ഗംഭീര ഫീച്ചറുകളുമായി ഗ്യാലക്സി എം54 5ജി വരുന്നു; വിലയും കുറവ്
text_fieldsപ്രതീകാത്മക ചിത്രം
സാംസങ്ങിന്റെ ഗ്യാലക്സി എം സീരീസ് ഫോണുകൾക്ക് ഇന്ത്യയിൽ വലിയ ഡിമാന്റാണ്. കുറഞ്ഞ വിലയിൽ സാംസങ്ങിന്റെ സ്മാർട്ട്ഫോൺ അനുഭവം ആഗ്രഹിക്കുന്നവരെ മികച്ച സവിശേഷതയുമായി എത്തുന്ന എം സീരീസ് ഫോണുകൾ തൃപ്തിപ്പെടുത്താറുണ്ട്. എം 50-യിൽ തുടങ്ങി ഇപ്പോൾ എം53 വരെ എത്തി നിൽക്കുന്ന മിഡ്റേഞ്ച് ഫോണുകൾ ഇന്ത്യയിൽ ചൂടപ്പം പോലെയാണ് വിറ്റുപോയിട്ടുള്ളത്.
എം സീരീസ് ഫാൻസിന് ആവേശം നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പുതിയ ഗ്യാലക്സി എം 54 5ജി എന്ന മോഡലിന്റെ സവിശേഷതകൾ ലീക്കായിരിക്കുകയാണ്. വരാനിരിക്കുന്ന ഫോണിലെ ഫീച്ചറുകളിൽ പലതും പ്രീമിയം ഫോണുകളിൽ കണ്ടുവരുന്നവയാണ്.
ഏറ്റവും എടുത്തുപറയേണ്ട സവിശേഷത എം54-ന്റെ പ്രൊസസറാണ്. ക്വാൽകോമിന്റെ ഏറ്റവും കരുത്തുറ്റ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 888 ആയിരിക്കും എം54ന് കരുത്തേകുക. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പായ ഗ്യാലക്സി എസ്21 അൾട്രക്കും ഇതേ ചിപ്സെറ്റായിരുന്നു.
6.67 ഇഞ്ച് വലിപ്പമുള്ള 1080 x 2400 പിക്സൽ സൂപ്പർ അമോലെഡ് ഡിസ്‍പ്ലേയാകും എം54 5ജിക്ക്. 90 Hz റിഫ്രഷ് റേറ്റുമുണ്ടാകും. 6000 mAh-ന്റെ ബാറ്ററിയും 64 MP + 8 MP + 5 MP ട്രിപ്പിൾ പിൻകാമറയും 32 MP-യുടെ മുൻകാമറയും 128 ജിബി സ്റ്റോറേജും എട്ട് ജിബി വരെ റാമും ഫോണിൽ പ്രതീക്ഷിക്കാം.
ഇൻ-ഡിസ്‍പ്ലേ ഫിംഗർ പ്രിന്റ് സെൻസറാകും സുരക്ഷയ്ക്കായി ഒപ്പമുണ്ടാവുക. ഇന്ത്യയിൽ ഫോണിന്റെ വില പ്രതീക്ഷിക്കുന്നത് 30,999 രൂപയാണ്. 2023 ജനുവരി 18 ന് ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

