Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightമധുരമേറെ,...

മധുരമേറെ, ആന്‍ഡ്രോയിഡ് 6.0 മാഷ്മലോയില്‍ അറിയാനേറെ

text_fields
bookmark_border
മധുരമേറെ, ആന്‍ഡ്രോയിഡ് 6.0 മാഷ്മലോയില്‍ അറിയാനേറെ
cancel

പലരും പേരു തപ്പി മടുത്തിരിക്കുമ്പോഴാണ് ഗൂഗിള്‍ പുതിയ ആന്‍ഡ്രോയിഡ് പതിപ്പിന്‍െറ പേരിടീല്‍ കര്‍മം നടത്തിയത്.  മാഷ്മലോ(Marshmallow). ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ പതിപ്പുകള്‍ക്ക് മധുരപലഹാരങ്ങളുടെ പേര് തന്നെ കൊടുക്കുന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല. ഇംഗ്ളീഷ് അക്ഷരമാലാ ക്രമത്തില്‍ ‘എം’ എന്നും എണ്ണത്തില്‍ 6.0 മാണ് ഈ പുതിയ ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം. അതുകൊണ്ട് ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ എന്ന് വിളിക്കാം. മാഷ്മലോയില്‍ ഒ.എസ് കാര്യക്ഷമതയും പ്രവര്‍ത്തനമേന്മയുമാണ് കൂടിയിട്ടുള്ളത്. ലോലിപോപ്പില്‍ കണ്ട രൂപഭാവങ്ങള്‍ അഴിച്ചുപണിതിട്ടില്ല. പേരിട്ടു കഴിഞ്ഞു എന്നതിന് തെളിവായി ഗൂഗിളിന്‍െറ കാലിഫോര്‍ണിയയിലെ മൗണ്ടന്‍വ്യൂവിലെ ആസ്ഥാനമുറ്റത്ത് മാഷ്മലോയുടെ പ്രതിമയും സ്ഥാപിച്ചു. ഓരോ പതിപ്പ് പുറത്തിറക്കുമ്പോഴും ഇതും പതിവാണ്. ഈവര്‍ഷം അവസാനം പുറത്തിറങ്ങുന്ന ഇതിനൊപ്പം രണ്ട് നെക്സസ് ഉപകരണങ്ങളും വെളിച്ചംകാണും. ഈവര്‍ഷം മേയില്‍ ഗൂഗിള്‍ ഡവലപ്പര്‍  കോണ്‍ഫറന്‍സിലാണ് പുതിയ പതിപ്പിന്‍െറ വിശേഷങ്ങള്‍ പുറത്തിറക്കിയത്. അന്ന് ആന്‍ഡ്രോയിഡ് എം എന്നായിരുന്നു വിളിപ്പേര്. മാര്‍ഷമലോ, മഫിന്‍, മഡ്പൈ, മെറിങ്, മില്‍ക്ക്ഷേക്ക്, ഇന്ത്യന്‍ ഡെസര്‍ട്ടുകളായ മലായ് ബര്‍ഫി, മല്‍പോവ തുടങ്ങിയ പേരുകളാണ് അഭ്യൂഹങ്ങളായി ഉയര്‍ന്നുകേട്ടത്.  
കഴിഞ്ഞവര്‍ഷമിറങ്ങിയ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ് സ്മാര്‍ട്ട്ഫോണുകളിലും ടാബുകളിലും വ്യാപകമായി വരുന്നതേയുള്ളൂ. 18 ശതമാനം ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ലോലിപോപാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോഴും ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റിലാണ് ഭൂരിഭാഗം ഫോണുകളും ഓടുന്നത്. മൊബൈല്‍ ഒ.എസില്‍ 80 ശതമാനവും ആന്‍ഡ്രോയിഡിന്‍െറ കൈയിലാണ്. ലോകത്ത് 100 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. 

എന്താണ് മാഷ്മലോ?
പഞ്ചസാരകൊണ്ട് ഉണ്ടാക്കുന്ന സ്പോഞ്ചുപോലെയുള്ള മധുരപദാര്‍ഥമാണ് മാഷ്മലോ. ജെലാറ്റിന്‍, പഞ്ചസാര, ചോളപ്പൊടി, ചോള സിറപ്പ് എന്നിവയാണ് ഇതിന്‍െറ ചേരുവകള്‍. ഒരു കൂഴലിന്‍െറ ആകൃതിയിലാണ് മുറിച്ചെടുക്കുക.. പുറമെ ചോളപ്പൊടി പുരട്ടിയിരിക്കും. 

ഇതുവരെയിറങ്ങിയ പതിപ്പുകള്‍
2007 നവംബറിലാണ് പരീക്ഷണപതിപ്പ് പുറത്തിറങ്ങുന്നത്. 2008 സെപ്റ്റംബറിലാണ് ആദ്യ പതിപ്പ് ആന്‍ഡ്രോയിഡ് 1.0 വെളിച്ചത്തുവരുന്നത്. 2014 നവംബറിലാണ് ലോലിപോപിന്‍െറ രംഗപ്രവേശം. ആന്‍ഡ്രോയിഡ് 1.0, 1.1 എന്നീ ആദ്യ പതിപ്പുകള്‍ക്ക് പേരിട്ടിട്ടില്ളെങ്കിലും എ, ബി എന്നീ അക്ഷരങ്ങളായും ഒന്നും രണ്ടും പതിപ്പുകളായുമാണ് പരിഗണിക്കുന്നത്. 
3. കപ്കേക്ക് (ആന്‍ഡ്രോയിഡ് 1.5) 4. ഡോനട്ട് (1.6), 5.എക്ളയര്‍ (2.0, 2.1), 6. ഫ്രോയോ(2.2), 7. ജിഞ്ചര്‍ബ്രെഡ്(2.3), 8. ഹണികോംബ്(3.0, 3.1, 3.2), 9. ഐസ്ക്രീം സാന്‍വിച്ച് (4.0), 10.ജെല്ലിബീന്‍ (4.1, 4.2, 4.3), 11 കിറ്റ്കാറ്റ് (4.4), 12 ലോലിപോപ്പ് (5.0, 5.1) എന്നിവയാണ് ഇതുവരെയുള്ള പതിപ്പുകള്‍.

ഇനി നേരത്തെ പുറത്തായ സവിശേഷതകള്‍ നോക്കാം:

1.ഗൂഗിള്‍ ഫോട്ടോസ് 

ഗൂഗിള്‍ പ്ളസിന്‍െറ ഒപ്പം നിന്നിരുന്ന ഗൂഗിള്‍ ഫോട്ടോസ് എന്ന ആപ്, അണ്‍ലിമിറ്റഡ് സ്റ്റോറേജ് സൗകര്യത്തോടെ ഇപ്പോള്‍ സ്വതന്ത്രമായി. ശേഖരണം മാത്രമല്ല, വീഡിയോ- ഫോട്ടോ ഷെയറിങ്ങും നടക്കും. 16 മെഗാപിക്സല്‍ വരെയുള്ള ഫോട്ടോകളും ഫുള്‍ എച്ച്.ഡി വീഡിയോകളും സ്റ്റോര്‍ ചെയ്യാനുള്ള ശേഷിയുണ്ട്.

2. ആപ് പെര്‍മിഷന്‍

ഐഫോണിലെ പോലെ ഓരോ ആപ്പുകള്‍ക്കും പ്രത്യേകം അനുമതി കൊടുക്കാനുള്ള സംവിധാനമാണ് പ്രധാന പ്രത്യേകത. വ്യക്തിഗത വിവരങ്ങളില്‍ കൈകടത്തുന്നതില്‍ ഉപയോക്താവിന് നല്ല നിയന്ത്രണമാണ് ആന്‍ഡ്രോയിഡ് എം നല്‍കുന്നത്. സെറ്റിങ്സില്‍ പോയി ആപുകള്‍ക്ക് പെര്‍മിഷന്‍ നല്‍കാനും നല്‍കിയത് മാറ്റാനും കഴിയും. ലോക്കേഷന്‍, ഫോട്ടോസ്, കോണ്ടാക്ട്സ് എന്നിവയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഓരോ ആപ്പിനും പ്രത്യേകം അനുമതി നല്‍കാനും നിരസിക്കാനും പുതിയ സംവിധാനം അവസരമൊരുക്കുന്നു. ഇതുവരെ ആന്‍ഡ്രോയിഡില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചോദിക്കുന്നതിനെല്ലാം അനുമതി നല്‍കിയെങ്കില്‍ മാത്രമേ അവ പ്രവര്‍ത്തനക്ഷമമാകുമായിരുന്നുള്ളൂ. ഇത് സ്വകാര്യതക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോള്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴല്ലാതെ ആപ്പിലെ ഓരോ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോഴും നിങ്ങളോട് അനുമതി ചോദിക്കും. ഉദാഹരണത്തിന്, വാട്സ് ആപ്പില്‍ ഒരു മെസേജ് റെക്കോര്‍ഡ് ചെയ്യണമെന്ന് വെക്കുക. അപ്പോള്‍ മൈക് ഉപയോഗിക്കാനുള്ള അനുമതി ചോദിക്കും. നല്‍കിയാല്‍ റെക്കോര്‍ഡ് ചെയ്യും ഇല്ളെങ്കില്‍ ചെയ്യില്ല.

3. മികച്ച വെബ് അനുഭവം

വെബ്സൈറ്റുകളും ആപ്പുകളും കൂടുതല്‍ ലളിതമായും സൗകര്യപ്രദമായും കൈകാര്യം ചെയ്യാന്‍ ‘ ക്രോം കസ്റ്റം ടാബ്’ അവസരമൊരുക്കുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിന്‍െറ മുകളില്‍ കസ്റ്റമൈസ്ഡ് ക്രോം വിന്‍ഡോ തുറക്കാന്‍ ക്രോം കസ്റ്റം ടാബ് സഹായിക്കും. അതായത് നിങ്ങള്‍ ഇപ്പോള്‍ ഒരു ആപ് ഉപയോഗിക്കുകയാണെങ്കില്‍ അതില്‍നിന്ന് പുറത്തിറങ്ങി ക്രോം ബ്രൗസര്‍ വിളിക്കാതെ തന്നെ പെട്ടെന്ന് ആവശ്യമായി വന്ന മറ്റൊരു വെബ്സൈറ്റ് തുറന്നുകാട്ടിത്തരും. ഓട്ടോമാറ്റിക് സൈന്‍ ഇന്‍, സേവ്ഡ് പാസ്വേഡ്സ്, ഓട്ടോഫില്‍, വെബ് അനുഭവത്തിനും ആപ് സംയോജിത പ്രവര്‍ത്തനത്തിനും പലതലങ്ങളിലുള്ള സുരക്ഷാവഴികള്‍ എന്നിവയെ കസ്റ്റം ടാബ് പിന്തുണക്കുന്നു. ഉദാഹരണത്തിന്, പിന്‍ട്രസ്റ്റ് കസ്റ്റം ടാബില്‍ പിന്‍ട്രസ്റ്റ് ഷെയര്‍ ബട്ടണ്‍ കൂട്ടിയിണക്കിയിട്ടുണ്ട്.

4. വിരലടയാള സ്കാനര്‍ പിന്തുണ

വിരലടയാള സ്കാനറുകള്‍ക്കുളള പിന്തുണ ആന്‍ഡ്രോയിഡ് എമ്മില്‍ ഗൂഗിള്‍ സാദാ സവിശേഷതയാക്കി മാറ്റിയിട്ടുണ്ട്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ മാത്രമല്ല, കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണമടക്കാനും ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്ന് പെയ്ഡ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും വിരലടയാളം ഉപയോഗിക്കാം. ഇതിന് വിരലടയാള സ്കാനറുള്ള ഫോണ്‍ വേണം. ഗൂഗിളിന്‍െറ പിന്തുണയില്‍ ഭാവിയില്‍ ഇത്തരം സംവിധാനമുള്ള കൂടുതല്‍ ഫോണുകള്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം.

5. ആന്‍ഡ്രോയിഡ് പേ

ആപ്പിള്‍ പേയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാവണം ഗൂഗിള്‍ പുതിയ മൊബൈല്‍ പണമിടപാട് സംവിധാനവുമായി രംഗത്തത്തെിയത്. ‘ആന്‍ഡ്രോയിഡ് പേ’ എന്ന് പേരുള്ള ഇതിലൂടെ പണമിടപാടുകള്‍ വേഗത്തിലും സുരക്ഷിതമായും നടത്താന്‍ കഴിയുമെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു. ലളിതം, സുരക്ഷിതം, തെരഞ്ഞെടുക്കാന്‍ സൗകര്യം എന്നിവയാണ് ഇതിന്‍െറ പ്രത്യേകതകള്‍. അമേരിക്കയില്‍ ഏഴുലക്ഷം കടകളില്‍ ആന്‍ഡ്രോയിഡ് പേ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡിലൂടെ പണമിടപാട് നടത്താന്‍ കഴിയും. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് മുതലുള്ള ഫോണുകളില്‍ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) എന്ന അതിവേഗ കണക്ടിവിറ്റി സംവിധാനമുണ്ടെങ്കില്‍ ഇതിന് സാധിക്കും. അമേരിക്കന്‍ എക്സ്പ്രസ്, വിസ, മാസ്റ്റര്‍ കാര്‍ഡ്, ഡിസ്കവര്‍ തുടങ്ങിയ കാര്‍ഡുകളെയാണ് പിന്തുണക്കുക.

6. ആപ് ലിങ്ക്സ്

ലിങ്കുകള്‍ തുറക്കാന്‍ മുമ്പത്തേക്കാളും സൗകര്യം ആന്‍ഡ്രോയിഡ് എം നല്‍കുന്നു. നേരത്തെ നിങ്ങള്‍ ഒരു വെബ് ലിങ്ക് സെലക്ട് ചെയ്താല്‍ ആന്‍ഡ്രോയിഡിന് വെബ് ബ്രൗസറിലാണോ യൂടൂബിലാണോ അത് തുറക്കേണ്ടതെന്ന് കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. പകരം ‘ഓപണ്‍ വിത്ത്’ എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും വെബ് ആണോ വീഡിയോ ആണോ എന്ന് നമ്മള്‍ പരിശോധിച്ച് തുറക്കേണ്ട ആപ് കാട്ടിക്കൊടുക്കണമായിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് എമ്മില്‍ ഈ ബുദ്ധിമുട്ടില്ല. ഓരോ തവണയും നമ്മള്‍ ഡയലോഗ് ബോക്സിന് മുന്നില്‍ കുടുങ്ങുന്നതിന് പകരം കൃത്യമായി ഏത് ആപ്പിലാണ് ലിങ്ക് തുറക്കുക എന്ന് നോക്കി തുറന്നു തരും. ഉദാഹരണത്തിന് ഇമെയിലിലുള്ള ട്വിറ്റര്‍ ലിങ്കിലാണ് നിങ്ങള്‍ തൊട്ടതെങ്കില്‍ ചോദ്യവും പറച്ചിലുമില്ലാതെ നേരിട്ട് ട്വിറ്റര്‍ ആപ് തുറക്കും.

7. ഡോസ് മോഡും യുഎസ്ബി ടൈപ്പ് സി പിന്തുണയും

ബാറ്ററി ശേഷി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതവണ പ്രോജക്ട് വോള്‍ട്ടയാണ് അവതരിപ്പിച്ചതെങ്കില്‍ ഇത്തവണ അല്‍പം കൂടി കടന്ന് ചിന്തിച്ചിരിക്കുന്നു ഗൂഗിള്‍. മോഷന്‍ ഡിറ്റക്ടറുകളിലൂടെ സ്റ്റാന്‍ഡ് ബൈ സമയം മെച്ചപ്പെടുത്താന്‍ ഡോസ് (Doze) എന്ന സംവിധാനമാണ് ആന്‍ഡ്രോയിഡ് എം ഏര്‍പ്പെടുത്തുന്നത്. കുറച്ചുനേരം ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ആന്‍ഡ്രോയിഡിന് പുതിയ സംവിധാനത്തിലൂടെ കഴിയും. അതായത്, ഉപയോക്താവ് ഉറക്കത്തിലോ ഫോണ്‍ മേശപ്പുറത്തോ ആണെങ്കില്‍ ബാക്ക്ഗ്രൗണ്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറക്കും. ലോലിപോപിലും ആന്‍ഡ്രോയിഡ് എമ്മിലും പ്രവര്‍ത്തിക്കുന്ന രണ്ട് നെക്സസ് 9 ഉപകരണം ഉപയോഗിച്ചാണ് ഇത് പരീക്ഷിച്ചത്. പരീക്ഷണത്തില്‍ ആന്‍ഡ്രോയിഡ് എം ലോലിപോപിനേക്കാള്‍ രണ്ടുമടങ്ങ് സ്റ്റാന്‍ഡ്ബൈ സമയം നല്‍കിയത്രെ. ഡോസ് മോഡിലാണ് നിങ്ങളുടെ ഫോണെങ്കിലും അലാം, നോട്ടിഫിക്കേഷനുകള്‍ എന്നിവ കൃത്യമായി കാട്ടിത്തരും.

കൂടാതെ അതിവേഗത്തിലുള്ള ചാര്‍ജിങ്ങിന് യു.എസ്.ബി ടൈപ്പ് സി കണക്ടറിനെയും പുതിയ ഒ.എസ് പിന്തുണക്കും. പല കേബ്ളിനും പോര്‍ട്ടുകള്‍ക്കും പകരം വൈദ്യുതി ചാര്‍ജിങ്, വീഡിയോ-ഓഡിയോ കൈമാറ്റം എന്നിവ തടസ്സമില്ലാതെ കേബ്ളിന്‍െറ തലയും വാലും നോക്കാതെ രണ്ടും വശത്തും സാധ്യമാക്കുന്നതാണ് യു.എസ്.ബി ടൈപ്പ് സി കണക്ടറുകളും കേബ്ളുകളും.

8. പുതിയ റാം മാനേജര്‍

പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഏതാണെന്ന് മാത്രം കാട്ടിത്തന്നിരുന്ന സ്ഥാനത്ത് മെമ്മറി ഉപയോഗത്തിന്‍െറ വിശദവിവരങ്ങള്‍ പുതിയ റാം മാനേജര്‍ കാട്ടിത്തരും. ആന്‍ഡ്രോയിഡ് എം ഡവലപര്‍ പ്രിവ്യൂവില്‍ സെറ്റിങ്സ് >ആപ്സില്‍ ഈ സംവിധാനമുണ്ട്. ആപ്പുകള്‍ എത്ര മെമ്മറിയാണ് തിന്നുതീര്‍ക്കുന്നതെന്നും ഉപയോഗത്തിന്‍െറ അടിസ്ഥാനത്തില്‍ ഗുഡ് ഏത് ആവറേജ് ഏത് എന്നും പറഞ്ഞുതരും. ഓരോ ആപ്പിന്‍െറയും പ്രത്യേക വിവരങ്ങളും നല്‍കും. ഇതനുസരിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ മെമ്മറി ഉപയോഗിക്കുന്ന ആപ് ഉപേക്ഷിക്കാന്‍ കഴിയും.

9. അഡോപ്റ്റബിള്‍ സ്റ്റോറേജ് ഡിവൈസസ്

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍േറണല്‍ മെമ്മറി കുറവ് പ്രധാന പ്രശ്നമാണ്. സ്മാര്‍ട്ഫോണുകളില്‍ കുടുതല്‍ സ്മാര്‍ട്ടായി കൂടുതല്‍ സ്ഥലം അനുവദിച്ച് ഗൂഗിള്‍ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് അഡോപ്റ്റബിള്‍ സ്റ്റോറേജ് ഡിവൈസസ് സംവിധാനത്തിലൂടെ. മൈക്രോ എസ്ഡി കാര്‍ഡ് പോലെയുള്ള എക്സ്റ്റേണല്‍ മെമ്മറികളെ ഇന്‍േറണല്‍ സ്റ്റോറേജായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പാകപ്പെടുത്തി നല്‍കുന്നതാണ് പുതിയ സംവിധാനം. അതിനായി ഗൂഗിള്‍ മൈക്രോ എസ്ഡി കാര്‍ഡിനെ ഫോര്‍മാറ്റ് ചെയ്ത് എന്‍ക്രിപ്ഷന്‍ കൂട്ടിച്ചേര്‍ത്ത് നിങ്ങളുടെ ഫോണിനൊപ്പം മാത്രം പ്രവര്‍ത്തിക്കുന്ന വിധത്തിലാക്കിത്തരും. അങ്ങനെ ആപ്പുകള്‍ സ്റ്റോര്‍ ചെയ്യാനും ആപ് ഡാറ്റ ശേഖരിക്കാനും മറ്റ് ഡാറ്റ സൂക്ഷിക്കാനും എസ്ഡി കാര്‍ഡിനെ ഉപയോഗപ്പെടുത്താം.

10. പുതിയ ആപ് ഡ്രോയര്‍

ആപ് ഡ്രോയറിനെ പരിഷ്കരിച്ചിട്ടുണ്ട്. വിഡ്ജറ്റ് പിക്കറിനൊപ്പം ആപ് ഡ്രോയര്‍ ലംബമായാണ് സ്ക്രോള്‍ ചെയ്യുക. മുന്‍ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ വശങ്ങളിലേക്കായിരുന്നു. കളര്‍ ഡിസൈന്‍, എക്കണിന്‍െറ രൂപം എന്നിവ ലോലിപോപില്‍ കണ്ടതുതന്നെയാണ്.

11. ഓട്ടോ ബാക്കപ്, റീസ്റ്റോര്‍ ആപ്സ്

കൂടുതല്‍ സൗകര്യം നല്‍കുന്ന മാറ്റങ്ങളിലൊന്നാണിത്. ഉപകരണങ്ങള്‍ മാറുകയോ, സ്മാര്‍ട്ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയോ വേണമെങ്കില്‍ ഓട്ടോ ബാക്കപും റീസ്റ്റോര്‍ ആപ് ഡാറ്റയും സഹായത്തിനത്തെും. എല്ലാ ആപുകളും സെറ്റിങ്്സ് വിവരങ്ങളും ഗൂഗിള്‍ ഡ്രൈവ് എന്ന ക്ളൗഡ് സ്റ്റോറേജില്‍ തനിയെ ശേഖരിക്കുകയും പിന്നീട് പഴയതുപോലെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുയും ചെയ്യും. എന്‍ക്രിപ്ഷന് ശേഷമാണ് ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റപ്പെടുക. ഇതിന് സ്വന്തം ജിമെയില്‍ അക്കൗണ്ട് ഉപയോഗിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story