ബി.എസ്​.എൻ.എലിനെ കരകയറ്റാൻ മാർഗനിർദേശങ്ങളുമായി പുതിയ സി.എം.ഡി

  • അമിത്​ ഷായുടെ നേതൃത്വത്തിൽ മന്ത്രിതല സമിതി

തൃശൂർ: നഗര പ്രദേശങ്ങളിലെ ലാൻറ്​ ​ഫോൺ തകരാർ പരാതി ലഭിച്ച്​ നാല്​ മണിക്കൂറിനകം നന്നാക്കക്കണം. ഗ്രാമങ്ങളിൽ ഇതിന്​ ആറ്​ മണിക്കൂറാണ്​ സമയം. ഇൻറർനെറ്റ്​ കണക്​ഷൻ തകരാർ 24 മണിക്കൂറിനകവും എഫ്​.ടി.ടി.എച്ച്​ (ഫൈബർ ടു ദ ഹോം) കണക്​ഷൻ സംബന്ധിച്ച പരാതി 48 മണിക്കൂറിനുള്ളിൽ പരിഹരിച്ചിരിക്കണം. ബഹുമുഖ പ്രതിസന്ധി നേരിടുന്ന ബി.എസ്​.എൻ.എലിനെ കരകയറ്റാനുള്ള പല നിർദേശങ്ങളിൽ ചിലതാണിത്​. പുതിയ ചെയർമാൻ-കം-മാനേജിങ്​ ഡയറക്​ടർ പി.കെ. പുർവാർ സർക്കിൾ, ജില്ലാ മേധാവികൾക്ക്​ ചൊവ്വാഴ്​ച അയച്ച ഡെമി ഒഫിഷ്യൽ (അർധ ഔദ്യോഗികം) കത്തിലാണ്​ ഇതടക്കമുള്ള മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നത്​.

ഗുരുതര പ്രശ്​നങ്ങൾ അഭിമുഖീകരിക്കുന്ന ബി.എസ്​.എൻ.എലി​​െൻറ നവീകരണത്തിന്​ സർക്കാരും മാനേജ്​മ​െൻറും കഠിന പരിശ്രമം നടത്തുന്നുവെന്ന്​ അവകാശപ്പെട്ട്​ തുടങ്ങുന്ന കത്തിലാണ്​ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ജീവനക്കാർക്ക്​ നിർദേശങ്ങൾ നൽകിയിരിക്കുന്നത്​. പ്രവർത്തനം മെച്ചപ്പെടുത്തുകയും അതുവഴി വരുമാനം വർധിപ്പിക്കുകയും വേണമെന്നാണ്​ രണ്ട്​ ​പേജുള്ള കത്തിലെ സന്ദേശം. 

ലാൻഡ്​ലൈൻ, ബ്രോഡ്​ബാൻറ്​, എഫ്​.ടി.ടി.എച്ച് വരിക്കാരുടെ എണ്ണം ഉയർത്തണം. ലാൻഡ്​ലൈൻ ഉപഭോക്താക്ക​ൾ കുറയുന്നുണ്ട്​. ഇത്​ കഴിഞ്ഞ മാർച്ച്​ 31ലെ അവസ്ഥയിലേക്കെങ്കിലും ഉയർത്തണം. എഫ്​.ടി.ടി.എച്ച്​ വരിക്കാരുടെ എണ്ണം 2018-‘19ൽ ഉണ്ടായിരുന്നതി​​െൻറ ഇരട്ടിയാക്കണം. മൊബൈൽ വരിക്കാരുടെ എണ്ണം മാസം രണ്ട്​ ദശലക്ഷം വർധിപ്പിക്കണം. ഇതിന്​ റീടെയിൽ രംഗത്തുള്ള വ്യാപാരികളുമായി ബന്ധപ്പെട്ട്​ മേളകളും മറ്റും നടത്തി ബ്രാൻഡിങ്​ ശക്തമാക്കണം. ഓരോ സാമ്പത്തിക വർഷവും വരുമാനത്തിൽ 10 ശതമാനം വർധനവാണ്​ ലക്ഷ്യം.

കുടിശ്ശിക പിരിവിന്​ ‘പ്രോജക്​ട് ഐശ്വര്യ’ പ്രഖ്യാപിച്ചിട്ടുണ്ട്​. ബി.എസ്​.എൻ.എലി​​െൻറ ഒഴിവുള്ളതും ഉപയോഗം കുറവുള്ളതുമായ കെട്ടിടങ്ങൾ വാടകക്ക്​ നൽകി ഈ സാമ്പത്തിക വർഷം 1,000 കോടി രൂപ  സമാഹരിക്കണം. ഊർജ ഉപയോഗം പരമാവധി കുറക്കണം. പുറംകരാർ നൽകുന്നത്​ കഴിയാവുന്നത്ര ഒഴിവാക്കി കമ്പനിയുടെ മനുഷ്യ വിഭവശേഷി വിനിയോഗിക്കുന്നതിലൂടെ പ്രവർത്തനച്ചെലവ്​ കുറക്കാം. ഇത്​ കർശനമായി പാലിക്കണം. ഈ നിർദേശങ്ങൾ ഓരോ സർക്കിളിലും നടപ്പാകുന്നുണ്ടെന്ന്​ ഉറപ്പ്​ വരുത്താൻ താൻ സൂക്ഷ്​മമായി നിരീക്ഷിക്കുമെന്നും സി.എം.ഡിൽ കത്തിൽ അറിയിച്ചിട്ടുണ്ട്​.

അതേസമയം; ‘ബി.എസ്​.എൻ.എൽ നിങ്ങളുടെ വാതിൽപ്പടിയിൽ’ എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയ ജീവനക്കാരുടെ സംയുക്ത സംഘടനകൾ സി.എം.ഡിയുടെ നിർദേശങ്ങൾ സ്വീകാരിക്കുന്നുണ്ടെങ്കിലും ഇതെല്ലാം എങ്ങനെ സാധ്യമാക്കുമെന്ന്​ അറിയാത്ത അവസ്ഥയിലാണ്​. ഉപകരണങ്ങളും സാമഗ്രികളും ആവശ്യത്തിന്​ കിട്ടാതായിട്ട്​ കാലങ്ങളായി. കേടായ ഫോണിന്​ പകരം നൽകാൻ പോലുമില്ല. കേബിളനുപോലും ക്ഷാമമുണ്ട്​. 4ജി ഇല്ലാത്തത്​ ​മൊബൈൽ രംഗത്ത്​ എതിരാളികളോട്​ പിടിച്ചു നിൽക്കാനുള്ള ശേഷി ചോർത്തിയിട്ടുണ്ട്​. ജീവനക്കാർ വൻതോതിൽ വിരമിക്കുന്നുണ്ട്​. അതോടൊപ്പം, ഫീൽഡിൽ ജോലി ചെയ്യുന്ന കരാറുകാരെ കൂട്ടത്തോടെ ഒഴിവാക്കുന്നു. നിലവിലുള്ള കരാറുകാർക്ക്​ വേതനം മാസങ്ങളായി കുടിശികയാണ്​. ഈ അവസ്ഥയിൽ എത്ര രംഗത്തിറങ്ങിയാലും ഫലം കുറയുമെന്നാണ്​ സംഘടനകളുടെ ഐക്യവേദി ചൂണ്ടിക്കാട്ടുന്നത്​.

അതിനിടെ; ബി.എസ്​.എൻ.എലി​​െൻറയും ഡൽഹി, മുംബൈ നഗരങ്ങളിൽ പ്രവർത്തിക്കുന്ന​ പൊതുമേഖലാ ടെലികോം കമ്പനിയായ എം.ടി.എൻ.എലി​​െൻറയും (മഹാനഗർ ടെലികോം നിഗാം ലിമിറ്റഡ്​) പ്രശ്​നങ്ങൾ പരിശോധിക്കാനും പരിഹാരം കാണാനും കേന്ദ്ര സർക്കാർ മന്ത്രിതല സമിതി രൂപവത്​കരിച്ചു. അമിത്​ ഷായുടെ നേതൃത്വത്തിലുള്ള സമിതിയിൽ ടെലികോം വകുപ്പു മന്ത്രി രവിശങ്കർ പ്രസാദും ധനമന്ത്രി നിർമല സീതാരാമനും അംഗങ്ങളാണ്​. സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്​ച നടന്നെങ്കിലും പ്രത്യേക നിർദേശങ്ങളൊന്നും ഉയർന്നിട്ടില്ലെന്നാണ്​ വിവരം.

Loading...
COMMENTS