സാംസങ് ഗ്യാലക്സി എസ്23 എഫ്.ഇ വരുന്നു; ആവേശം പകർന്ന് ലീക്കായ റെൻഡറുകൾ
text_fieldsസാംസങ് സ്മാർട്ട്ഫോണുകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഫാൻ എഡിഷൻ (എഫ്.ഇ) സ്മാർട്ട്ഫോണുകൾക്കാണ്. ഗ്യാലക്സി എസ്20 എഫ്.ഇ-യും ഗ്യാലക്സി എസ്21 എഫ്.ഇയുമാണ് ഫാൻ എഡിഷൻ സീരീസിൽ സാംസങ് ഇതുവരെ അവതരിപ്പിച്ചത്. എസ്22 എഫ്.ഇ എന്ന മോഡൽ പുറത്തുവന്നിരുന്നില്ല. എന്നാൽ, എസ്23 എഫ്.ഇ വൈകാതെ തന്നെ വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുള്ള എന്നാൽ, വില കുറച്ച് അവതരിപ്പിക്കാറുള്ള സ്മാർട്ട്ഫോണുകളാണ് ഫാൻ എഡിഷൻ ഫോണുകൾ. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പായി എസ്23 എഫ്.ഇയുടെ റെൻഡറുകൾ ഓൺലൈനിൽ ലീക്കായിരിക്കുകയാണ്. ഫോണിന്റെ ഡിസൈനും കളറുകളുമാണ് റെൻഡറിലൂടെ പുറത്തായത്. എംഎസ്പവർയൂസറാ’ണ് റെൻഡറുകൾ പുറത്തുകൊണ്ടുവന്നത്.
പേൾ വൈറ്റ്, ബ്ലാക്ക് ഗ്രാഫൈറ്റ്, പർപ്പിൾ ലാവെൻഡർ, ഒലിവ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഫോൺ എത്തുക. അതിൽ തന്നെ പർപ്പിൾ ലാവെൻഡർ ആണ് ഏറ്റവും ആകർഷകം. ഗ്യാലക്സി എസ്23-യെ ഓർമിപ്പിക്കുംവിധമാണ് എസ്23 എഫ്.ഇയുടെ രൂപഭാവങ്ങൾ. റൗണ്ടടായിട്ടുള്ള എഡ്ജുകളും വെർടിക്കലി സജ്ജീകരിച്ചിരിക്കുന്ന മൂന്ന് പിൻകാമറകളും എസ്23-ക്ക് സമാനമാണെങ്കിലും ഡിസ്‍പ്ലേയുടെ ബെസലുകൾക്ക് അൽപം കട്ടി കൂടുതലാണ്. അത് ഫോണിന് ഒരു മധ്യനിര ഫോണിന്റെ ലുക്കാണ് നൽകുന്നത്.
അടുത്തിടെ വയർലെസ് പവർ കൺസോർഷ്യം വെബ്‌സൈറ്റിൽ 'SM-S711U' എന്ന മോഡൽ നമ്പറിൽ എസ്23 എഫ്.ഇയെ സ്‍പോട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഫോൺ വയർലെസ് ചാർജിങ് ഫീച്ചറുമായിട്ടാകും വരികയെന്നത് ഉറപ്പായിട്ടുണ്ട്. 15W വയർലെസ് ചാർജിങ്ങാണ് പ്രതീക്ഷിക്കുന്നത്.
എസ്23 എഫ്.ഇ ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ പിന്തുണയുമുള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും എസ്23 എഫ്.ഇക്ക് എന്നാണ് സൂചനകൾ. എക്‌സിനോസ് 2200 ചിപ്‌സെറ്റ് ആയിരിക്കും ഫോണിന് കരുത്ത് പകരുകയെന്നും സ്‌നാപ്ഡ്രാഗൺ 8+ Gen 1 എന്ന ചിപ്സെറ്റുമായി എത്താനും സാധ്യതയുണ്ടെന്നും റൂമറുകളുണ്ട്.
OIS പിന്തുണയുള്ള 50MP പിൻ ക്യാമറകൾ, 25W ഫാസ്റ്റ് ചാർജിങ് ഉള്ള 5,000mAh ബാറ്ററി, ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യു.ഐ 5.1 എന്നിവയും പ്രതീക്ഷിക്കാം. വില 50,000 രൂപക്ക് താഴെയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.