
Image: engadget.com
ടെൻസർ ചിപ്സെറ്റും മികച്ച ബാറ്ററിയും; ഗൂഗിൾ പിക്സൽ 6എ പരിഗണിക്കാൻ കാരണങ്ങളേറെ
text_fieldsപിക്സൽ 4എ എന്ന മിഡ്റേഞ്ച് ഫോൺ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചത് രണ്ട് വർഷം മുമ്പായിരുന്നു. അതിന് ശേഷം പിക്സൽ 5 സീരീസും പിക്സൽ 6 സീരീസും ലോഞ്ച് ചെയ്തിരുന്നെങ്കിലും ഗൂഗിൾ ഇന്ത്യയിൽ അവ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, ഇത്തവണ പിക്സൽ 6എ (Pixel 6a) എന്ന മോഡലാണ് ഇന്ത്യക്കാർക്കായി ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
4എ പോലെ തന്നെ 6എയും ഒരു മിഡ്റേഞ്ച് മോഡലാണ്. എന്നാൽ, പിക്സൽ 6, പിക്സൽ 6 പ്രോ എന്നീ ഫ്ലാഗ്ഷിപ്പ് മോഡലുകൾ പോലെ പിക്സൽ 6എയും മികച്ച സവിശേഷതകളാൽ സമ്പന്നമാണ്.
പിക്സൽ 6എ വിശേഷങ്ങൾ
theverge.com
ഡിസൈനിൽ പിക്സൽ 6, പിക്സൽ 6 പ്രോ എന്നീ മോഡലുകളെ തന്നെയാണ് ഇളയ പുത്രനായ 6എ പിന്തുടരുന്നത്. ഡ്യുവൽ ടോൺ കളർ സ്കീമും ഡിസ്‍പ്ലേയുടെ മധ്യഭാഗത്ത് സ്ഥാനം പിടിച്ചിരിക്കുന്ന പഞ്ച് ഹോൾ കാമറയും ഫോണിന്റെ അത്ര തന്നെ വീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കാമറ വൈസറുമൊക്കെ പിക്സൽ 6എ എന്ന മോഡലിലും കാണാം. അതേസമയം, പ്ലാസ്റ്റിക് റിയർ പാനലാണ് ഫോണിന് നൽകിയിരിക്കുന്നത്. പക്ഷെ അതിന് കവചമായി അലൂമിനിയം ഫ്രെയിമുണ്ട്.
6.1 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് OLED ഡിസ്‍പ്ലേയാണ് ഫോണിനൊപ്പം വരുന്നത്. എന്നാൽ, 60Hz മാത്രമാണ് റിഫ്രഷ് റേറ്റ്. 2400 x 1080p റെസൊല്യൂഷനുള്ള ഡിസ്‍പ്ലേക്ക് എച്ച്.ഡി.ആർ പിന്തുണയുണ്ട്. ഗൊറില്ല ഗ്ലാസ് 3യുടെ സുരക്ഷയും ഡിസ്‍പ്ലേക്കുണ്ട്.
Image: theverge.com
ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന് കരുത്തേകുന്ന ചിപ്സെറ്റാണ്. പിക്സൽ 6 പ്രീമിയം ഫോണുകളിൽ നൽകിയ ഗൂഗിളിന്റെ സ്വന്തം ടെൻസർ ചിപ്സെറ്റാണ് മിഡ്റേഞ്ച് മോഡലായ പിക്സൽ 6എക്കും കരുത്ത് പകരുന്നത്. Titan M2 സെക്യൂരിറ്റി ചിപ്പ്, SA/NSA 5G പിന്തുണ എന്നിവയ്‌ക്കൊപ്പം നിങ്ങൾക്ക് 6GB റാമും 128GB UFS 3.1 സ്റ്റോറേജും ലഭിക്കും.
OIS ഉള്ള 12.2MP പ്രൈമറി ക്യാമറയും അൾട്രാ-വൈഡ് ഷോട്ടുകൾ പകർത്താൻ ഒരു സെക്കൻഡറി 12MP ക്യാമറയുമാണ് പിൻവശത്ത് നൽകിയിട്ടുള്ളത്. മുന്നിലുള്ള പഞ്ച്-ഹോളിൽ 8 എംപി സെൽഫി ക്യാമറയും ഉൾപ്പെടുന്നു.
18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,410mAh ബാറ്ററിയാണ് ഫോണിൽ. ഔട്ട് ഓഫ് ദ ബോക്സ് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയ സ്റ്റോക്ക് ആൻഡ്രോയ്ഡ് യൂസർ ഇന്റർഫേസുമായി എത്തുന്ന ഫോണിന് മൂന്ന് വർഷത്തെ മേജർ ആൻഡ്രോയ്ഡ് അപ്ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുമെന്ന് Google വാഗ്ദാനം ചെയ്യുന്നു.
ഉപകരണം Wi-Fi 6/ 6E, ബ്ലൂടൂത്ത് 5.2, സ്റ്റീരിയോ സ്പീക്കറുകൾ, USB ടൈപ്പ്-C, ഡ്യുവൽ-സിം സപ്പോർട്ട്, IP67 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയെ പിന്തുണയ്ക്കുന്നു. പിക്‌സൽ 6എയ്‌ക്കൊപ്പം 19,990 രൂപയ്ക്ക് പിക്‌സൽ ബഡ്‌സ് പ്രോയും ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. അവ ജൂലൈ 28 മുതൽ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകും
വില വിവരങ്ങൾ
ഗൂഗിൾ പിക്സൽ 6എ 6GB+128GB എന്ന ഒരൊറ്റ കോൺഫിഗറേഷനിൽ മാത്രമാണ് ലഭ്യമാവുക. ഇന്ത്യയിലെ വില 43,999 രൂപയാണ്. എന്നാൽ, പരിമിതകാല ഓഫറിന്റെ ഭാഗമായി, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലും ഇഎംഐ ഇടപാടുകളിലും നിങ്ങൾക്ക് 4,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. ജൂലൈ 28 മുതൽ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന ആരംഭിക്കുന്ന ഫോൺ നിങ്ങൾക്ക് ഇന്ന് മുതൽ വെറും 39,999 രൂപയ്ക്ക് മുൻകൂട്ടി ഓർഡർ ചെയ്യാം.