മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ചാറ്റ് ജി.പി.ടിക്കെതിരെ മാതാവ് യു.എസ് കോടതിയിൽ
text_fieldsസാൻഫ്രാൻസിസ്കോ: ജനപ്രിയ എ.ഐ പ്ലാറ്റ്‌ഫോമായ ചാറ്റ് ജി.പി.ടി തന്റെ മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് കനേഡിയൻ മാതാവ് യു.എസ് കോടതിയിൽ. ഓപ്പൺ എ.ഐ കമ്പനിക്കും അതിന്റെ സി.ഇ.ഒ സാം ആൾട്ട്മാനുമെതിരെ ക്രിസ്റ്റി കാരിയർ എന്ന സ്ത്രീയാണ് സാൻഫ്രാൻസിസ്കോ സ്റ്റേറ്റ് കോടതിയിൽ നടപടി ആവശ്യപ്പെട്ട് സമീപിച്ചത്. വെബ് ഡെവലപ്പറായ തന്റെ 24കാരി മകൾ ആലിസ് കഴിഞ്ഞ വർഷം ജീവനൊടുക്കാൻ കാരണം ചാറ്റ് ജി.പി.ടിയുടെ അപകടകരമായ ഇടപെടലുകളാണെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മാനസിക ബുദ്ധിമുട്ടുകൾ നേരിട്ട ആലിസ് നിരവധി തവണ ആത്മഹത്യയുമായി ബന്ധപ്പെട്ട ചിന്തകൾ ചാറ്റ് ജി.പി.ടിയുമായി പങ്കുവെച്ചിരുന്നു. എന്നാൽ പ്ലാറ്റ്‌ഫോമിന്റെ സുരക്ഷ സംവിധാനങ്ങൾ ഇത് തിരിച്ചറിയുകയോ വേണ്ട് രീതിയിൽ മകളുമായി ഇടപെടൽ നടത്തിയിട്ടില്ലെന്ന് മാതാവ് പറയുന്നു. പകരം, ആലിസിന്റെ പങ്കാളിയെയും ഹെൽപ്പ് ലൈൻ സംവിധാനങ്ങളെയും ചാറ്റ് ജി.പി.ടി വിമർശിക്കുകയും അവളുടെ നിഷേധാത്മക ചിന്തകളെ ശരിവെച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് മാതാവ് ആരോപിക്കുന്നു.
സംഭവം ഹൃദയഭേദകമാണെന്ന് പ്രതികരിച്ച ഓപ്പൺ എ.ഐ വക്താവ്, ആലിസ് ഉപയോഗിച്ച ചാറ്റ് ജി.പി.ടിയുടെ പഴയ പതിപ്പ് ഇപ്പോൾ ലഭ്യമല്ലെന്ന് അറിയിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ ഇത്തരം സന്ദർഭങ്ങളിലെ എ.ഐ പ്രതികരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
സമാനമായ 18 ഓളം കേസുകളാണ് കാലിഫോർണിയ കോടതിയിൽ ഓപ്പൺ എ.ഐക്കെതിരെ നിലവിലുള്ളത്. കൂടാതെ, സ്കൂൾ വെടിവെപ്പുകാർക്ക് വിവരങ്ങൾ നൽകിയെന്നും കുട്ടികളെ അക്രമണങ്ങൾക്ക് ആസക്തരാക്കുന്നുവെന്നും ആരോപിച്ച് ഫ്ലോറിഡ സംസ്ഥാനവും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സ്വയംഭോഗം, ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിലെ സംഭാഷണങ്ങൾ പൂർണമായും ചാറ്റ് ജി.പി.ടിയിൽ നിരോധിക്കണമെന്നും മുന്നറിയിപ്പുകൾ നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

