാരങ്ങളുടെ പേരുകളിലാണ് ഓരോ ആന്‍ഡ്രോയിഡ് പതിപ്പും അറിയപ്പെടുക. അവസാനമിറങ്ങിയ ആന്‍ഡ്രോയിഡ് 6.0 പതിപ്പ് മാര്‍ഷ്മലോ എന്ന പഞ്ഞിമിഠായിയുടെ പേരാണ് സ്വീകരിച്ചത്്. ഇത്തവണയും ആന്‍ഡ്രോയിഡ് എന്നിന്‍െറ പേരുകളെ ചൊല്ലി അഭ്യൂഹങ്ങള്‍ക്ക് പഞ്ഞമില്ല. ശര്‍ക്കരയും അരിയും ചേര്‍ത്തുണ്ടാക്കുന്ന നെയ്യപ്പത്തിന്‍െറ പേരിടാന്‍ അഭിപ്രായംതേടല്‍ തകൃതിയാണ്. ആന്‍ഡ്രോയിഡിന്‍െറ ഓദ്യോഗിക വെബ്സൈറ്റില്‍ സാധ്യതയുള്ള പേരുകളില്‍ നെയ്യപ്പവുമുണ്ട്. ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പ് വഴിയാണ് ആന്‍ഡ്രോയിഡ് എന്നിന് പേരിടുക എന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ കഴിഞ്ഞവര്‍ഷമേ വ്യക്തമാക്കിയിരുന്നു. android.com/n. എന്ന ലിങ്കില്‍ കയറിയാല്‍ ആര്‍ക്കും പേരിടാം. ജൂണ്‍ ഒമ്പത് 12.29 പിഎം വരെയാണ് ഇതിന് സമയം. സോഷ്യല്‍ മീഡിയയിലും ട്വിറ്ററില്‍ കേരള ടൂറിസവും നെയ്യപ്പം എന്ന പേരിനായി സജീവമാണ്.  നെയ്യപ്പമെന്ന പേരിനെ പ്രോത്സാഹിപ്പിക്കാന്‍ androidneyyappam.com എന്ന വെബ്സൈറ്റും തുറന്നിട്ടുണ്ട്. നെപ്പോളിയന്‍, നട്ട് ബ്രിട്ടില്‍, നാക്കോസ്, നോറി, നൂഡില്‍സ്, നഗട്ട്, നീപൊളിറ്റന്‍ ഐസ്ക്രീം എന്നീ പേരുകള്‍ മാസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ന്യൂട്ടെല്ല എന്ന പേര് ആദ്യമേ ഗൂഗിള്‍ തള്ളിക്കളഞ്ഞിരുന്നു. കൂടുതല്‍ പേര്‍ നിര്‍ദേശിക്കുന്ന പേരിലായിരിക്കും പുതിയ പതിപ്പ് അറിയപ്പെടുക.  
ന്യൂയോര്‍ക്ക് ചീസ്കേക്ക് എന്ന പേരിലാണ് പിന്നണിയിലുള്ള ഗൂഗിള്‍ സംഘം വിളിക്കുന്നത്. കിറ്റ്കാറ്റിനെ കീ ലൈംപൈ, ലോലിപോപിനെ ലമണ്‍ മെറിങ് പൈ, മാര്‍ഷ്മലോയെ മക്കാഡമിയ നട്ട് കുക്കീ എന്നീ പേരുകളിലാണ് നാമകരണത്തിന് മുമ്പ് അവര്‍ വിശേഷിപ്പിച്ചിരുന്നത്. സവിശേഷതകള്‍ ഇവയാണെന്നാണ് സൂചനകള്‍. 

വിര്‍ച്വല്‍ റിയാലിറ്റി
വിര്‍ച്വല്‍ റിയാലിറ്റി സംവിധാനം കൊണ്ടുവരാന്‍ ഡേ ഡ്രീം എന്ന പ്ളാറ്റ്ഫോം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാംസങ്, എച്ച്.ടി.സി, എല്‍ജി, ഷിയോമി, ഹ്വാവെ എന്നിവ ഡേ ഡ്രീം പിന്തുണയുള്ള സ്മാര്‍ട്ട്ഫോണുകളുടെ പണിപ്പുരയിലാണ്. 

സ്പ്ളിറ്റ് സ്ക്രീന്‍ മോഡ്
ഒരു വിന്‍ഡോയില്‍ പല ആപ്പുകള്‍ തുറക്കാന്‍ സാംസങ്, എല്‍ജി ഫോണുകളില്‍ പറ്റും. എന്നാല്‍ ഈ സംവിധാനം ഗൂഗിള്‍ കൊണ്ടുവരുന്നത് ആന്‍ഡ്രോയിഡ് എന്നിലാണ്. ഒരേസമയം രണ്ട് ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന ഈ സ്പ്ളിറ്റ് സ്ക്രീന്‍ മോഡാണ് ഏറ്റവും പ്രധാന സവിശേഷത എന്നാണ് സൂചന. വീഡിയോ കാണുമ്പോള്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിടാനും കഴിയും. 

കൂടുതല്‍ ക്വിക് സെറ്റിങ് ഓപ്ഷനുകള്‍
നോട്ടിഫിക്കേഷന്‍ പാനലില്‍ ഇനി കൂടുതല്‍ സെറ്റിങ്സുകള്‍ ലഭിക്കും. വൈ ഫൈ, നെറ്റ്വര്‍ക് സ്റ്റാറ്റസ്, ബാറ്ററി, ഫ്ളാഷ്ലൈറ്റ് എന്നിവക്ക് പുറമേ ഒരു ഡ്രോപ് ഡൗണ്‍ ബട്ടണും കാണാം. ഈ ബട്ടണില്‍ ടാപ് ചെയ്താല്‍ കുടുതല്‍ സെറ്റിങ്സുകള്‍ ലഭിക്കും. ഒറ്റ സ്ക്രീനില്‍ ഒമ്പത് സെറ്റിങ്സുകളാണ് കാണാന്‍ കഴിയുക.

പരിഷ്കരിച്ച നോട്ടിഫിക്കേഷന്‍
ഫേസ്ബുക്കും ട്വിറ്ററും വാട്സ്ആപും അയക്കുന്ന നോട്ടിഫിക്കേഷനുകള്‍ തെരഞ്ഞുപിടിക്കാന്‍ ഇനി വിഷമമില്ല. ഇതിനായി ആന്‍ഡ്രോയിഡ് എന്നില്‍ ‘ബണ്ടില്‍ഡ് നോട്ടിഫിക്കേഷന്‍’ സംവിധാനമുണ്ട്. ആന്‍ഡ്രോയിഡ് വെയര്‍ ഉപകരണങ്ങളായ സ്മാര്‍ട്ട് വാച്ചുകളില്‍ കണ്ട ‘നോട്ടിഫിക്കേഷന്‍ സ്റ്റാക്സി’ന് സമമാണിത്. മെനു എടുത്ത് ഓരോ ആപ്പിന്‍െറയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാം. ബണ്ടിലില്‍ ടാപ് ചെയ്താല്‍ ഇഷ്ടമുള്ള അലര്‍ട്ട് എടുത്ത് വായിക്കാനും മറുപടി അയക്കാനും കഴിയും. സ്ഥലം ലാഭിക്കാന്‍ അടുക്കക്കടുക്കായാണ് ഇവ പ്രത്യക്ഷപ്പെടുക. എക്സ്പാന്‍ഷന്‍ ബട്ടണ്‍ വഴിയോ വിരല്‍ ഉപയോഗിച്ചോ ഇത് ഓരോന്നും വികസിപ്പിക്കാം. 

ബാറ്ററി കൂടുതല്‍ നില്‍ക്കും
മാര്‍ഷ്മലോയില്‍ കണ്ട ഡോസ് എന്ന ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം പരിഷ്കരിച്ചിട്ടുണ്ട്. നെറ്റ്വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും ഡോസ് തടയുകയാണ് ചെയ്യുക. അതിന് ഫോണ്‍ ഉപയോഗിക്കാത്തപ്പോള്‍ അനക്കാതെ മേശപ്പുറത്ത് വെക്കണമായിരുന്നു. ഉപയോഗിക്കാതെ പോക്കറ്റില്‍ സൂക്ഷിച്ചാലും അനങ്ങുന്നതിനാല്‍ ഡോസ് ബാറ്ററി ചാര്‍ജ് കുറച്ചിരുന്നില്ല. ഇനി ഫോണ്‍ ഉപയോഗിക്കാതെ അനക്കാതെ വെക്കുമ്പോള്‍ മാത്രമല്ല, ചലിച്ചാലും എപ്പോള്‍ സ്ക്രീന്‍ ഓഫാകുന്നുവോ അപ്പോള്‍ ഡോസ് പ്രവര്‍ത്തിക്കും. 

പുതിയ റീസന്‍റ് ആപ്
സാധാരണ സ്ക്രീനിന്‍െറ അടിയില്‍ കാണുന്ന റീസന്‍റ് ആപ് ബട്ടണ്‍ സൗകര്യങ്ങളും പരിഷ്കരിച്ചു. ഉപയോഗിച്ച ആപ്പുകള്‍ അടുക്കടുക്കായി കാട്ടുന്നതാണ് ഈ ബട്ടണ്‍. റീസന്‍റ് ബട്ടണില്‍ ഡബ്ള്‍ ടാപ് ചെയ്താല്‍ അവസാനം എടുത്ത ആപ് തുറന്നുവരും. ഒരു ആപ് തുറന്ന ശേഷം വീണ്ടും ബട്ടണില്‍ ഡബ്ള്‍ ടാപ് ചെയ്താല്‍ അവസാനത്തിനുമുമ്പ് എടുത്ത ആപ്പാകും തുറന്നുവരിക. റീസന്‍റ് ആപ് മെനുവില്‍ അമര്‍ത്തിയാല്‍ അടുത്തസമയത്ത് ഉപയോഗിച്ച ആപ്പുകളുടെ എല്ലാം മെനു തുറക്കും. റീസന്‍റ് ആപ്സ് കീയില്‍ ഞെക്കിയാല്‍ ഈ ആപ്പുകളിലൂടെ വിരലോടിച്ച് മാറാനും കഴിയും. വിരല്‍ എടുത്താല്‍ തെരഞ്ഞെടുത്ത ആപ് ഫുള്‍ സ്ക്രീനില്‍ തുറന്നുവരും. 

നേറ്റീവ് ഫയല്‍ മാനേജറില്‍ പരിഷ്കാരങ്ങള്‍
മാര്‍ഷ്മലോ മുതലാണ് നേറ്റിവ് ഫയല്‍ മാനേജര്‍ ആന്‍ഡ്രോയിഡിന്‍െറ ഒപ്പം കൂടിയത്. എന്നാല്‍ ഫയല്‍ കോപ്പി ചെയ്യലും ഫോള്‍ഡറില്‍ തിരയലും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളേ അതിലുണ്ടായിരുന്നുള്ളൂ. ഹാംബര്‍ഗര്‍ മെനു, ഫയല്‍ ടൈപ്പും ഫോള്‍ഡറും മനസിലാക്കി പരതല്‍, ഫയല്‍ മൂവ്, ഷെയര്‍ ചെയ്യല്‍, ഗൂഗിള്‍ ഡ്രൈവ് സൗകര്യങ്ങള്‍ എന്നിവയുണ്ട്. ഒരേസമയം പലകാര്യങ്ങള്‍ക്ക് ഫയല്‍ ബ്രൗസര്‍ ഉപയോഗിക്കാം. 

ഫോണ്‍ നമ്പര്‍ ബ്ളോക്കിങ്
ആന്‍ഡ്രോയിഡ് എന്നില്‍ സിസ്റ്റം തലത്തില്‍ ഡയലര്‍, ഹാങ്ങൗട്ട്, മെസഞ്ചര്‍ ആപ്പുകളില്‍നിന്ന് നേരിട്ട് ഫോണ്‍ നമ്പറുകള്‍ ബ്ളോക്ക്ചെയ്യാം. ഇങ്ങനെ ബ്ളോക്ക് ചെയ്താല്‍ മറ്റ് ആപ്പുകളും വൈബര്‍, വാട്സ് ആപ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്പുകളും വരെ തനിയെ ആ നമ്പര്‍ ബ്ളോക്ക് ചെയ്യും. പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് മാറിയാലും ഇത് തുടരാം. 

ലോക്ക് സ്ക്രീനില്‍ എമര്‍ജന്‍സി കോണ്ടാക്ട്
ശാരീരിക വിവരങ്ങളും അടിയന്തരഘട്ടങ്ങളില്‍ പ്രയോജനപ്പെടുന്ന ആളുടെ നമ്പരും ഫോണ്‍ തുറക്കാതെ ലോക്ക് സ്ക്രീനില്‍ ലഭിക്കും. പേര്, രക്തഗ്രൂപ്പ്, വിലാസം, ജനനതീയതി, അലര്‍ജി തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ കാണാം. ഇതിന് സെറ്റിങ്സില്‍ ചെന്ന് എമര്‍ജന്‍സി ഇന്‍ഫര്‍മേഷന്‍ ഓപ്ഷന്‍ സെലക്ട് ചെയ്യണം. വിവരങ്ങള്‍ പൂരിപ്പിച്ച് എമര്‍ജന്‍സി കോണ്ടാക്ട് നമ്പരും നല്‍കിയാല്‍ മതി. ഇനി നിങ്ങള്‍ അപകടത്തില്‍പെട്ട് സംസാരിക്കാന്‍ പറ്റാതായാല്‍ ആരെങ്കിലും ഫോണെടുത്ത് ഡയലര്‍ തുറന്നാല്‍ സഹായത്തിന് നമ്പരും വിവരങ്ങളും ലഭിക്കും.  

ഒപ്റ്റിമൈസിങ് ആപ് ശല്യമില്ല
ആന്‍ഡ്രോയിഡ് പതിപ്പുകളായ കിറ്റ്കാറ്റിലും ലോലിപോപിലും മാര്‍ഷ്മലോയിലും വരെ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ റീസ്റ്റാര്‍ട്ട് വന്നു കഴിഞ്ഞ് ആപ് ഒപ്റ്റിമൈസിങ്ങിന് ഏറെ സമയമെടുക്കാറുണ്ട്. ഇനി അതില്ല. ആന്‍ഡ്രോയിഡ് എന്നില്‍ ഈ വൈകല്‍ ഒഴിവാക്കി റീസ്റ്റാര്‍ട്ടും ഇന്‍സ്റ്റാളും വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ ആപ്പുകള്‍ കുറഞ്ഞസമയത്തിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. 

ഇതുവരെയിറങ്ങിയ പതിപ്പുകള്‍
2007 നവംബറിലാണ് പരീക്ഷണപതിപ്പ് പുറത്തിറങ്ങുന്നത്. 2008 സെപ്റ്റംബറിലാണ് ആദ്യ പതിപ്പ് ആന്‍ഡ്രോയിഡ് 1.0 വെളിച്ചത്തുവരുന്നത്. 2014 നവംബറിലാണ് ലോലിപോപിന്‍െറ രംഗപ്രവേശം. ആന്‍ഡ്രോയിഡ് 1.0, 1.1 എന്നീ ആദ്യ പതിപ്പുകള്‍ക്ക് പേരിട്ടിട്ടില്ളെങ്കിലും എ, ബി എന്നീ അക്ഷരങ്ങളായും ഒന്നും രണ്ടും പതിപ്പുകളായുമാണ് പരിഗണിക്കുന്നത്. 
3. കപ്കേക്ക് (ആന്‍ഡ്രോയിഡ് 1.5) 4. ഡോനട്ട് (1.6), 5.എക്ളയര്‍ (2.0, 2.1), 6. ഫ്രോയോ(2.2), 7. ജിഞ്ചര്‍ബ്രെഡ്(2.3), 8. ഹണികോംബ്(3.0, 3.1, 3.2), 9. ഐസ്ക്രീം സാന്‍വിച്ച് (4.0), 10.ജെല്ലിബീന്‍ (4.1, 4.2, 4.3), 11 കിറ്റ്കാറ്റ് (4.4), 12 ലോലിപോപ്പ് (5.0, 5.1), 13. മാര്‍ഷ്മലോ (6.0 , 6.1)എന്നിവയാണ് ഇതുവരെയുള്ള പതിപ്പുകള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:android nneyyappamandroid new version
Next Story