Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസ്മാര്‍ട്ട്ഫോണ്‍...

സ്മാര്‍ട്ട്ഫോണ്‍ 4Kയില്‍, ടി.വി 8Kയില്‍

text_fields
bookmark_border
സ്മാര്‍ട്ട്ഫോണ്‍ 4Kയില്‍, ടി.വി 8Kയില്‍
cancel

ഫോര്‍കെ എന്ന അള്‍ട്രാ ഹൈ ഡെഫനിഷന്‍ ടി.വികളും ദൃശ്യങ്ങളും പ്രചാരത്തിലാവുന്നതേയുള്ളൂ. എക്സ്പീരിയ സെഡ് 5 പ്രീമിയം എന്ന ഫോര്‍കെ ഡിസ്പ്ളേയുള്ള സ്മാര്‍ട്ട്ഫോണ്‍ സോണി ഇറക്കിട്ടേയുള്ളൂ. അപ്പോഴാണ് ജപ്പാന്‍ കമ്പനി ഷാര്‍പ്പ് ഫോര്‍കെ (4K)യിലും മിഴിവുള്ള ദൃശ്യങ്ങളുമായി എട്ട് കെ (8K) അള്‍ട്രാ ഹൈ ഡെഫനിഷന്‍ ടി.വിയുമായി അമ്പരപ്പിക്കാന്‍ വരുന്നത്. ഏകദേശം 90 ലക്ഷം വിലയുള്ള എട്ട് കെ ടി.വി ഒക്ടോബര്‍ 31ന് വിപണിയില്‍ ഇറക്കുമെന്നാണ് ഷാര്‍പ്പിന്‍െറ പ്രഖ്യാപനം.  LV-85001 എന്ന് മോഡല്‍ നമ്പരുള്ള ഈ  ലോകത്തെ ആദ്യ എട്ട് കെ ടി.വി ജപ്പാനിലാണ് ഇറക്കുന്നത്. 7680x4320 പിക്സല്‍ റസലൂഷനുള്ള 85 ഇഞ്ച് ടി.വിക്ക് ഒരു ഇഞ്ചില്‍ 104 പിക്സലാണ് വ്യക്തത. നാല് എച്ച്ഡിഎംഐ 2.0 കേബിളുകള്‍ ഉപയോഗിച്ചാണ് ഈ ടി.വിയിലേക്ക് ദൃശ്യങ്ങള്‍ കൈമാറുന്നത്. 


3840 X 2160 പിക്സലാണ് ഫോര്‍കെ അള്‍ട്രാ എച്ച്.ഡി റസലൂഷന്‍. ഇതിന്‍െറ ഇരട്ടിയാണ് എട്ട് കെ റസലൂഷന്‍. ഇത് ടി.വിക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുമുള്ള ഫോര്‍മാറ്റാണെങ്കില്‍ മള്‍ട്ടിപ്ളക്സുകള്‍ അടക്കമുള്ള തിയറ്ററുകളിലെ ഫോര്‍കെ ചലച്ചിത്രങ്ങളുടെ റസലൂഷന്‍ 4096 x 2160 പിക്സല്‍ വരും. എട്ട് കെ തിയറ്റുകളില്‍ വരുമ്പോള്‍ എട്ട് കെ ഫുള്‍ഡോം എന്ന പേരിലാണ് അറിയപ്പെടുക. 8192 X 8192 ആണ് ഇതിന്‍െറ റസലൂഷന്‍. പ്ളാനറ്റേറിയങ്ങളിലെ പോലെ അര്‍ധഗോളാകൃതിയില്‍ മുകളില്‍ ചുറ്റിനുമാണ് ഫുള്‍ഡോം തിയറ്ററിന്‍െറ സ്ക്രീന്‍. ഷാര്‍പ് ടി.വിയുടെ വിലക്ക്  49 ഇഞ്ചുള്ള മൈക്രോമാക്സിന്‍െറ ഫോര്‍കെ ടി.വി 180 എണ്ണം കിട്ടുമെന്ന് ഓര്‍ക്കുക. സാംസങ്, എല്‍ജി, സോണി, ഷിയോമി തുടങ്ങിയ കമ്പനികളും ഫോര്‍കെ ടി.വികള്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ വന്‍ വിലയാണ് ആളുകളെ അകറ്റുന്നത്. ഫുള്‍ എച്ച്.ഡി ടി.വി തന്നെ ഇന്ത്യയില്‍ പല വീടുകളിലും എത്തുന്നതേയുള്ളൂ. അതിനാല്‍ ഫോര്‍കെയെക്കുറിച്ചും എട്ട് കെയെക്കുറിച്ചും ചിന്തിക്കാന്‍ സമയമെടുക്കും. എന്നാല്‍ ഈ എട്ട് കെ ടി.വിയില്‍ കാണാന്‍ പറ്റുന്ന തരത്തിലുള്ള എട്ട് കെ ദൃശ്യങ്ങള്‍ പരിമിതമാണ്. ഫോര്‍കെ റസലൂഷനിലുള്ള ചാനല്‍ സംപ്രേഷണം തന്നെ ചില കമ്പനികള്‍ ചെറിയതോതില്‍ ആരംഭിച്ചിട്ടേയുള്ളൂ. ഈവര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ സാംസങ്, സോണി, എല്‍ജി, പാനസോണിക് തുടങ്ങിയ കമ്പനികള്‍ എട്ട് കെ ടി.വി അവതരിപ്പിച്ചിരുന്നു. 2014ല്‍ ജര്‍മനിയിലെ ബര്‍ലിനില്‍ നടന്ന ഐ.എഫ്.എ വാണിജ്യമേളയില്‍ എല്‍ജി 98 ഇഞ്ചുള്ള എട്ട് കെ ടി.വി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം ടി.വി ആദ്യമായി വിപണിയില്‍ ഇറക്കിയ പെരുമ സ്വന്തംപേരില്‍ കുറിക്കാന്‍ ഒരുങ്ങുകയാണ് ഷാര്‍പ്പ്. 2012ല്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഷാര്‍പ് 85 ഇഞ്ച് എട്ട് കെ ടി.വിയുടെ പ്രാഥമികരൂപം പുറത്തുകാട്ടിയിരുന്നു. ജപ്പാനിലെ സംപ്രേഷകരായ എന്‍എച്ച്കെ കഴിഞ്ഞവര്‍ഷം എട്ട് കെ സിഗ്നലുകള്‍ പരീക്ഷിച്ചിരുന്നു. 2016 ഓടെ പരീക്ഷണ സംപ്രേഷണത്തിനും ലക്ഷ്യമിടുന്നുണ്ട്. 2020ലെ ടോക്കിയോ ഒളിപിക്സ് ആകുമ്പോഴേക്കും പൂര്‍ണതോതില്‍ സംപ്രേഷണം ആരംഭിക്കുകകയാണ് എന്‍എച്ച്കെയുടെ ലക്ഷ്യം. 


1,920 x 1,280 പിക്സല്‍ റസലൂഷനുള്ള ഫുള്‍ എച്ച്.ഡിയില്‍ നിന്ന് 2,560 x 1,440 പിക്സല്‍ റസലൂഷനുള്ള ക്വാഡ് എച്ച്.ഡി (ടു കെ)യിലേക്ക് സ്മാര്‍ട്ട്ഫോണുകള്‍ കാലെടുത്തുകുത്തിയ സമയത്താണ് ഫോര്‍കെ സ്മാര്‍ട്ട്ഫോണുമായി സോണി എത്തിയത്. അഞ്ചര ഇഞ്ച് ഫോര്‍കെ അള്‍ട്രാ എച്ച്.ഡി റസലൂഷന്‍ ഡിസ്പ്ളേയുള്ള സോണി എക്സ്പീരിയ സെഡ് 5 പ്രീമിയത്തിന് ഒരു ഇഞ്ചില്‍ 806 പിക്സലാണ് വ്യക്തത. സാധാരണ ചിത്രങ്ങള്‍ ഫോര്‍കെയിലേക്ക് മാറ്റി കാട്ടും. 1.5 ജിഗാഹെര്‍ട്സ് നാലുകോറും രണ്ട് ജിഗാഹെര്‍ട്സ് നാലുകോറും അടങ്ങുന്ന എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, ഫോര്‍കെ വീഡിയോ ചിത്രീകരിക്കാവുന്ന 23 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, മുന്ന് ജി.ബി റാം, മെമ്മറി കാര്‍ഡിട്ട് 200 ജി.ബി വരെ കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, രണ്ടുദിവസം നില്‍ക്കുന്ന 3430 എംഎഎച്ച് ബാറ്ററി, 181 ഗ്രാം ഭാരം, ഒരു നാനോ സിം എന്നിവയാണ് ഇതിന്‍െറ വിശേഷങ്ങള്‍. ക്രോം, ബ്ളാക്ക്, ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. നവംബറില്‍ വിപണിയില്‍ ഇറങ്ങുമെന്ന് കരുതുന്ന ഇതിന്‍െറ വിലയെക്കുറിച്ച് സൂചനകളില്ല. 

Show Full Article
TAGS:
Next Story