
ഫോണിലുണ്ട് കൂളിങ് തന്ത്രങ്ങൾ
text_fieldsനേരിൽക്കണ്ടാൽ എല്ലാവർക്കും പറയാനൊരു കാര്യമേയുള്ളൂ; 'ഹൊ, എന്തൊരു ചൂടാ!'. സമൂഹമാധ്യമങ്ങളിലും നിറയെ ഉരുകുന്ന സൂര്യനാണ്. പുറത്തിറങ്ങാൻ സമയവും കാലവും നോക്കാതെ തരമില്ലെന്നായി. നമുക്ക് ചൂടുകുറക്കാൻ പലവഴികളുണ്ട്; തണുത്ത വെള്ളം കുടിക്കാം, മൂന്നുനേരം കുളിക്കാം, ഫാനിന്റെ കാറ്റേൽക്കാം. എന്നാൽ, നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോണിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഫോൺ ചൂടായാൽ എന്തുചെയ്യും? ശരീരം വിയർത്താൽ കാലാവസ്ഥയെ പഴിക്കാം. പേക്ഷ, ഫോൺ ചൂടാകുന്നതിന് കാലാവസ്ഥയെ കുറ്റം പറയാനൊക്കുമോ? നേരേത്ത ഈ പ്രശ്നമുണ്ടായിരുന്നില്ല. സ്മാർട്ട്ഫോണുകൾ കനം കുറഞ്ഞതും ഉപയോക്താക്കൾ കൂടുതൽ പ്രകടനശേഷി ആവശ്യപ്പെടുന്നതും കൂടിയതോടെ ചൂടാകുന്നത് സങ്കീർണ വിഷയമായി. ഏറെനേരം ഉപയോഗിക്കുന്നതും വിഡിയോ കാണലടക്കമുള്ള പലതരം കഠിനജോലികൾ ഒരേസമയം ഫോണിനെക്കൊണ്ട് ചെയ്യിക്കുന്നതുമാണ് കാരണം. വാഹനങ്ങളിലേതുപോലെ എയർ കൂളിങ്, ലിക്വിഡ് കൂളിങ് വിദ്യകൾ സ്മാർട്ട്ഫോണിലുമുണ്ട്. ഫോൺ എങ്ങനെയാകും ദേഹം തണുപ്പിക്കുകയെന്നുനോക്കാം.
എയർ കൂളിങ്
ആധുനിക സ്മാർട്ട് ഫോണുകൾ കുഞ്ഞൻ കമ്പ്യൂട്ടറുകളാണ്. ശേഷികൂടിയ ആപ്പുകൾ, വേഗമേറിയ പ്രൊസസറുകൾ, കനത്ത ഗ്രാഫിക്സ്, ഗെയ്മിങ് എന്നിവ കാരണം ഫോണുകളുടെ ജോലി കൂടി. ഈ അമിത ജോലിഭാരം മികച്ച സ്മാർട്ട്ഫോണുകളെ ചൂടാക്കുകയും ഒടുവിൽ പ്രകടനത്തെ ബാധിക്കുകയും ചെയ്യുന്നു. ഓടിച്ചൂടാകുന്ന ചെറിയ ഇരുചക്ര വാഹനങ്ങൾ എൻജിൻ തണുപ്പിക്കുന്നത് അന്തരീക്ഷ വായുവും ഫാനും ഉപയോഗിച്ചാണ്. എൻജിനിലെ അമിത ചൂട് അന്തരീക്ഷവായുവിലേക്ക് കൈമാറുകയും ഫാനുപയോഗിച്ച് തണുപ്പിക്കുകയുമാണ്. സാധാരണ സ്മാർട്ട്ഫോണുകളെല്ലാം ഇതുപോലെ വായു ഉപയോഗിച്ചാണ് തണുപ്പിക്കുന്നത്. ലിക്വിഡ് കൂളിങ് ഇല്ലാത്ത സാധാരണ ഫോണുകളിൽ, പ്രൊസസറിന്റെ വേഗം കുറച്ചിരിക്കുന്നതിനാൽ ചെറിയ ചൂട് മാത്രമാണ് സൃഷ്ടിക്കുന്നത്. ഫോൺ പ്രവർത്തിച്ച് പ്രൊസസർ ചൂടാകുേമ്പാൾ ബോഡിവഴി അന്തരീക്ഷത്തിലേക്ക് ചൂട് പുറന്തള്ളുകയാണ് ചെയ്യുക. സ്ഥലപരിമിതി കാരണം ഫോണിൽ ഫാൻ ഉപയോഗിക്കാൻ കഴിയില്ല. ചൂടിനെ തള്ളിക്കളയാൻ ഫോണുകൾക്ക് നിരവധി ദ്വാരങ്ങളുമുണ്ട്. ഫോണിലെ ദ്വാരങ്ങൾ അടയുന്നതരത്തിൽ പാകമല്ലാത്ത പൗച്ചുകളും കവറുകളും ഉപയോഗിക്കുന്നത് ഇത്തരം താപം കൈമാറൽ സംവിധാനത്തെ തടസ്സപ്പെടുത്തും. കവറുകൾ ഫോണിലെ ചൂട് അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുന്ന വഴി മുടക്കുന്നു. അതുകൊണ്ടാണ് കവറിട്ട ചില ഫോണുകൾക്ക് അമിത ചൂട് തോന്നുന്നത്.
ലിക്വിഡ് കൂളിങ്
സാധാരണ നമ്മൾ കാണുന്ന ഫോണുകളിലൊന്നും ഈ വിദ്യ കാണില്ല. മുൻനിര സ്മാർട്ട്ഫോണുകളിലാണ് കാണാനാവുക. 'വേപ്പർ ചേംബർ കൂളിങ്' എന്നാണ് പൊതുവായി പറയുക. പല കമ്പനികളും പല പേരാണ് ഉപയോഗിക്കുക. ഫോൺ ബ്രാൻഡുകൾക്കനുസരിച്ച് സാങ്കേതികവിദ്യയുടെ പേരും മാറും. പേരുപോലെ ദ്രാവകമാണ് തണുപ്പിക്കലിന് ഉപയോഗിക്കുന്നത്. വാഹനങ്ങളിൽ നമ്മൾ കൂളന്റ് ഒഴിക്കാറില്ലേ. കാറുകളിലും മുൻനിര ഇരുചക്രവാഹനങ്ങളിലും ഈ കൂളന്റ് ആണ് എൻജിനെ തണുപ്പിക്കുന്നത്. എൻജിനിൽ കൂടി കയറിയിറങ്ങുന്ന കൂളന്റ് താപത്തെ സ്വീകരിച്ച് റേഡിയേറ്റർ വഴി അന്തരീക്ഷ വായുവിന് കൈമാറുന്നു. അങ്ങനെ ചൂട് പോയി തണുത്ത കൂളന്റ് വീണ്ടും എൻജിനിലേക്ക് പോകുകയും ചൂടുമായി മടങ്ങിവരുകയും ചെയ്യുന്നു. ഇതേ വിദ്യതന്നെയാണ് സ്മാർട്ട്ഫോണുകളിലും കണ്ടുവരുന്നത്. ഫോണിൽ തണുപ്പിക്കുന്ന ദ്രാവകം നിറഞ്ഞ ചെമ്പുകുഴലുകൾ ഉണ്ടാകും. പ്രൊസസറിലെ താപം ദ്രാവകം നിറഞ്ഞ ചെമ്പുകുഴലുകൾ ആഗിരണം ചെയ്ത് അതിലുള്ള ദ്രാവകത്തെ നീരാവിയാക്കുന്നു. പിന്നീട് ഘനീഭവിച്ച് ദ്രാവകമാകുന്നു. ഇത് ഫോണിനകത്തെ താപനില കുറക്കുന്നു. ഫോണിന്റെ അകത്ത് താപനില ഉയരാതെ കൃത്യമായി നിലനിർത്താൻ ഇത് സഹായിക്കുന്നു. ലിക്വിഡ് കൂളിങ് ഉള്ള സ്മാർട്ട്ഫോണുകളുടെ അകത്തുള്ളതിനേക്കാൾ പുറത്ത് കൂടുതൽ ചൂട് തോന്നും.
ലൂപ്പ് ലിക്വിഡ് കൂൾ
ബഹിരാകാശ സാങ്കേതികവിദ്യയാണിത്. 2021 ൽ ഷവോമി ഫോണുകളിലേക്കും കൊണ്ടുവന്നു. ലൂപ്പ് ലിക്വിഡ് കൂൾ എന്നാണ് പേര്. പരമ്പരാഗത വേപ്പർ ചേമ്പർ കൂളിങ്ങിനേക്കാൾ തണുപ്പിക്കൽശേഷി ഈ വിദ്യക്കുണ്ടെന്നാണ് ചൈനീസ് കമ്പനിയുടെ വാദം. ഈ സാങ്കേതികവിദ്യ തണുപ്പിക്കൽ ദ്രാവകത്തെ താപ സ്രോതസ്സിലേക്ക് ആകർഷിക്കാൻ കേശികത്വം ഉപയോഗിക്കുന്നു. ഭൂഗുരുത്വത്തിനെതിരായി ദ്രാവകം സൂക്ഷ്മ സുഷിരങ്ങളിൽക്കൂടി മുകളിലേക്കുയരുന്നതോ താഴുന്നതോ ആയ പ്രതിഭാസമാണ് കേശികത്വം (Capillary action). സസ്യങ്ങളും വൃക്ഷങ്ങളും വെള്ളം വേരുകൾവഴി ഭൂമിയിൽനിന്ന് ഇലകളിലേക്ക് എത്തിക്കുന്നത് ഈ പ്രതിഭാസം വഴിയാണ്. ചൂട് ആഗിരണം ചെയ്ത ദ്രാവകം നീരാവിയാകുകയും അകത്തുള്ള ഒരു തണുത്തയിടത്തേക്ക് താപത്തെ പ്രസരിപ്പിക്കുകയും ചെയ്യുന്നു. നീരാവി തണുത്ത് ദ്രാവകമായി അടുത്ത ചക്രത്തിനായി വീണ്ടും താപസ്രോതസ്സിലേക്ക് പോകുന്നു. ഈ തുടർച്ചയായ ചാക്രിക പ്രവർത്തനം ചൂട് കുറക്കാൻ സഹായിക്കുന്നു. ഒരു ഹീറ്റ് പൈപ്പ് സിസ്റ്റം, ഒരു ബാഷ്പീകരണി, ഒരു കണ്ടൻസർ, ഒരു റീഫിൽ ചേംബർ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
ദ്രാവകങ്ങൾ
തണുപ്പിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്നത് വെള്ളം, ഡി-അയോണൈസ്ഡ് വാട്ടർ, ഗ്ലൈക്കോൾ/വാട്ടർ ലായനികൾ, ഫ്ലൂറോകാർബണുകൾ എന്നിവയാണ്. എങ്കിലും, മിക്ക സ്മാർട്ട്ഫോണുകളും ചെറിയ അളവിൽ വെള്ളം ഉപയോഗിക്കുന്നത് സാധാരണ നീരാവി രൂപത്തിലാണ്. ഈ ക്രമീകരണം സാങ്കേതികവിദ്യക്ക് 'വേപ്പർ ചേംബർ കൂളിങ്' എന്ന പേരുലഭിക്കാൻ കാരണമായി. ഈ സാങ്കേതികവിദ്യയുള്ള ആദ്യ രണ്ട് ബ്രാൻഡുകൾ നോക്കിയയും സാംസങ്ങും ആണ്. എന്നാൽ, ഇപ്പോൾ വിപണിയിൽ ഈ തണുപ്പിക്കൽരീതി ഉപയോഗിക്കുന്ന നിരവധി ഫോണുകളുണ്ട്.
വ്യത്യാസം
ലൂപ്പ് ലിക്വിഡ് കൂൾ, വേപ്പർ ചേംബർ കൂളിങ് സാങ്കേതികവിദ്യകൾ തമ്മിൽ വ്യത്യാസമുണ്ട്. വേപ്പർ ചേംബർ കൂളിങ്ങിൽ ദ്രാവകങ്ങൾക്കും വാതകങ്ങൾക്കും പ്രത്യേക പാത (ചാനൽ) ഇല്ല. ലൂപ്പ് ലിക്വിഡ് കൂളിങ്ങിൽ ഇതുണ്ട്. പ്രത്യേക പാത പ്രവർത്തനത്തിനിടെ ചൂടുള്ള വാതകങ്ങളും തണുത്ത ദ്രാവകവും കലരുന്നത് നിയന്ത്രിക്കുന്നു. ഇതിനായി ഷവോമി ടെസ്ല വാൽവ് ഉപയോഗിക്കുന്നു. ഉള്ളിൽനിന്ന് വാതകങ്ങൾ കടക്കാതെ വാൽവ് ദ്രാവകം മാത്രം കടന്നുപോകാൻ അനുവദിക്കുന്നു. ഈ സംവിധാനമില്ലെങ്കിൽ കാലക്രമേണ ഉപകരണത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.
l