രണ്ടാം സ്ഥാനത്തിന് ഇന്‍റക്സും മൈക്രോമാക്സും തമ്മിലടി
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണിയില്‍ രണ്ടാംസ്ഥാനത്തിനായി പോര് മുറുകുന്നു. രണ്ടാംസ്ഥാനത്ത് ഇപ്പോഴും തങ്ങളാണെന്ന് മൈക്രോമാക്സ് പറയുമ്പോള്‍ അത് പഴങ്കഥയാണെന്നും കഴിഞ്ഞമാസങ്ങളിലെ കണക്കുകള്‍ പറയുന്നത് തങ്ങള്‍ രണ്ടാം സ്ഥാനത്താണെന്നും ഇന്‍റക്സ് പറയുന്നു. ഇതുവരെ മൂന്നാം സ്ഥാനത്തായിരുന്ന ഇന്‍റക്സ് പുറത്തുനിന്നുള്ള ഏജന്‍സി കണക്കുകളാണ് തെളിവായി കാട്ടുന്നത്. ഡാറ്റ വിശകലന വിദഗ്ധരായ സൈബെക്സ് എക്സിം സൊലൂഷന്‍സിന്‍െറ കണക്കനുസരിച്ച് ഇന്‍റക്സിന്‍െറ ഇറക്കുമതിയും തദ്ദേശ ഉല്‍പാദനവുംകൂടി ജൂലൈ -ആഗസ്റ്റ് മാസങ്ങളില്‍ മൊത്തം 61.24 ലക്ഷം യൂനിറ്റാണ്.
അതേസമയം, മൈക്രോമാക്സിന് ഇത് 50.34 ലക്ഷം യൂനിറ്റാണ്. ഈ സ്ഥിതി സെപ്റ്റംബറിലും തുടരുമെന്നും അതോടെ രണ്ടാമത്തെ വലിയ തദ്ദേശ മൊബൈല്‍ നിര്‍മാണ കമ്പനിയായി തങ്ങള്‍ മാറുമെന്നുമാണ് ഇന്‍റക്സ് അവകാശപ്പെടുന്നത്. അതേസമയം, ഈ കണക്കുകള്‍ യഥാര്‍ഥ സ്ഥിതി വെളിപ്പെടുത്തുന്നില്ളെന്നാണ് മൈക്രോമാക്സ് ചീഫ് എക്സിക്യൂട്ടിവ് വിനോദ് തനേജ പറയുന്നത്. സെമി ക്നോക്ഡൗണ്‍ (എസ്.കെ.ഡി) ഇനത്തിലുള്ള ഇറക്കുമതി പൂര്‍ണമായി കൂട്ടിയോജിപ്പിക്കാതെ ഫാക്ടറിയില്‍ കിടക്കെ വീണ്ടും അടുത്ത ഇറക്കുമതി നടത്തുന്നതുകൊണ്ടാണ് എണ്ണം കൂടുന്നതെന്ന് അദ്ദേഹം പറയുന്നു. 64.5 ലക്ഷം യൂനിറ്റുകളുമായി മൈക്രോമാക്സ് മുന്നിലാണെന്ന ‘കൗണ്ടര്‍പോയന്‍റ് റിസര്‍ച്ചിന്‍െറ’ റിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ, ഈ റിപ്പോര്‍ട്ടും ഇരു കമ്പനികളും തമ്മിലെ അന്തരം മുമ്പത്തേതിന്‍െറ പകുതിയായി കുറഞ്ഞതായാണ് പറയുന്നത്.