‘തെറ്റായിപ്പോയി’; വിൻഡോസ് ഫോണിനെ കുറിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല
text_fieldsImage - Josh Miller/CNET
മൈക്രോസോഫ്റ്റിന്റെ ലൂമിയ ഫോണുകളെ ഓർമയുണ്ടോ..? ഒരുകാലത്ത് ആൻഡ്രോയ്ഡ് - ഐ.ഒ.എസ് ഫോണുകൾക്ക് വെല്ലുവിളി ഉയർത്തുമെന്ന് എല്ലാവരും കരുതിയ പകരക്കാരനായിരുന്നു ‘വിൻഡോസ് ഫോണുകൾ’. എന്നാൽ, ഇന്ന് വിൻഡോസ് ഒ.എസിലുള്ള ഫോണുകൾ വിസ്മൃമിയിലാണ്ടുപോയി.
മൈക്രോസോഫ്റ്റ് 2017-ൽ ഫോൺ നിർമിക്കുന്നത് നിർത്തുകയും 2020-ൽ സോഫ്റ്റ്വെയർ പിന്തുണ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. മൈക്രോസോഫ്റ്റിന്റെ ആ തീരുമാനം പണ്ട് ലൂമിയ ഫോണുകൾ ഉപയോഗിച്ചവർക്ക് വേദനിക്കുന്ന ഓർമയാണ്. വിൻഡോസ് 10-ൽ പ്രവർത്തിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട ലൂമിയ ഫോണുകൾ പലരും ഇപ്പോഴും കേടുകൂടാതെ സൂക്ഷിച്ചിട്ടുമുണ്ട്.
മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയും വിൻഡോസ് ഫോൺ ഉപേക്ഷിക്കാനുള്ള കമ്പനിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ വിൻഡോസ് ഫോണുകളെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഫോൺ ബിസിനസ് തെറ്റായ തീരുമാനമായിരുന്നോ എന്നാണ് അദ്ദേത്തോട് ചോദിച്ചത്.
‘‘സി.ഇ.ഒ ആയപ്പോൾ എനിക്ക് എടുക്കേണ്ടി വന്ന ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന് ആ സമയത്ത് ഏറെ ജനപ്രീതി നേടിയ ഫോണുകൾ നിർമിക്കുന്നത് നിർത്തുക എന്നതായിരുന്നു. പിറകോട്ടേക്ക് നോക്കുമ്പോൾ, കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും ഫോണുകൾക്കും ഇടയിലുള്ള കമ്പ്യൂട്ടിങ് കാറ്റഗറി പുനർനിർമ്മിച്ചുകൊണ്ട് അത് വിജയകരമാക്കാനുള്ള വഴി കണ്ടെത്താൻ നമുക്ക് കഴിഞ്ഞേനെ എന്ന് എനിക്ക് തോന്നുന്നു’’ - നിരാശ വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
7.6 ബില്യൻ ഡോളർ മുടക്കി മൈക്രോസോഫ്റ്റ് നോകിയയുടെ ഫോൺ ബിസിനസ് ഏറ്റെടുത്തത് എഴുതിത്തള്ളാനുള്ള തന്റെ തീരുമാനത്തെ കുറിച്ചാണ് നാദെല്ല പരാമർശിച്ചത്. കുറച്ച് കാലം മുമ്പാണ് ഇതൊക്കെ സംഭവിച്ചതെങ്കിലും, വിൻഡോസ് ഫോണുകളുടെ ഭാവിയെക്കുറിച്ച് സിഇഒയ്ക്ക് വലിയ അഭിലാഷങ്ങളുണ്ടായിരുന്നുവെന്നത് ഇതിൽ നിന്നും വ്യക്തമാണ്.
അദ്ദേഹം സൂചിപ്പിച്ചതുപ്രകാരം, ടാബ്‌ലെറ്റുകൾ, ഫോണുകൾ, പിസികൾ എന്നിവയുടെ കമ്പ്യൂട്ടിങ് ഇക്കോസിസ്റ്റം നവീകരിക്കാൻ മൈക്രോസോഫ്റ്റ് ആഗ്രഹിച്ചിരുന്നു. അന്ന് അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ ലൂമിയ സ്മാർട്ട്‌ഫോണുകൾ എത്രത്തോളം മികച്ച അനുഭവമായിരിക്കും വാഗ്ദാനം ചെയ്തിട്ടുണ്ടാവുക..? പ്രത്യേകിച്ച് വിൻഡോസ് 11 -ന്റെ വരവോടെ ഒ.എസിന്റെ രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങൾ വന്നു.
വിൻഡോസ് ഫോണുകളെ സംബന്ധിച്ച കമ്പനി വരുത്തിയ പിഴവ് തുറന്നു സമ്മതിക്കുന്ന മൂന്നാമത്തെ മൈക്രോസോഫ്റ്റ് സിഇഒയാണ് സത്യ നാദെല്ല. 2021-ൽ, മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് പറഞ്ഞത്, “മൈക്രോസോഫ്റ്റിന് മൊബൈൽ ഒ.എസ് വേണ്ടത്ര നന്നായി ചെയ്യാൻ കഴിഞ്ഞില്ല’’ എന്നായിരുന്നു. കമ്പനി നേരത്തെ തന്നെ ഫോൺ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നു എന്നാണ് സത്യ നാദെല്ലക്ക് മുമ്പ് സി.ഇ.ഒ ആയിരുന്ന സ്റ്റീവ് ബാൽമർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

