വില മൂന്നര ലക്ഷത്തോളം, വാങ്ങാൻ നീണ്ടനിര; ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു
text_fieldsഇന്ത്യൻ വിപണിയിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ ഔദ്യോഗിക വിൽപന ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ വഴി പുതിയ ഫോണുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങിയത്. പുതിയ മോഡലുകൾ സ്വന്തമാക്കാൻ മുംബൈ, ഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിലുള്ള ആപ്പിൾ സ്റ്റോറിലും ബെംഗളൂരുവിലെ മാൾ ഓഫ് ഏഷ്യയിലെ സ്റ്റോറിലും പുതിയ മോഡൽ വാങ്ങാൻ വ്യാഴാഴ്ച രാത്രി മുതൽ തന്നെ ഉപഭോക്താക്കൾ വരിനിൽക്കാൻ തുടങ്ങിയിരുന്നു. നാസിക്കിൽ നിന്നെത്തിയ ഹിതേഷ് പട്ടേൽ എന്ന ഉപഭോക്താവ് വ്യാഴാഴ്ച രാത്രി 10 മണി മുതൽ വരിനിന്നാണ് വെള്ളിയാഴ്ച രാവിലെയുള്ള ആദ്യ സ്ലോട്ടിൽ തന്നെ ഫോൺ സ്വന്തമാക്കിയത്.
എല്ലാ വർഷവും താൻ ഐഫോൺ അപ്‌ഗ്രേഡ് ചെയ്യാറുണ്ടെന്നും നിലവിലെ 17 പ്രോ മാക്സിന് പകരം ഇത്തവണ 18 പ്രോ മാക്സാണ് വാങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഐഫോൺ 18-ന്റെ ബേസ് മോഡൽ ആപ്പിൾ ഇത്തവണ പുറത്തിറക്കിയിട്ടില്ല. ഇത് 2027 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ എ20 പ്രോ ചിപ്‌സെറ്റാണ് പുതിയ പ്രോ സീരീസിന് കരുത്തേകുന്നത്. വലുപ്പം കുറഞ്ഞതും കൂടുതൽ പ്രവർത്തനക്ഷമതയുള്ളതുമായ ഡൈനാമിക് ഐലൻഡ്, മെച്ചപ്പെടുത്തിയ സിരി, പുതിയ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
കഴിഞ്ഞ വർഷത്തെ മോഡലുകൾക്ക് സമാനമായി ഐഫോൺ 18 പ്രോയ്ക്ക് 6.3 ഇഞ്ചും പ്രോ മാക്സിന് 6.9 ഇഞ്ചുമാണ് ഡിസ്പ്ലേ വലിപ്പം നൽകിയിരിക്കുന്നത്. ക്യാമറ വിഭാഗത്തിൽ വേരിയബിൾ അപ്പേർച്ചറോട് കൂടിയ 48 മെഗാപിക്സൽ ഫ്യൂഷൻ പ്രൈമറി ക്യാമറ, 48 എം.പി ടെലിഫോട്ടോ, 48 എം.പി അൾട്രാ-വൈഡ് ലെൻസുകൾ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. പ്രോ മോഡലിൽ 24 മണിക്കൂറും പ്രോ മാക്സിൽ 30 മണിക്കൂറും ബാറ്ററി ലൈഫ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ വർഷത്തെ കോസ്മിക് ഓറഞ്ച് നിറത്തിന് പകരമായി ഇത്തവണ അവതരിപ്പിച്ച ബർഗണ്ടി റെഡ് മോഡലിനാണ് ആവശ്യക്കാരേറെയുള്ളത്. ഗ്ലേസിയർ, സിൽവർ, ബ്ലാക്ക് എന്നിവയാണ് മറ്റ് നിറങ്ങൾ.
ഐഫോൺ 18 പ്രോ:
256GB: 1,64,900 രൂപ
512GB: 1,89,900 രൂപ
1TB: 2,39,900 രൂപ
2TB: 3,14,900 രൂപ
ഐഫോൺ 18 പ്രോ മാക്സ്:
256GB: 1,79,900 രൂപ
512GB: 2,04,900 രൂപ
1TB: 2,54,900 രൂപ
2TB: 3,29,900 രൂപ
തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ (ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, അമേരിക്കൻ എക്സ്പ്രസ്) ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 7000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇതിന് പുറമെ ആപ്പിൾ ട്രേഡ്-ഇൻ വഴി പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഉപകരണത്തിന്റെ നിലവാരമനുസരിച്ച് 81,500 രൂപ വരെ ആനുകൂല്യവും കമ്പനി നൽകുന്നുണ്ട്. 6 മാസം വരെയുള്ള നോ-കോസ്റ്റ് ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് പുറമെ ആമസോൺ, ഫ്ലിപ്പ്കാർട്ട്, ക്രോമ, വിജയ് സെയിൽസ് എന്നിവ വഴിയും ഫോൺ സ്വന്തമാക്കാം. ഇതിന് പുറമെ സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ക്വിക്ക് കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും ഐഫോൺ 18 പ്രോ മോഡലുകൾ ഓർഡർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

