Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഫോണുണ്ടായാൽ പോര സെൻസ്​...

ഫോണുണ്ടായാൽ പോര സെൻസ്​ വേണം, സെൻസർ വേണം

text_fields
bookmark_border
Mobile Phone
cancel

സ്മാർട്ട്ഫോൺ കൈയിലില്ലാത്തവർ ചുരുങ്ങും. പല സൗകര്യങ്ങളും നൽകുന്നുണ്ട് ഈ മിടുക്കൻ ഫോൺ. കൂട്ടത്തിലൊന്നാണ് ഫോട്ടോ, വിഡിയോ എന്നിവ പകർത്തൽ. ചിത്രവും പടവുമെടുക്കാൻ എളുപ്പമാണ്. കാമറ ഓണാക്കി ബട്ടണിൽ അമർത്തുകയേ വേണ്ടൂ. പക്ഷേ ഈ സ്മാർട്ട്ഫോൺ ഒരു ചിത്രമോ ദൃശ്യമോ മികവോടെയും മിഴിവോടെയും ഒപ്പിയെടുക്കുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ. നമ്മൾ ബട്ടൺ അമർത്തുേമ്പാൾ ലഭിക്കുന്ന ദൃശ്യ, ചിത്രങ്ങളെ ഒരു ഫോട്ടോയോ വിഡിയോയോ ആക്കി സേവ് ചെയ്യുന്നതിനിടെ നിരവധി പ്രക്രിയകളുണ്ട്. ഇതൊന്നും കണ്ണുകൾ കൊണ്ട് കാണാവുന്നതല്ല. സ്മാർട്ട്ഫോണിനുള്ളിൽ നടക്കുന്നതാണ്. അത്തരം നിരവധി ഘടകങ്ങൾ യോജിച്ച് പ്രവർത്തിക്കുേമ്പാഴാണ് നല്ല ചിത്രം ലഭിക്കുക.

സ്മാർട്ട്ഫോണിൽ പലതരം കാര്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ നിർവഹിക്കാൻ സഹായിക്കുന്നത് പലതരം സെൻസറുകളാണ്. കാമറ മികവിന് മാത്രമായി ഏറെ സെന്‍സറുകളുണ്ട്. ഇമേജ് സെൻസറാണ് ചിത്രം, ദൃശ്യം പകർത്താൻ സഹായിക്കുന്നത്. ഒരു സ്മാർട്ട്‌ഫോണിൽ ഡിജിറ്റൽ ഫോട്ടോ സൃഷ്‌ടിക്കാൻ ലെൻസിലൂടെ വരുന്ന പ്രകാശത്തെ ഇമേജ് സെൻസർ പകർത്തുന്നു. ആവശ്യമുള്ള ചിത്രം നൽകാൻ ഈ സെൻസർ ലെൻസുമായി ഇണക്കിച്ചേർത്തിരിക്കുന്നു. മിക്ക സ്മാർട്ട്‌ഫോൺ കമ്പനികളും പലതരം കാമറ സെൻസറുകൾ പ്രയോജനപ്പെടുത്താൻ പ്രത്യേക മോഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌മാർട്ട്‌ഫോണുകളിൽ കാണപ്പെടുന്ന സെൻസറുകളും അവയുടെ ജോലിയും ഒന്ന് നോക്കിയാലോ?

മാക്രോ സെൻസർ

തൊട്ടടുത്തുള്ള ദൃശ്യങ്ങൾ പകർത്താൻ സഹായിക്കുന്നതാണിത്. സ്മാർട്ട്ഫോണിൽ മാക്രോ മോഡ് പ്രവർത്തനക്ഷമമാക്കിയാൽ മതി. കാമറ ലെൻസിൽ നിന്ന് 10 സെന്‍റിമീറ്ററിൽ താഴെയുള്ള വസ്തുവിന്‍റെ വിശദമായ ചിത്രം ലഭിക്കാൻ മാക്രോ സെൻസറുകൾ ഉപകരിക്കുന്നു. ചില കാമറകൾ വസ്തുവിന്‍റെ രണ്ട് സെന്‍റീമീറ്റർ വരെ അടുത്ത് എത്തി പകർത്താൻ കഴിയും. ഇത് പ്രാണികൾ ഉൾെപ്പടെയുള്ള ജീവജാലങ്ങളുടെ ക്ലോസ് അപ്പുകൾ (സമീപദൃശ്യം) എടുക്കാൻ സൗകര്യപ്രദമാണ്. ക്രിയേറ്റിവ് ക്ലോസപ്പുകൾക്കും മാക്രോ മോഡ് ഉപയോഗപ്രദമാണ്.

ടൈം ഓഫ് ൈഫ്ലറ്റ് (ടി.ഒ.എഫ്) സെൻസർ

ബാക്ക്ഗ്രൗണ്ട് ഡിഫോക്കസ് (പശ്ചാത്തലം അവ്യക്തമാക്കൽ) ഇഫക്ട് നൽകാൻ മുൻനിര സ്മാർട്ട്ഫോണുകളിൽ ഈ സെൻസർ ഉപയോഗിക്കുന്നു. ടൈം ഓഫ് ഫ്ലൈറ്റ് സെൻസർ വസ്തുവിന്‍റെ വ്യാപ്തി നിർണയിക്കാൻ ഇൻഫ്രാറെഡ് രശ്മിയാണ് ഉപയോഗിക്കുന്നത്. പോകുന്ന പ്രകാശകിരണം കാമറ സെൻസറിലേക്ക് മടങ്ങിവരാൻ എടുക്കുന്ന സമയം കണക്കാക്കുന്നത് ഇതാണ്.

ഡെപ്ത് സെൻസർ

പേരു പോലെ, സ്മാർട്ട്ഫോണിലെ ഡെപ്ത് സെൻസറിന്‍റെ പ്രധാന ഉപയോഗം വ്യാപ്തി അളക്കലാണ്. മികവുറ്റ ബ്ലർ ഇഫക്‌ടുകൾക്കും ഓഗ്‌മെന്‍റഡ് റിയാലിറ്റി (പ്രതീതി യാഥാർഥ്യം) ഇഫക്‌ടുകളുടെ മികവിനും സെൻസർ സഹായിക്കുന്നു. സ്മാർട്ട്ഫോണുകളിലെ മുൻ കാമറകളിലും പിൻ കാമറകളിലും സെൻസറുണ്ട്. പോർട്രെയ്റ്റ് മോഡ് വാഗ്ദാനം ചെയ്യുന്ന വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളിലും സെൻസർ കാണാം. വിലകൂടിയ ലെൻസ് ഇല്ലാതെ ഡെപ്ത് ഇഫക്‌ടുകൾ കിട്ടാൻ ഈ സെൻസർ സഹായിക്കുന്നു.

ടെലിഫോട്ടോ സെൻസർ

ദൂരെയുള്ള വസ്തുക്കളെ പകർത്തൽ എളുപ്പമാക്കുന്നു. ഒരു സീൻ അല്ലെങ്കിൽ ഒരൊറ്റ ഒബ്ജക്ടിനെ സൂം ഇൻ ചെയ്യാൻ കഴിയും. ഡിജിറ്റൽ സൂമിനേക്കാൾ മികച്ചതായി കരുതപ്പെടുന്ന ഒപ്റ്റിക്കൽ സൂമിനെ ഈ സെൻസറുകൾ സഹായിക്കുന്നു. സെൻസർ ലഭ്യമാക്കുന്ന ഒപ്റ്റിക്കൽ സൂം ലെൻസിനെയും സ്മാർട്ട്ഫോണിനെയും ആശ്രയിച്ചിരിക്കും. ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകളിലെ ടെലിഫോട്ടോ സെൻസറുകൾക്ക് കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) പിന്തുണയുമുണ്ട്.

ലിഡാർ സെൻസർ

ആപ്പിൾ ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ പ്രോ മോഡലുകളിൽ ലിഡാർ (LiDAR-ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ്) സെൻസറുകളുണ്ട്. ഈ സെൻസർ ഒരു തരം ടി.ഒ.എഫ് (ടൈം ഓഫ് ൈഫ്ലറ്റ്) സെൻസറാണ്. തനിയെ ഓടുന്ന കാറുകളിലും ഏരിയൽ മാപ്പിങ് സാങ്കേതികവിദ്യകളിലും ലിഡാർ സെൻസറുകൾ കാണാം. ഈ സെൻസർ ഒന്നിലധികം സിഗ്നലുകൾ പുറപ്പെടുവിക്കുന്നു, അത് വസ്തുക്കളിൽ തട്ടി സെൻസറിലേക്ക് മടങ്ങുന്നു. തിരികെ എത്താൻ എടുക്കുന്ന സമയം അളക്കുകയും വസ്തുക്കളുടെ വ്യാപ്തി, വ്യത്യാസം, രൂപഭേദം എന്നിവ നിർണയിക്കുന്നു. പ്രകാശം കുറവുള്ള സാഹചര്യത്തിൽ മികച്ച ഫോക്കസ് നൽകാനും ഓഗ്മെന്‍റഡ് റിയാലിറ്റി ആപ്പുകൾക്കും സെൻസർ ഉപയോഗപ്രദമാണ്.

അൾട്രാ വൈഡ് സെൻസർ

വൈഡ് ആംഗിൾ സെൽഫികളും വൈഡ് ആംഗിൾ ഷോട്ടുകളും അൾട്രാ വൈഡ് സെൻസറിന്‍റെ കഴിവാണ്. അൾട്രാ വൈഡ് സെൻസർ ദൃശ്യത്തിന്‍റെ വിശാലപരിസരം നൽകുന്നു. സ്മാർട്ട്‌ഫോൺ കാമറയുടെ കാഴ്ചപരിധി കൂട്ടുന്നു. സെൻസറിന് 90 ഡിഗ്രിയിൽ കൂടുതൽ വ്യൂ ആംഗിൾ പകർത്താൻ കഴിയും. ചിലതരം അൾട്രാ-വൈഡ് സെൻസറുകൾ ഫിഷ്-ഐ എന്നും അറിയപ്പെടുന്നു. ഈ സെൻസറുകൾ മുൻ-പിൻ കാമറകളിൽ കാണാം.

മോണോക്രോം സെൻസർ

ബ്ലാക്ക് ആൻഡ് വൈറ്റ് ഷോട്ടുകൾ പകർത്താനുള്ള പ്രത്യേക സെൻസർ ചില ഫോണുകൾക്കുണ്ട്. മികവുള്ള കറുപ്പും വെളുപ്പും ചിത്രങ്ങൾ ലഭിക്കാൻ സെൻസർ സഹായിക്കുന്നു. പുതിയ സ്‌മാർട്ട്‌ഫോണുകളിൽ സാധാരണ കളർ സെൻസറുകളേക്കാൾ മിഴിവുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ലഭിക്കും.

ഫേസ് ഡിറ്റക്ഷൻ ഓട്ടോ-ഫോക്കസ്

കാമറ ഫോക്കസ് ചെയ്യുന്നത് കാത്തുനിൽക്കാതെ കൂടുതൽ മിഴിവുള്ള ചിത്രങ്ങൾ നേടാൻ ഇത് സഹായിക്കുന്നു. ഫേസ് ഡിറ്റക്ഷൻ ഓട്ടോ-ഫോക്കസ് (PDAF)സാങ്കേതികവിദ്യ അതിന് ഇമേജ് സെൻസറിൽ ഘടിപ്പിച്ച മാസ്‌ക് ചെയ്‌ത രണ്ട് പിക്‌സലുകൾ ഉപയോഗിക്കുന്നു. രണ്ട് ചിത്രങ്ങളും കൃത്യമായി ദൃശ്യമാകുന്നതുവരെ ഇമേജ് സിഗ്നൽ പ്രൊസസർ കാമറ ലെൻസുകൾ ക്രമീകരിക്കുന്നു.

Show Full Article
TAGS:mobile phone 
News Summary - If you have a phone, you need enough sense, Sensor required
Next Story