
Image: hungmobil
ബജറ്റ് ഫോണിൽ 'കർവ്ഡ് ഡിസ്പ്ലേ'; റിയൽമി 10 പ്രോ സീരീസ് ഇന്ത്യയിൽ; വിലയും വിശേഷങ്ങളും അറിയാം
text_fieldsറിയൽമി അവരുടെ നമ്പർ സീരീസിലെ ഏറ്റവും പുതിയ അവതാരമാണ് റിയൽമി 10 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമി 10 പ്രോ, റിയൽമി 10 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ഇന്ന് ലോഞ്ച് ചെയ്തത്. ആദ്യമായി ബജറ്റ് കാറ്റഗറിയിൽ അരിക് വളഞ്ഞ ഡിസ്‍പ്ലേ (കർവ്ഡ്) കൊണ്ടുവരികയാണ് 10 പ്രോ സീരീസിലൂടെ റിയൽമി. കൂടാതെ 108 മെഗാപിക്സൽ കാമറയും ജിയോ ട്രൂ 5ജി പിന്തുണയുമൊക്കെയുണ്ട്.
റിയൽമി 10 പ്രോ പ്ലസ് സവിശേഷതകൾ
ഹൈപ്പർ സ്‍പേസ് ഡിസൈനുമായാണ് റിയൽമി 10 പ്രോ പ്ലസ് എത്തിയത്. റിയൽമിയുടെ മുൻപത്തെ നമ്പർ സീരീസ് ഫോണുകളുമായി ഒരു സാമ്യതയുമില്ലാതെയാണ് പുതിയ താരത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പിൻഭാഗത്തെ വളരെ വലിയ കാമറ ഹൗസിങ്ങുകളും പ്രിസം ആക്സിലറേഷൻ പാറ്റേണുമൊക്കെ ഒരു പ്രീമിയം ലുക്ക് ഫോണിന് നൽകുന്നുണ്ട്. 173 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം. നെബുല ബ്ലൂ, ഡാർക് മാറ്റർ, ഹൈപ്പർസ്‍പേസ് ഗോൾഡ് എന്നീ കളറുകളിലാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 6.7 ഇഞ്ച് വലിപ്പമുള്ള കർവ്ഡ് അമോലെഡ് ഡിസ്‍പ്ലേയാണ്. അതിന് 120Hz റിഫ്രഷ് റേറ്റും HDR10+ -ഉം 950 നിറ്റ്സ് കൂടിയ ബ്രൈറ്റ്നസും 2160Hz പി.ഡബ്ല്യൂ.എം ഡിമ്മിങ്ങും 10-bit കളറിന്റെ മിഴിവും റിയൽമി നൽകിയിട്ടുണ്ട്. കൂടാതെ, ലോകത്തിലെ ആദ്യത്തെ ഫ്ലിക്കർ രഹിത TUB Rheinland സർട്ടിഫിക്കേഷനുമായി വരുന്ന ഡിസ്പ്ലേ കൂടിയാണ് റിയൽമി 10 പ്രോ പ്ലസിന്റേത്.
മീഡിയടെക് ഡൈമെൻസിറ്റി 1080p ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുണ്ട്. 8 ജിബി വരെ ഡൈനാമിക് റാമും സ്റ്റോറേജ് വിപുലീകരണവും അതിനൊപ്പം നൽകിയിട്ടുണ്ട്.
ഫോട്ടോഗ്രാഫിക്കായി, സാംസങ് HM6 സെൻസറും 6P ലെൻസുമുള്ള 108MP പ്രോലൈറ്റ് ക്യാമറയും 8MP അൾട്രാ വൈഡ് ലെൻസും 2MP മാക്രോ ക്യാമറയും ഫോണിലുണ്ട്. ഫ്രണ്ട് സ്‌നാപ്പർ 16 എംപിയാണ്. വ്യക്തമായ ചിത്രങ്ങൾ സമ്മാനിക്കുന്ന ഹൈപ്പർഷോട്ട് ഇമേജിംഗ്, മെച്ചപ്പെടുത്തിയ AI ക്യാമറ അൽഗോരിതം, സ്ട്രീറ്റ് ഫോട്ടോഗ്രാഫി 3.0, സൂപ്പർ ഗ്രൂപ്പ് പോർട്രെയ്റ്റ് മോഡ്, വൺ ടേക്ക് മോഡ്, സൂപ്പർ നൈറ്റ്‌സ്‌കേപ്പ് മോഡ് എന്നിവയും അതിലേറെയും ഫീച്ചറുകൾ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.
67W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററിയും 80W ഇൻ-ബോക്സ് ചാർജറും ഫോണിനൊപ്പമുണ്ട്. റിയൽമി 10 പ്രോ പ്ലസ് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 4.0-ലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഹൈപ്പർസ്മാർട്ട് ആന്റിന സ്വിച്ചിംഗ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്.
റിയൽമി 10 പ്രോ സവിശേഷതകൾ
റിയൽമി 10 പ്രോ പ്ലസിന്റെ അതേ ഡിസൈനിലാണ് ഇളയവനായ 10 പ്രോയും എത്തുന്നത്. എന്നാൽ ഫീച്ചറുകളിൽ ചെറിയ മാറ്റങ്ങളുണ്ട്. ഫോണിന്റെ 6.72 ഇഞ്ചുള്ള ഡിസ്‍പ്ലേയ്ക്ക് ഫ്ലാറ്റ് എഡ്ജുകളാണ്. സ്‌ക്രീനിന് 120Hz റിഫ്രഷ് നിരക്ക്, 680 nits ബ്രൈറ്റ്നസ് എന്നിവയുടെ പിന്തുണയുമുണ്ട്.
8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് കരുത്തേകുന്നത് സ്‌നാപ്ഡ്രാഗൺ 695 SoC ആണ്. 5,000mAh ബാറ്ററി ചാർജ് ചെയ്യാൻ 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്. 108എംപി പ്രോലൈറ്റ് ക്യാമറയും മാക്രോ ലെൻസുമാണ് പിൻകാമറ വിശേഷങ്ങൾ. 16എംപി സെൽഫി ഷൂട്ടറും ഫോണിലുണ്ട്. ഫിംഗർ പ്രിന്റ് സൈഡ് മൗണ്ടടാണ്. ഹൈപ്പർസ്പേസ് ഗോൾഡ്, ഡാർക്ക് മാറ്റർ, നെബുല ബ്ലൂ നിറങ്ങളിലാണ് ഫോൺ ലോഞ്ച് ചെയ്തത്.
വില വിവരങ്ങൾ
ഡിസംബർ 14-നാണ് റിയൽമി 10 പ്രോ പ്ലസ് വിപണിയിൽ എത്തുക, റിയൽമി 10 പ്രോ ഡിസംബർ 16-നും. ഫ്ലിപ്കാർട്ടിലൂടെയും കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ഫോണുകൾ വാങ്ങാം.
റിയൽമി 10 പ്രോ പ്ലസ്
- 6GB+128GB: Rs 24,999
- 8GB+128GB: Rs 25,999
- 8GB+256GB: Rs 27,999
റിയൽമി 10 പ്രോ
- 6GB+128GB: Rs 18,999
- 8GB+128GB: Rs 19,999
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
