
15,000 രൂപയുടെ ഫോണിൽ ‘ഡൈനാമിക് ഐലൻഡ്’; റിയൽമി C55 ഇന്ത്യയിലേക്ക്
text_fields
ഐഫോൺ 14 പ്രോ സീരീസിലൂടെ ആപ്പിൾ അവതരിപ്പിച്ച ഡൈനാമിക് ഐലൻഡ് ടെക് ലോകത്ത് ഏറെ ചർച്ചയായി മാറിയ ഫീച്ചറാണ്. ആപ്പിൾ യൂസർമാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഡൈനാമിക് ഐലൻഡ് കോപ്പിയടിക്കുമെന്ന് തുടക്കം മുതലേ സംസാരമുണ്ടായിരുന്നു. റിയൽമി അവരുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണിലൂടെ അത് യാഥാർഥ്യമാക്കുകയും ചെയ്തു.
റിയൽമിയുടെ സി55 (Realme C55) എന്ന മോഡൽ ‘മിനി കാപ്സ്യൂൾ’ എന്ന പേരിലാണ് ഡൈനാമിക് ഐലൻഡിന്റെ ആൻഡ്രോയ്ഡ് പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ദിവസങ്ങൾക്കകം ഈ ഫോൺ ലോഞ്ച് ചെയ്യാൻ പോവുകയാണ്. കൂടാതെ ഫോണിന്റെ ആദ്യ ഒഫീഷ്യൽ ടീസറും കമ്പനി ഇറക്കിയിട്ടുണ്ട്.
‘മിനി കാപ്സ്യൂൾ’
നോട്ടിഫിക്കേഷനുകൾ, ബാറ്ററി ചാർജിങ് നില, ഡാറ്റ ഉപഭോഗം എന്നിവയും അതിലേറെയും പ്രദർശിപ്പിക്കുന്ന മിനി ക്യാപ്‌സ്യൂൾ ഡൈനാമിക് ഐലൻഡിന്റെ പ്രവർത്തനം അതേപടി അനുകരിക്കുകയാണ് ചെയ്യുന്നുത്. ഐഫോൺ 14 പ്രോയിലുള്ളത് പോലെ നീളമേറിയ നോച്ചിന് പകരം സാധാരണ പഞ്ച് ഹോൾ നോച്ച് തന്നെയാണ് റിയൽമിയുടെ പുതിയ ഫോണിന്.
സി55 സവിശേഷതകൾ
6.72 ഇഞ്ച് LCD ഡിസ്‌പ്ലേയുള്ള ഫോണിന് 90Hz റിഫ്രഷ് റേറ്റ് പിന്തുണ നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ G88 ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. 8 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഉണ്ട്.
ക്യാമറ ഡിപ്പാർട്ട്‌മെന്റിൽ 64 എംപി മെയിൻ സ്‌നാപ്പറും 2 എംപി ഡെപ്ത് സെൻസറും 8 എംപി സെൽഫി ഷൂട്ടറും ഉൾപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിംഗും ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള Realme UI 4.0 ഉള്ള 5,000mAh ബാറ്ററിയും നിങ്ങൾക്ക് ലഭിക്കും. ഫോണിന് 15,000 രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.