അമേരിക്ക Vs ചൈന; ഗൂഗ്ളില്ലാത്ത സ്മാർട്ട്ഫോണുമായി ഹ്വാവേ ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ഒടുവിൽ ഗൂഗ്ൾ മൊബൈൽ സേവനമില്ലാതെ ഒരു ആൻഡ്രോയ്ഡ് ഫോൺ ഇന്ത്യൻ മാർക്കറ്റിൽ. അതെ ചൈനീസ് സ്മാർട്ട്ഫോൺ വമ്പൻമാരായ ഹ്വാവേ രണ്ടും കൽപ്പിച്ചുള്ള വരവാണ്. അമേരിക്ക - ചൈന വ്യാപാര യുദ്ധത്തിെൻറ കൂടെ ചർച്ചയായതാണ് ഗൂഗ്ളും ഹ്വാവേയും തമ്മിലുള്ള വെർച്വൽ യുദ്ധവും.
ഹ്വാവേ അമേരിക്കയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെ ഹ്വാവേ സ്മാർട്ട്ഫോണുകളിൽ ഗൂഗ്ൾ സേവനങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയായിരുന്നു. എന്നാൽ ഹ്വാവേ അവരുടെ സബ് ബ്രാൻഡായ ഹോണറിെൻറ ഏറ്റവും പുതിയ മോഡലായ ഹോണർ 9എക്സ് പ്രോ അവതരിപ്പിച്ചിരിക്കുന്നത് ഗൂഗ്ളിെൻറ സേവനങ്ങൾ ഇല്ലാതെ ഹ്വാവേ മെബൈൽ സർവിസുമായാണ്.
ചൈനയിൽ നേരത്തെ ലോഞ്ച് ചെയ്ത മോഡൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഫ്ലിപ്കാർട്ടിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായി വിൽപന തുടങ്ങിയിരുന്നു. സ്പെഷ്യൽ ഏർലി ആക്സസ് എന്ന ഒാഫറിലൂടെ 17,999 രൂപയുണ്ടായിരുന്ന ഫോൺ 14,999 രൂപക്കാണ് ലഭ്യമാക്കിയത്.
ഗൂഗ്ൾ സേവനങ്ങൾ ഇല്ലെങ്കിലെന്ത്
ഗൂഗ്ൾ സേവനമില്ലാതെ വരുന്ന ഫോൺ ആളുകളെ കൊണ്ട് വാങ്ങിപ്പിക്കാൻ കണ്ണഞ്ചിപ്പിക്കുന്ന പ്രത്യേകതകളാണ് ഹോണർ നൽകിയിരിക്കുന്നത്. പ്ലേ സ്റ്റോറിന് പകരം ഹ്വവേയുടെ ആപ്പ് ഗാലറിയിലൂടെ ആവശ്യമുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന 90 ശതമാനം ആപ്പുകളും ആപ്പ് ഗാലറിയിലുണ്ടെന്ന് ഹ്വാവേ ഉറപ്പു നൽകുന്നുണ്ട്. ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് മറ്റ് ആപ്പുകൾ ഭാവിയിൽ ലഭ്യമാക്കുമെന്നും അവർ പറയുന്നുണ്ട്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ അമേരിക്കൻ സോഷ്യൽ മീഡിയ ആപ്പുകളും ആപ്പ് ഗാലറിയിൽ ലഭ്യമല്ല. എന്നാൽ ഇവയുടെ ഒൗദ്യോഗിക വെബ് സൈറ്റുകളിൽ പോയി ഡൗൺലോഡ് ചെയ്യാനുള്ള ഒാപ്ഷൻ ആപ്പ് ഗാലറിയിൽ നൽകിയിട്ടുണ്ട്. ഗൂഗ്ൾ സേവനങ്ങളായ ഗൂഗ്ൾ ഡ്രൈവ്, ഗൂഗ്ൾ ഫോേട്ടാസ്, യൂട്യൂബ്, ജി-മെയിൽ തുടങ്ങിയ ആപ്പുകൾ വെബ് ബ്രൗസറുകളിലൂടെ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ചില ഉപയോക്താക്കൾ ഗൂഗ്ൾ ആപ്പുകൾ ഫോണിൽ സൈഡ്ലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തുണ്ട്.

6GB റാമും 256GB ഇേൻറർണൽ സ്റ്റോറേജുമുള്ള ഹോണർ 9 എക്സ് പ്രോക്ക് കരുത്ത് പകരുന്നത് ഹ്വാവേയുടെ സ്വന്തം ചിപ്സെറ്റായ ഹൈ സിലിക്കൻ കിരിൻ 810 ആണ്. ബജറ്റ് സീരീസിലുള്ള മറ്റ് പ്രൊസസറുകളേക്കാൾ മികച്ച പ്രകടനമായിരിക്കും കിരിൻ 810ന് എന്നാണ് ഹ്വാവേയുടെ അവകാശവാദം. മികച്ച ജിപിയു പെർഫോമൻസ് നൽകുന്ന ടർബോ ടെക്നോളജിയുടെ 3.0 വേർഷൻ ഗെയിമിങ് ഉദ്ദേശിച്ച് ഫോൺ വാങ്ങുന്നവർക്ക് ഗുണം ചെയ്യുമെന്നുറപ്പ്. കുടാതെ ഗെയിമിങ്ങിലുള്ള ഹീറ്റിങ് നിയന്ത്രിക്കാൻ ലിക്വിഡ് കൂളിങ് സംവിധാനവും നൽകിയിട്ടുണ്ട്.
6.59 ഇഞ്ചുള്ള ഫുൾ എച്ച്.ഡി ഡിസ്പ്ലേക്ക് 1,080 x 2,340 പിക്സൽ റെസൊല്യൂഷൻ ആണ്. മുന്നിൽ പോപ് അപ് സെൽഫി കാമറ സംവിധാനമായതിനാൽ ഫുൾവ്യൂ ഡിസ്പ്ലേയാണെന്ന പ്രത്യേകതയും ഹോണർ 9 എക്സ് പ്രോക്കുണ്ട്. മിഡ് നൈറ്റ് ബ്ലാക്ക്, ഫാൻറം ബ്ലാക്ക് എന്നീ കളറുകളിലാണ് ഫോൺ ലഭ്യമാവുക.
പിറകിൽ മൂന്ന് കാമറകളാണ് ഫോണിന്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എട്ട് മെഗാപിക്സൽ അൾട്രാ വൈഡ് കാമറ, രണ്ട് മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണവ. മുൻ കാമറ 16 മെഗാ പിക്സലാണ്. 4000 എം.എ.എച്ച് ബാറ്ററിയുള്ള ഫോണിന് പക്ഷെ 10 വാട്ട് ചാർജറാണ് നൽകിയിരിക്കുന്നത്.