You are here
കരുത്തുറ്റ പ്രൊസസറും കിടിലൻ സെൽഫി കാമറയും; റിയൽമി യു1 വരുന്നു
ആറുമാസം കൊണ്ട് വെറും നാല് മോഡലുകൾ ഇറക്കി ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ സ്വന്തമായി സ്ഥാനമുണ്ടാക്കിയെടുത്ത റിയൽമി, അവരുടെ പുതിയ അവതാരവുമായി എത്തുന്നു. ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ റെക്കോർഡ് വിൽപന സ്വന്തമാക്കിയ റിയൽമി 1, റിയൽമി 2, റിയൽമി 2 പ്രോ, റിയൽമി സി1 എന്നീ മോഡലുകൾക്ക് ശേഷം, സെൽഫി ആരാധകർക്കായാണ് റിയൽമി പുതിയ മോഡൽ ഇറക്കുന്നത്.
റിയൽമി യു1 എന്ന് പേരിട്ടിരിക്കുന്ന പുതിയ സെൽഫി ബേസ്ഡ് സ്മാർട്ഫോണിന് വേണ്ടി മീഡിയ ടെക് ഹീലിയോ പി70 എന്ന പുതിയ പ്രൊസസറും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ നവംബർ 28ന് റിയൽമി യു1 റിലീസ് ചെയ്യും. ‘ഇന്ത്യാസ് സെൽഫീ പ്രോ’ എന്ന ടാഗ്ലൈനോടെയാണ് പുതിയ താരോദയം. ആമസോൺ എക്സ്ക്ലൂസീവായാണ് യു1 ഇറക്കുക.

നേരത്തെ കരുത്തുറ്റ മിഡ്റേഞ്ച് പ്രൊസസറായ ഹീലിയോ പി60, റിയൽമി 1 എന്ന മോഡലിലൂടെ അവതരിപ്പിച്ചത് വൻ വിജയമായിരുന്നു. റിയൽമി 1െൻറ പ്രധാന സവിശേഷതയായി കമ്പനി എടുത്ത് പറഞ്ഞതും അതിെൻറ പ്രൊസസറും വിലക്കുറവുമായിരുന്നു. ഇത്തവണ അതിലും മികച്ച പ്രൊസസറുമായാണ് റിയൽമി എത്തുന്നത്. സ്നാപ്ഡ്രാഗൺ 636 എന്ന ക്വാൽേകാമിെൻറ പ്രൊസസറിനേക്കാൾ കരുത്തുറ്റതും 660യോട് കിടപിടിക്കുന്നതുമായിരിക്കും മീഡിയാ ടെക് ഹീലിയോ പി70 എന്നാണ് കമ്പനിയുടെ അവകാശവാദം.

റിയൽമി യു1ലെടുത്ത സെൽഫികൾ കമ്പനി തന്നെ അവരുടെ ഒൗദ്യോഗിക സമൂഹ മാധ്യമ സൈറ്റുകളിൽ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. നിലവിൽ 30 ലക്ഷത്തോളം സ്മാർട്ഫോണുകൾ ഇന്ത്യയിൽ വിറ്റ റിയൽമി കഴിഞ്ഞ ദീപാവലി, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുകളിൽ ഫ്ലിപ്കാർട്ടിൽ കൂടുതൽ വിൽപന നടന്ന മോഡലുകളിൽ ഒന്നാണ്.
ബജറ്റ് േഫാണുകളായ റിയൽമി 2, റിയൽമി സി1 എന്നിവയോടൊപ്പം ഷവോമിയുടെ മിഡ്റേഞ്ച് സ്മാർട്ഫോണായ റെഡ്മി നോട്ട് 5പ്രോയോട് മത്സരിക്കാൻ വിപണിയിലെത്തിച്ച റിയൽമി 2 പ്രോക്കും വിപണിയിൽ മികച്ച മുന്നേറ്റമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലോകപ്രശസ്ത സ്മാർട്ഫോൺ നിർമാതാക്കളായ ബി.ബി.കെ ഇലക്ട്രോണിക്സ് ഒപ്പോ, വിവോ, വൺപ്ലസ് എന്നീ ബ്രാൻറുകൾക്ക് ശേഷം അവതരിപ്പിച്ച ബ്രാൻറായിരുന്നു റിയൽമി. ചൈനയിൽ എട്ട് വർഷങ്ങൾക്ക് മുേമ്പ റിയൽമി ഫീച്ചർ ഫോണുകൾ നിർമിച്ചിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് ഇൗ വർഷം മെയ് നാലിനാണ് എത്തിയത്. ആദ്യമായി സ്മാർട്ഫോൺ നിർമാണത്തിലേക്ക് കടന്ന റിയൽമിക്ക് ഇന്ത്യയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.