ഫോൺ വാങ്ങാനാണോ...? 15000 രൂപക്ക്​ വാങ്ങാവുന്ന കിടിലൻ മോഡലുകൾ

asus-vs-realme

നിത്യ ജീവിതത്തിൽ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്​ സ്​മാർട്​ഫോണുകൾ. ദിവസത്തിൻെറ നല്ലൊരു ഭാഗത്തിലും നാം മുഴുകിയിരിക്കുന്നത് ഇൗ പറഞ്ഞ സ്​മാർട്​ഫോണിലാണ്. സ്​മാർട്​ഫോൺ ഏത്​ വാങ്ങുമെന്നതിന്​​ മുമ്പ്​ രണ്ടു വട്ടം ചിന്തിച്ചിരുന്നിടത്ത്​ ഇപ്പോൾ 100 വട്ടം ചിന്തിക്കുന്ന അവസ്ഥയിലാണുള്ളത്.

പണം ഒരു പ്രശ്​നമാണ്..

ഒരു ശരാശരി യുവാവി​​െൻറ ഗൂഗിൾ സെർച്ച്​ ഹിസ്റ്ററി പരിശോധിച്ചാൽ BEST SMARTPHONE UNDER 15000 എന്ന്​ കാണുന്നുവെങ്കിൽ അതിനെ കുറ്റം പറയാൻ കഴിയില്ല...ഇടത്തരക്കാർ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്​ ഇടത്തരം സ്​മാർട്​ഫോണുകളാണ്​. ഇൗ ഇടത്തരം എന്നുള്ളത്​ സ്​മാർട്​ഫോണി​​െൻറ ഗുണത്തിലല്ല... പണത്തിലാണ്​.. അതെ ! ചെറിയ തുകക്ക്​ ഏറ്റവും കൂടുതൽ ഗുണങ്ങൾ നൽകുന്ന സ്​മാർട്​​േഫാണുകളാണ്​ ഇന്നത്തെ യുവത്വം മുതൽ എല്ലാ പ്രായത്തിലുള്ളവരും തേടുന്നത്​.. അതിന്​ കാരണവുമുണ്ട്​.. 

ഇൗ നൂറ്റാണ്ട്​ കച്ചവടത്തി​​െൻറയും പരസ്യങ്ങളുടെയും കണ്ടു പിടുത്തങ്ങളുടെയും നൂറ്റാണ്ടാണ്​..മറ്റെല്ലാ മേഖലകളിലുമുള്ളതുപോലെ സ്​മാർട്​ഫോണുകളുടെ രൂപത്തിലും ഭാവത്തിലും ദിനപ്രതി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു..സ്​മാർട്​ഫോണുകളിൽ പുതിയ മാറ്റങ്ങൾ വരുന്നതിന്​ അനുസരിച്ച് അവ അനുഭവിക്കാൻ കൊതിക്കുന്ന ഗാഡ്​ജറ്റ്​ പ്രാന്തന്മാരായ സമൂഹം കയ്യിലുള്ള ഫോണുകൾ മാറ്റി പുതിയ മോഡൽ തേടാൻ വെമ്പൽ കൊള്ളുന്നു..

അത്​ പോക്കറ്റിന്​ ആഘാതമാവാതിരിക്കണമെങ്കിൽ മിഡ്​റേഞ്ചിലുള്ള മോഡൽ തന്നെ വാങ്ങണം.. കൂടിവന്നാൽ ഒരു 15000 രൂപയുടെ ഫോൺ. അത്​ ഒരു വർഷത്തേക്കോ, രണ്ടു വർഷത്തേക്കോ ഉപയോഗിച്ച്​ വിൽക്കുകയോ, എക്​സ്​ചേഞ്ച്​ ചെയ്യുകയോ ചെയ്​ത്, കാലത്തിനനുസരിച്ച്​ മാറ്റങ്ങൾ വന്ന​ പുതിയ മോഡൽ വാങ്ങുന്നത്​ സാമ്പത്തികമായി വലിയ നഷ്​ടം വന്നു എന്ന കുറ്റബോധം ഉണ്ടാക്കിയേക്കില്ല... അല്ലേ...! ഉപഭോക്​താവി​​െൻറ ഇൗ സൈക്കോളജി ഏതൊക്കെ സ്​മാർട്​ഫോൺ ബ്രാൻറുകൾ മനസ്സിലാക്കിയോ, അവർക്ക്​ ഇന്ത്യയിൽ വിപണി പിടിക്കാം.സ്​മാർട്​ഫോൺ സാമ്രാജ്യത്തിൽ കിരീടം വെച്ച രാജാക്കൻമാരായി വിലസാം...

15000 രൂപക്കുള്ളിൽ വാങ്ങാവുന്ന ഫോൺ

ഷവോമി, ഹോണർ, അസ്യുസ്​, റിയൽമി, മോട്ടറോള എന്നീ കമ്പനികളാണ്​ ഇന്ത്യയിൽ നിലവിൽ ബഡ്​ജറ്റ്​, മിഡ്​റേഞ്ച്​ വിപണിയിൽ ഫോണുകൾ വിറ്റഴിക്കുന്നവരിൽ മുമ്പൻമാർ. ഇൗ ബ്രാൻറുകളിൽ നിന്നും തെരഞ്ഞെടുത്ത ഏറ്റവും നല്ല ഫോണുകൾ പരിചയപ്പെടാം...

അസ്യുസ് സെൻഫോൺ​ മാക്​സ്​ പ്രോ എം 2

asus-max-pro-m2

ഇന്ത്യയിൽ സ്​മാർട്​ഫോൺ വിപണിയിലേക്ക്​ കടന്ന്​ വിജയം വരിച്ച തായ്​വാൻ കമ്പനിയാണ്​ അസ്യുസ്​. അസ്യുസി​​​​​​​​​െൻറ സെൻഫോൺ സീരീസ്​ ഒരു കാലത്ത്​ മാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റു പോയിരുന്നുവെങ്കിലും നിരന്തരം ഫോണുകൾക്ക്​ പ്രശ്​നങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെടുകയും സർവീസിൽ വന്ന വീഴ്​ചയും ഒരു ഘട്ടത്തിൽ തിരിച്ചടിയായി. 

എന്നാൽ അസ്യുസി​​​​​​​​​െൻറ തിരിച്ചുവരവ്​ ബ്രഹ്മാണ്ഡമായിരുന്നു. സാക്ഷാൽ അസ്യുസ് സെൻഫോൺ​ മാക്​സ്​ പ്രോ എം 1 എന്ന സ്​റ്റോക്​ ആൻഡ്രോയ്​ഡ്​ ഫോൺ അവതരിപ്പിച്ചതോടെ ഇന്ത്യൻ മാർക്കറ്റിൽ അസ്യുസിന്​ വീണ്ടും ജീവൻ വെച്ചു. ഫ്ലിപ്​കാർട്ടിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ഫോണുകളിൽ ഒന്നായി മാറി. 

5000 എം.എ.എച്ച്​ എന്ന കിടിലൻ ബാറ്ററിയും ലോഹനിർമിതിയും സ്​നാപ്​ഡ്രാഗ​​​​​​​​​െൻറ മിഡ്​റേഞ്ചിലെ ഏറ്റവും മികച്ച 636 പ്രൊസസറുമൊക്കെ വിപണിയിൽ വലിയ പോസിറ്റീവായി മാക്​സ്​ പ്രോ എം. 1ന്​ ഭവിച്ചു.

എന്നാൽ നിലവിൽ മാക്​സ്​ പ്രോ എം 1 അല്ല അസ്യുസി​​​​​​​​​െൻറ ഏറ്റവും നല്ല ഫോൺ. എല്ലാം കൊണ്ടും അതി​നെ മറികടക്കുന്ന പുതുമുഖമാണ് അവതരിപ്പിക്കാനിരിക്കുന്ന സെൻഫോൺ മാക്​സ്​ പ്രോ എം. 2.

പതിവ്​ പോലെ 5000 എം.എ.എച്ച്​ ബാറ്ററി, കൂ​ടെ ഫ്ലാഗ്​ഷിപ്പ്​ മോഡലുകളോട്​ കിടിപിടിക്കുന്ന ​ഡിസൈൻ, മുൻ മോഡലിനെ വെല്ലുന്ന കാമറയും ചേരുന്നു. 12MP + 5MP​ സോണി ​െഎ.എം.എക്​സ്​ സെൻസറടങ്ങിയ കാമറയിൽ വലിയ പുരോഗതിയാണ്​ അസ്യുസ്​ വരുത്തിയത്​. കൂടുതൽ വലിപ്പവും മിഴിവുമുള്ള നോച്ച്​ ഡിസ്​പ്ലേ, അതിന്​ 2280 x 1080 റെസൊല്യൂഷൻ, ഇതിനെ എല്ലാം നിശ്​പ്രഭമാക്കുന്ന വേഗതയും.

asus-max-pro-m2-and-m2

സ്​നാപ്​ഡ്രാഗ​​​​​​​​​െൻറ 660 പ്രൊസസറാണ്​ പുതിയ മാക്​സ്​ പ്രോ എം. 2വിന്​ കരുത്ത്​ പകരുന്നത്​. നിലവിൽ 15000 രൂപക്ക്​ താഴെ ഇൗ പ്രൊസസർ നൽകുന്ന രണ്ടാമത്തെ ബ്രാൻറാണ്​ അസ്യുസ്​. 

ഗൊറില്ല ഗ്ലാസ്​ 6 ​​​​​​​​​െൻറ കരുത്തുറ്റ സുരക്ഷ സംവിധാനം അടങ്ങുന്ന ഡിസ്​പ്ലേ മാക്​സ് പ്രോ എം. 2ന്​ അസ്യുസ്​ നൽകിയിട്ടുണ്ട്​. പരസ്യങ്ങളിൽ ഇൗ ഗുണം പ്രത്യേകം എടുത്ത്​ പറഞ്ഞതോടെ മറ്റ്​ സ്​മാർട്​ഫോൺ ബ്രാൻറുകളിൽ തെന്നി മാറിയേക്കാവുന്ന ഉപഭോക്​താക്കളെ മാക്​സ്​ പ്രോ എം. 2ലേക്ക്​ ആവാഹിക്കാൻ അസ്യുസിനായി എന്ന്​ പറയാം. ഫ്ലാഗ്​ഷിപ്പ്​ ഫോണുകളിൽ പോലും അധികം കാണാത്ത ഇൗ ഗുണം തെല്ലൊന്നുമല്ല വിപണിയിൽ ഇൗ തായ്​വാൻ കമ്പനിക്ക്​ നേട്ടം സമ്മാനിക്കാൻ പോകുന്നത്​. 

സെൻഫോൺ മാക്​സ്​ ​പ്രോ എം. 2​​​​​​​​​െൻറ 32 ജീബി/3 ജീബി മോഡലിന്​ 12999 രൂപയും 64ജീബി/4 ജീബി മോഡലിന്​ 14999 രൂപയുമാണ്​ വില. നിലവിൽ 15000 അല്ലെങ്കിൽ 13000 രൂപ കയ്യിലുള്ളവർക്ക്​ എടുക്കാൻ ഏറ്റവും മികച്ച ഫോൺ ഇതു തന്നെ. ഡിസംബർ 18 മുതൽ ഫ്ലിപ്​കാർട്ടിൽ ലഭ്യമായി തുടങ്ങും.

റിയൽമി 2 പ്രോ

realme-technology news

ഒപ്പോയുടെ സബ്​ ബ്രാൻറായി വന്ന്​ ഇന്ത്യൻ സ്​മാർട്​ഫോൺ വിപണിയിൽ അപ്രതീക്ഷിത ആധിപത്യം സ്ഥാപിക്കാനായ ബ്രാൻറായിരുന്നു റിയൽമി. കാര്യം 2010ൽ തന്നെ റിയൽമി എന്ന പേരിൽ ഒപ്പോ ഫോണുകൾ നിർമിച്ചു തുടങ്ങിയിരുന്നു എങ്കിലും ഇടക്ക്​ നിർത്തലാക്കി വീണ്ടും ഇന്ത്യയിൽ സ്​മാർട്​ഫോൺ വിപണിയിലേക്ക്​ പ്രവേശിക്കുകയായിരുന്നു. വൈകാതെ സ്വതന്ത്ര ബ്രാൻറായി മാറിയ റിയൽമി ഇന്ത്യൻ ഒാൺലൈൻ മാർക്കറ്റിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു.

റിയൽമി 1 എന്ന സ്​മാർട്​ഫോൺ ആമസോണിലൂടെ അവതരിപ്പിച്ച്​ തുടക്കം കുറിച്ച റിയൽമിക്ക്​ പിന്നീട്​ തിരിഞ്ഞ്​ നോക്കേണ്ടി വന്നിട്ടില്ല. റിയൽമി 1 എന്ന സ്​മാർട്​ഫോണിന്​ വൻ വിൽപനയാണ്​ ഒാൺലൈൻ വിപണിയിൽ ലഭിച്ചത്​. എന്തായിരുന്നു അതി​​​​​​​​​െൻറ കാരണം...?

വേഗത...! അ​തു തന്നെയായിരുന്നു ഒരു കാരണം. റിയൽമി 1 എന്ന ആദ്യ മോഡലിൽ അവർ ഉൾപെടുത്തിയ ‘മീഡിയാ ടെക്​ ഹീലിയോ പി60’ എന്ന ​പ്രൊസസർ ഫോണിന് മാത്രമല്ല വേഗത നൽകിയത്​ റിയൽമി എന്ന ബ്രാൻറിന്​ തന്നെയായിരുന്നു. വില കുറച്ച്​ ഗുണങ്ങൾ കൂട്ടി അവതരിപ്പിച്ച മോഡലിന്​ പിന്നാലെ പുതിയ റിയൽമി 2 എന്ന മോഡലും ബ്രാൻറ്​ പുറത്തിറക്കി.

റിയൽമി 2 ​പ്രോ എന്ന വമ്പൻ താരത്തെ അവതരിപ്പിച്ചതോടെ മിഡ്​റേഞ്ച്​ ശ്രേണിയിൽ റിയൽമി അവരുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്ന കാഴ്​ചയായിരുന്നു.

realme-2-pro-front

15000 രൂപ വില വരുന്ന മോഡലുകളിലെ ഏറ്റവും മനോഹരമായ ഡിസ്​പ്ലേ. അതായിരുന്നു റിയൽമി 2 പ്രോയുടെ ആകർഷണീയതയിൽ ഒന്ന്​. മറ്റ്​ ഫോണുകളിലെ നോച്ചുകളെ അ​േപക്ഷിച്ച്​ വാട്ടർ ഡ്രോപ്​ പോലുള്ള കുഞ്ഞൻ നോച്ചായിരുന്നു 2 പ്രോക്ക്​. കൂടെ 2340 x 1080 പിക്​സൽ റെസൊല്യൂഷനുള്ള ഫുൾ എച്ച്​ ഡി ഡിസ്​പ്ലേയുമുണ്ട്​.

ക്വാൽകോമി​​​​​​​​​െൻറ സ്​നാപ്​ഡ്രാഗൺ 660 പ്രൊസസറാണ്​ റിയൽമി 2 പ്രോയെയും ഇൗ ശ്രേണിയിലെ രാജാവാക്കുന്നത്​. അഡ്രിനോ 512 ജീപീയു മികച്ച ഗെയിമിങ്ങും ഉറപ്പുവരുത്തുന്നു. 3500 എ.എ.എച്​ ബാറ്ററി ഒരു ദിവസം മുഴുവൻ നിലനിൽക്കുന്നതാണ്​. മറ്റ്​ ഫോണുകളെ അപേക്ഷിച്ച്​ പ്ലാസ്റ്റിക്​ നിർമിതമാണ്​ എന്ന പോരായ്​മ നിലനിൽക്കെ - റിയൽമി 2 പ്രോക്ക്​ തൂക്കം കുറവാണ്​ എന്ന ഗുണവുമുണ്ട്​. കൂടാതെ മികച്ച ഡിസൈനും നൽകിയിട്ടുണ്ട്​. ഫ്ലിപ്​കാർട്ടിലൂടെ ഫ്ലാഷ്​ സെയിലിലാണ്​ ഫോൺ വിൽപന നടത്തുന്നത്​. 

റിയൽമി യു 1

റിയൽമി ഇൗ വർഷാവസാനം അവതരിപ്പിച്ച സെൽഫി സ്​മാർട്​ഫോണാണ്​ റിയൽമി യു1. സെൽഫിയോട്​ ഭ്രമമുള്ളവരെ മുന്നിൽ കണ്ട്​ അവതരിപ്പിച്ച യു 1 രൂപത്തിലും ഭാവത്തിലും റിയൽമി 2 പ്രോക്ക്​ സമമാണ്​. എന്നാൽ സെൽഫി മാത്രമല്ല യു 1​​​​​​​​​െൻറ സവിശേഷത. മീഡിയാ ടെകി​​​​​​​​​െൻറ കരുത്തുറ്റ ഹീലിയോ പി70 പ്രൊസസർ അടങ്ങി വരുന്ന ആദ്യത്തെ സ്​മാർട്​ഫോണായി മാറിയിരിക്കുകയാണ്​ യു 1. 

25MP യുള്ള എ.​െഎ സെൽഫി കാമറ ഇൗ ശ്രേണിയിലുള്ള മറ്റെല്ലാ സ്​മാർട്​ഫോണുകളെയും പിന്നിലാക്കുന്ന തരത്തിലുള്ളതാണ്​. സോണി ​െഎ.എം.എക്​സ്​ സെൻസർ ആണ്​ യു 1​​​​​​​​​െൻറ സെൽഫി കാമറക്ക്​ നൽകിയിരിക്കുന്നത്​. 13MP+2MP പിൻകാമറ റിയൽമി 2 പ്രോയുടെ അത്ര ഗുണമില്ലെങ്കിൽ കൂടി മികച്ച ഒൗട്​പുട്ട്​ നൽകുന്നുണ്ട്​. 4 ജീബി/ 64 ജീബി മോഡലിന്​ 14499 രൂപയാണ്​ റിയൽമി വിലയിട്ടിരിക്കുന്നത്​.

മികച്ച ​െസൽഫി കാമറയും അതിവേഗതയുള്ള പെർഫോമൻസും ആവശ്യമുള്ളവർക്ക്​ യു.1 എടുക്കാം.

റെഡ്​മി നോട്ട്​ 6 / നോട്ട് 5 പ്രോ...

ഷവോമി എന്ന ചൈനീസ്​ സ്​മാർട്​ഫോൺ ബ്രാൻറാണ്​ മുകളിൽ പറഞ്ഞ രണ്ട്​ മോഡലുകൾ അടക്കമുള്ള സ്​മാർട്​ഫോണുകൾ ഇന്ത്യയിൽ ഉദയം കൊള്ളാൻ കാരണക്കാർ എന്ന്​ പറഞ്ഞാൽ വിശ്വസിക്കുമോ...? 

വിലയ്​ക്കൊത്ത ഫീച്ചറുകൾ അല്ലെങ്കിൽ അതിനെ മറകടക്കുന്ന ഫീച്ചറുകൾ കുത്തി നിറച്ച്​ വരുന്ന സ്​മാർട്​ഫോണുകളായിരുന്നു ഷവോമിയെ ഇന്ത്യയിൽ ജനപ്രിയമാക്കിയത്​. 2015ൽ എ.​െഎ 4​െഎ എന്ന സ്​മാർട്​ഫോൺ അവതരിപ്പിച്ച്​ ഇന്ത്യൻ വിപണിയിൽ കാലെടുത്തുവെച്ച ഷവോമി ഇന്ന്​ ഇന്ത്യയിലെ ഏറ്റവും വലിയ സ്​മാർട്​ഫോൺ ബ്രാൻറാണ്​. 

ഷവോമി ഇന്ത്യയിലേക്ക്​ വരുന്നതിന്​ മുമ്പ്​ ഒരു പത്രത്തിൽ വന്ന വാർത്ത കൗതുകമുണർത്തുന്നതായിരുന്നു.​ ചൈനയുടെ ആപ്പിൾ അല്ലെങ്കിൽ ആപ്പിളിനെ മറികടക്കാൻ പോന്ന പുതിയ സ്​മാർട്​ഫോൺ നിർമാതാക്കൾ ഇന്ത്യൻ മാർക്കറ്റ്​ പിടിക്കാനെത്തുന്നു എന്ന രീതിയിലായിരുന്നു വാർത്ത. അന്ന്​ അത്​ കണ്ട്​ ചിലർ നെറ്റി ചുളിച്ചു. പ്രത്യേകിച്ച്​ ആ ബ്രാൻറി​​​​​​​​​െൻറ പേര്​ കേട്ടവരൊക്കെ ചിരിച്ചു തള്ളി. എന്നാൽ ഷവോമി ഇന്ന്​ എത്തി നിൽക്കുന്നത്​ സ്വപ്​ന തുല്യമായ നേട്ടത്തിലും.

ചരിത്രമായ റെഡ്​മി സീരീസ്​

ഷവോമിയുടെ ബജറ്റ്​ സ്​മാർട്​ഫോൺ സീരീസാണ്​ റെഡ്​മി. മുമ്പായിരുന്നുവെങ്കിൽ ഇങ്ങനെ പരിചയപ്പെടുത്തണം. എന്നാൽ ഇന്ന്​ പത്തിൽ ഒരാൾ ഉപയോഗിക്കുന്ന സ്​മാർട്​ഫോൺ റെഡ്​മി ആയി മാറിയിരിക്കുന്നു. റെഡ്​മി സീരീസിലെ റെഡ്​മി 1, റെഡ്​മി 1 എസ്​. മുതൽ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ റെഡ്​മി നോട്ട്​ 5 പ്രോ, റെഡ്​മി നോട്ട്​ 6 പ്രോ എന്നീ മോഡലുകൾ വരെ ഇന്ത്യയിൽ ചൂടപ്പം പോൽ വിറ്റ്​ പോയിട്ടുണ്ട്​.

റെഡ്​മി നോട്ട്​ 5 പ്രോയുടെ പിൻഗാമിയായി വിപണിയിലെത്തിച്ച നോട്ട്​ 6 പ്രോ, നോട്ട്​ 5 പ്രോയിൽ ​പ്രവർത്തിക്കുന്ന പ്രൊസസറായ ക്വാൽകോമി​​​​​​​​​െൻറ സ്​നാപ്​ഡ്രാഗൺ 636 ​പ്രൊസസറിൽ തന്നെയാണ്​ പ്രവർത്തിക്കുന്നത്​. എന്നാൽ മുൻമോഡലിനെ അപേക്ഷിച്ച്​ മികച്ച ഒൗട്​പുട്ട്​ തരുന്ന നോച്ച്​ ഡിസ്പ്ലേ, കൂടുതൽ മികവുള്ള കാമറയും ഉണ്ട്​. പ്രത്യേകിച്ച്​ ഇരട്ട പിൻകാമറയാണ്​ എടുത്തുപറയേണ്ടത്​. 12MP + 5MP ഇരട്ട പിൻകാമറക്കൊപ്പം 20MP + 2MP ഇരട്ട മുൻകാമറ നോട്ട്​ 6 പ്രോയെ ഗംഭീരമാക്കുന്നു. ബാറ്ററിയും റെഡ്​മി നോട്​ 5 പ്രോയുടെ സമാനമായ 4000 എം.എ.എച്ചാണ്​.

പെർഫോമൻസിൽ റിയൽമിക്കും സെൻഫോണിനും പിന്നിലാണെങ്കിലും കാമറ നൽകുന്ന ഒൗട്​പുട്ടിൽ റെഡ്​മിക്ക്​ പിന്നിൽ തന്നെയാണ്​ മറ്റ്​ ബ്രാൻറുകൾ. മികച്ച കാമറയാണ്​ നിങ്ങളുടെ ലക്ഷ്യമെങ്കിൽ ധൈര്യമായി നോട്ട്​ 6 പ്രോ എടുക്കാം.

മോ​േട്ടാ വൺ പവർ

moto-one-power

ലെനോവോ ഏറ്റെടുത്തതിന്​ ശേഷം മോട്ടറോളയുടെ ലെഗസി കുറച്ച്​ കുറ​ഞ്ഞോ...? സ്​മാർട്​ഫോൺ പ്രാന്തന്മാർ പരാതി പറയുന്നതിനെ കുറ്റം പറയാനാവില്ല. ഇന്ത്യൻ വിപണിയിൽ മുടിചൂടാ മന്നൻമാരായി വാണ ലെനോവോ. ഇടക്ക്​ ഒാടിത്തളർന്ന്​ പിൻവാങ്ങിയിരുന്നു. എന്നാൽ അന്തസ്സായി മുന്നോട്ട്​ പോവുകയായിരുന്ന മോ​േട്ടായെ അവർ ഇടക്ക്​ വിവാഹം കഴിച്ച്​ ക​ൂടെ കൂട്ടി. അതോടെ മോ​േട്ടാ ആരാധകന്മാർ പുതിയ മേച്ചിൽപുറങ്ങൾ തേടി പോവുകയും ചെയ്​തു.

എന്നാൽ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഒരു വരവ്​ കൂടി മോ​േട്ടാ വന്നു. മോ​േട്ടാ വൺ പവർ എന്ന പവർഹൗസുമായിട്ടായിരുന്നു. ആൻഡ്രോയ്​ഡ്​ വൺ എന്ന സ്​റ്റോക്​ ആൻഡ്രോയ്​ഡ്​ യൂസർ ഇൻറർഫേസോടു കൂടി 5000 എം.എ.എച്ച്​ ബാറ്ററിയും കിടിലൻ ലോഹ നിർമിതിയിലുള്ള ഡിസൈനും ​േചർന്നതോടെ ഒന്നാന്തരമൊരു സ്​മാർട്​ഫോണായി വൺ പവർ.

one-power.jpg

സ്​നാപ്​ഡ്രാഗൺ 636 പ്രൊസസറും 1080 x 2246 പിക്​സൽ വ്യക്​തതയുള്ള നോച്ച്​ ഡിസ്​പ്ലേയുമൊക്കെയായി അവർ എത്തിയപ്പോൾ ഇന്ത്യൻ യുവത ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ കൂടെ മത്സരിക്കാൻ ആഴ്​ചകൾക്കുള്ളിൽ പുതിയ അവതാരങ്ങൾ പിറവിയെടുത്തതോടെ പതിനെട്ടാം അടവും അവർ പ്രയോഗിച്ചു.

ആൻഡ്രോയ്​ഡ്​ പൈ എന്ന ഏറ്റവും ലേറ്റസ്റ്റ്​ ആൻഡ്രോയ്​ഡ്​ വേർഷൻ മറ്റുള്ളവർ നൽകുന്നതിന്​ മുമ്പ്​ തന്നെ വൺ പവറിൽ  നൽകി തുടങ്ങി. 16MP + 5MP ഇരട്ട പിൻകാമറ 12 മെഗാ പിക്​സൽ മുൻകാമറ എന്നിവയും ഉണ്ട്​. മൈക്രോ എസ്​.ഡി കാർഡ്​ ഇടാൻ പ്രത്യേക സ്​ളോട്ടും നൽകിയിട്ടുണ്ട്​.

ഫ്ലിപ്​കാർട്ടിലൂടെ വിൽപന നടത്തുന്ന ഫോണിന്​ 14999 രൂപയാണ്​ വില. സ്​റ്റോക്​ ആൻഡ്രോയ്​ഡ്​ അനുഭവവും മികച്ച ബാറ്ററി ജീവിതവും വേണ്ടവർക്ക്​ കണ്ണടച്ച്​ എടുക്കാവുന്ന മോഡലാണ്​ മോ​േട്ടാ വൺ പവർ.

ഹോണർ 8 എക്​സ്​

honor-8x

ലോകപ്രശസ്​ത സ്​മാർട്​ഫോൺ നിർമാതാക്കളായ വാവേയുടെ ബജറ്റ്​ സീരീസാണ്​ ഹോണർ. ഷവോമിക്ക്​ റെഡ്​മി പോലെയാണ്​ വാവേക്ക്​ ഹോണർ എന്നും പറയാം. ഇന്ത്യയിലും ചൈനയിലും വൻ മാർജിനിൽ ഫോണുകൾ വിൽക്കുന്ന ഷവോമിയേക്കാൾ ആഗോള വിപണിയിൽ വാവേക്കാണ്​ പ്രിയം കൂടുതൽ. പ്രത്യേകിച്ച്​ അമേരിക്കയിലും ഗൾഫ്​ രാജ്യങ്ങളിലും. 

ഹോണർ ഇന്ത്യയിൽ അവതരിപ്പിച്ച പല മോഡലുകളും വിപണിയിൽ കാലങ്ങളോളം നിലനിന്നിരുന്നു. ഹോണറി​​​​​​​​​െൻറ 5എക്​സും 6എക്​സും 7 എക്​സുമെല്ലാം മിഡ്​റേഞ്ച്​ കാറ്റഗറിയിൽ മറ്റ്​ കമ്പനികൾക്ക്​ കോമ്പറ്റീഷൻ നൽകിയിട്ടുമുണ്ട്​. ഏറ്റവും ഒടുവിൽ ആ ശ്രേണിയിലേക്ക്​ ഹ്വാവേ അവതരിപ്പിച്ച സൂപ്പർ സ്റ്റാറാണ്​ ഹോണർ 8 എക്​സ്​. 

ക്വാൽകോം സ്​നാപ്​ഡ്രാഗൺ അവരുടെ മധ്യനിരയിലേക്ക്​ 660 എന്ന പുത്തൻ ​പ്രൊസസർ അവതരിപ്പിച്ചപ്പോൾ അവരുടെ എതിരാളികളിലൊന്നായ ഹൈ സിലിക്കൻ കിരിൻ 710 എന്ന പ്രൊസസറുമായാണ്​ എത്തിയത്​. സ്​നാപ്​ഡ്രാഗൺ 710 എന്ന ​പ്രൊസസർ നിലനിൽക്കെ 660യോട്​ മുട്ടാൻ പോന്നത്​ കിരി​​​​​​​​​െൻറ 710 മാത്രമായിരുന്നു. ഇൗ പ്രൊസസറാണ്​ ഹോണർ അവരുടെ പുത്തൻ താരമായ ഹോണർ 8 എക്​സിന്​ കൊടുത്തത്​.

മുകളിൽ പറഞ്ഞ മിഡ്​റേഞ്ച്​ താരങ്ങളോട്​ ഹോണറി​​​​​​​​​െൻറ ഇൗ താരം ഏറ്റവും കിടപിടിക്കുന്നത്​ ലുക്കിലാണ്​. അതെ ഹോണർ 8 എക്​സി​​​​​​​​​െൻറ രൂപ ഭംഗി അതൊന്ന്​ വേറെ തന്നെയാണ്​. മെറ്റലും ഗ്ലാസുമടങ്ങിയ ഹോണർ 8 എക്​സ്​ ഇന്ന്​ മാർക്കറ്റിൽ കിട്ടാവുന്ന മധ്യ നിര ഫോണുകളിൽ രൂപം കൊണ്ട്​ നമ്പർ വൺ എന്ന്​ പറയാം.

20MP+2MP എ.​െഎ ഡ്യുവൽ പിൻകാമറ, 16MP മുൻ കാമറ എന്നിവ 8 എക്​സി​​​​​​​​​െൻറ പ്രത്യേകതയാണ്​. 2340 x 1080 പിക്​സൽ വ്യക്​തതയുള്ള കിടിലൻ ഡിസ്​പ്ലേ ചെറിയ നോച്ചും ചേരുന്നതോടെ മികച്ച ദൃശ്യാനുഭവം നൽകുന്നുണ്ട്​. 3750 എം.എ.എച്ച്​ ബാറ്ററി ഒരു ദിവസത്തിലധികം ഫോണിന്​ ജീവൻ നൽകുന്നു. മെമ്മറി കാർഡ്​ ഇടാൻ പ്രത്യേക ഇടം നൽകുകയും ചെയ്​തത്​ വിപണിയിൽ നേട്ടമായി.

മികച്ച രൂപ ഭംഗിയിൽ മികച്ച പെർഫോമൻസ്​ തരുന്ന സ്​മാർട്​ഫോൺ വേണം എന്നു​ണ്ടെങ്കിൽ ഹോണർ 8 എക്​സ്​ എടുക്കാം. ഇ.എം.യു.​െഎ എന്ന യൂസർ ഇൻർഫൈസ്​ താൽപര്യമില്ലാത്തവർക്ക്​ പിൻവലിയുകയുമാവാം. 

നോകിയ 6.1 പ്ലസ്​

nokia-6.1-plus

15999 രൂപയാണ്​ നോകിയയുടെ ഏറ്റവും പുതിയ ബജറ്റ്​ സ്​മാർട്​ഫോണായ 6.1 പ്ലസിന്​. എന്നാൽ 15000 രൂപക്ക്​ എടുക്കാവുന്ന ഏറ്റവും മികച്ച ഫോണുകളിൽ ആയിരം രൂപ കൂടുതലാണെങ്കിൽ പോലും ഉൾപെടുത്തേണ്ടുന്ന ഒരു മോഡലാണ്​ ഇതും.

നോകിയ എന്ന കമ്പനിയുടെ ഫോൺ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. നോകിയ ഫീച്ചർ ഫോണുകളിൽ നിന്ന്​ ചുവടുമാറി കീപാഡ്​ ഫോണുകളിലെ ഫ്ലാഗ്​ഷിപ്പും സിമ്പ്യൻ ഒാ.എസ്​ അടങ്ങിയ ടച്ച്​ ഫോൺ ഫ്ലാഗ്​ഷിപ്പുമൊക്കെ വിപണിയിലിറക്കി രാജാക്കൻമാരായി വാണിരുന്ന കാലം. സാംസങ്​ അവരുടെ ആൻഡ്രോയ്​ഡ്​ ഫോണുകൾ അവതരിപ്പിച്ച് വിപണിയിൽ അപ്രമാദിത്യം തുടങ്ങി. പിന്നീട്​ നോകിയക്ക്​ തിരിഞ്ഞ്​ നോക്കേണ്ടി വന്നിട്ടില്ല. ഒാട്ടമായിരുന്നു. പതനത്തിൽ നിന്നും പതനത്തിലേക്ക്​.

വൈകാതെ എച്ച്​.എം.ഡി ഗ്ലോബൽ ഏറ്റെടുത്ത്​ പഴയ വാശിയൊക്കെ മാറ്റി ആൻഡ്രോയ്​ഡ്​ ഫോണുകൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ പഴയ ലെഗസിയും നൊസ്റ്റാൾജിയയും ഇരച്ചുകയറി ആളുകൾ ഫോണുകൾ വാങ്ങാൻ തുടങ്ങി. എന്നാൽ ഇന്ത്യയിൽ പച്ച പിടിക്കാൻ അവർക്ക്​ ഒരു ബജറ്റ്​ ഫോൺ തന്നെ വേണ്ടി വന്നു. അതാണ്​ നോകിയ 6.1 പ്ലസ്​.

nokia-6.1-plus-ft

5.8 ഇഞ്ചുള്ള​ 2280 x 1080 പിക്​സൽ റെസൊല്യൂഷനുള്ള ഫുൾ എച്ച്​ ഡി ഡിസ്​പ്ലേ, നോച്ചുള്ളതുകൊണ്ട്​ ഫോൺ കയ്യിലൊതുങ്ങുന്ന വിധത്തിൽ നിർമിച്ചെടുക്കാൻ നോകിയക്ക്​ സാധിച്ചു. ക്വാൽകോം സ്​നാപ്ഡ്രാഗ​​​​​​​​​െൻറ 636 ​പ്രൊസസർ. ആൻഡ്രോയ്​ഡ്​ ഒാറിയോയിലാണ്​ വിപണിയിലെത്തിയതെങ്കിലും ​9ാം വേർഷനായ പൈ ഇപ്പോൾ തന്നെ നോകിയ 6.1 പ്ലസിന്​ നൽകി തുടങ്ങി. 

16MP + 5MP പിൻകാമറ, 16MP മുൻ കാമറ എന്നിവ മികച്ച ഒൗട്​പുട്ട്​ നൽകുന്നുണ്ട്​. 3060 എം.എ.എച്ച്​ ബാറ്ററി ഒരു പോരായ്​മയായി പറയാമെങ്കിലും സ്​നാപ്​ഡ്രാഗ​​​​​​​​​െൻറ 636 എന്ന മികച്ച ബാറ്ററി ഒപ്​റ്റിമൈസ്​ഡ്​ ​പ്രൊസസർ അതിനെ മറികടക്കുന്നുണ്ട്​.


മറ്റ്​ ഫോണുകൾ

ഇനി ബജറ്റ്​ അൽപം കൂടി കുറഞ്ഞവർക്ക്​ പരീക്ഷിക്കാവുന്ന ചില മോഡലുകൾ നോക്കാം... 

  • അസ്യുസ്​ മാക്​സ്​ എം. 2 വില: 9999 മുതൽ
  • നോകിയ 5.1 പ്ലസ്​ വില: 10999 മുതൽ
  • റിയൽമി 2 വില: 10999 മുതൽ
  • റെഡ്​മി 6 പ്രോ വില: 10999 മുതൽ
  • ഹോണർ 9എൻ വില 10999 മുതൽ

യുവാക്കളെ സ്​നേഹിച്ച സ്വന്തം മൈക്രോമാക്​സ്​ 

മിഡ്​റേഞ്ച്​ സ്​മാർട്​ഫോൺ വകഭേദത്തിന്​ ഇന്ത്യയിൽ​ എത്രത്തോളം സ്വാധീനമുണ്ട്​ എന്നതിനെ കുറിച്ച് സംസാരിക്കു​േമ്പാൾ മൈക്രോമാക്സിനെ കുറിച്ച് പറയാതിരിക്കാനാവില്ല. മൊബൈൽ ആരാധകരുടെ മനസും സൈകോളജിയുമൊക്കെ​ മു​േമ്പ മനസ്സിലാക്കിയ കമ്പനിയായിരുന്നു മൈക്രോമാക്​സ്​. 

മൈക്രോമാക്​സി​​​​​​​​​െൻറ കാൻവാസ്​, യുനൈറ്റ്​, YU സീരീസുകളിലുള്ള സ്​മാർട്​ഫോണുകൾ മാത്രം യുവാക്കളുടെ കൈകളിൽ തത്തിക്കളിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ത്യയിലാകമാനം സർവീസ്​ സ​​​​​​െൻററുകൾ സ്ഥാപിച്ച്​ വിൽപനാനന്തര സേവനത്തിലും അന്നത്തെ സ്​മാർട്​ഫോൺ വിപണിയിലെ ഏകാധിപതിമാരായ നോക്കിയക്കും സാംസങ്ങിനും തലക്കടി നൽകാനും മൈക്രോമാക്​സിനായിരുന്നു.

ആരായിരുന്നു മൈക്രോമാക്​സ്​...?

മൈക്രോമാക്​സ്​ കോഫൗണ്ടർ രാഹുൽ ശർമ
 

ഹരിയാനയിലെ ഗുർഗാവോണിൽ ​െഎ.ടി സോഫ്റ്റ്​വെയർ കമ്പനിയായി തുടങ്ങിയതായിരുന്നു മൈക്രോമാക്​സ്​. അഥവാ മൈക്രോമാക്​സ്​ ഇൻഫോമാറ്റിക്​സ്​ എന്ന പേരിൽ 2000ലായിരുന്നു രാഹുൽ ശർമയെന്ന​ ടെക്കി പുതിയ സ്റ്റാർട്ട്​അപിന്​ തുടക്കമിട്ടത്​. 2008ൽ സ്​മാർട്​ഫോൺ വിപണിയിലേക്ക്​ കടന്നതോടെ മൈക്രോമാക്​സ്​ വളരാൻ തുടങ്ങി. വളർച്ച എന്നുവെച്ചാൽ മാനം മു​െട്ട.

100 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ സാംസങ്ങിനെയും നോകിയയെും പിന്തള്ളി ഒന്നാമത്തെത്തുക എന്ന നേട്ടം മാത്രമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ 10 സ്​മാർട്​ഫോൺ ബ്രാൻറുകളിൽ ഒന്നായി മാറി നമ്മുടെ മൈക്രോമാക്​സ്​. ഒരു മാസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററിയുള്ള X1i പതിപ്പ് വിപണിയിലിറക്കി ഞെട്ടിച്ച മൈക്രോമാക്​സി​​​​​​​​​െൻറ സ്​മാർട്​ഫോൺ മാർക്കറ്റ്​ 2014ൽ ഇന്ത്യയിൽ സാംസങ്ങിനെ പിന്നിലാക്കി.

2010ൽ ടാബ്​ലറ്റ്​ കമ്പ്യൂട്ടർ മാർക്കറ്റിലും കൈവെച്ച അവർ ഫൺബുക്ക്​ സീരീസ്​ വിൽപന തുടങ്ങി. 2014ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോണുകൾ ഷിപ്പ്​ ചെയ്യുന്ന കമ്പനിയായി. ഇൗ വർഷം തന്നെ റഷ്യയിൽ ആദ്യമായി സ്​മാർട്​ഫോൺ വിൽക്കപ്പെടുന്ന ഇന്ത്യൻ കമ്പനിയുമായി മൈക്രോമാക്​സ്. ആദ്യത്തെ എട്ട്​-കോർ ഫ്ലാഗ്​ഷിപ്പ്​ സ്​മാർട്​ഫോൺ മൈക്രോമാക്​സ് അവതരിപ്പിച്ചത്​ റഷ്യയിലായിരുന്നു. അതി​​​​​​​​​െൻറ പേര്​ കാൻവാസ്​ നൈറ്റ്​ എ350.

micromax-canvas-knight-a350

അതേസമയം, ഇന്ത്യയിൽ ആദ്യത്തെ ആൻഡ്രോയ്​ഡ്​ വൺ സ്​മാർട്​ഫോണായ കാൻവാസ്​ എ1ഉം അവതരിപ്പിച്ചു. 2014 നവംബറിൽ കസ്റ്റം റോം നിർമാതാക്കളായ സയനൊജൻ. ഇൻകുമായി സഹകരിച്ച്​ സയനൊജൻ ബേസ്​ഡ്​ സ്​മാർട്​ഫോണുകൾ YU എന്ന പ്രത്യേക ബ്രാൻറിന്‍റെ പേരിൽ വിപണിയിലെത്തിച്ചു. ഇൗ മോഡലുകളിലെ യുറേക്ക. യു ഫോറിയ എന്നിവയൊക്കെ വിപണിയിൽ ചൂടപ്പം പോലെ വിറ്റുപോയി. മിഡ്​റേഞ്ചിലുള്ള ആളുകളുടെ പോക്കറ്റ്​ കാലിയാക്കാത്ത മികച്ച ഫോണുകൾ അവതരിപ്പിച്ച്​ മൈക്രോമാക്​സ്​ ഇന്ത്യൻ സ്​മാർട്​ഫോൺ വിപണിയിലെ ആരും കൊതിക്കുന്ന സ്ഥാനത്തിരുന്നു.

പതനം

മൈക്രോ മാക്​സിന്‍റെ രീതികൾ​ മറ്റു കമ്പനികളും സ്വായത്തമാക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യക്കാർക്ക്​ സ്​മാർട്​ഫോണിനോടുള്ള ഇഷടം മനസ്സിലാക്കി ചില കമ്പനികൾ യുദ്ധത്തിന്​ കോപ്പുകൂട്ടി തുടങ്ങി. ഇൗ കാലഘട്ടത്തിലായിരുന്നു ഒരു കാലത്ത്​ കീപാഡ്​ ഫോണുകളിലെ ചക്രവർത്തിയായി വിലസിയിരുന്ന നോകിയയുടെ പതനവും. ആൻഡ്രോയ്​ഡ്​ നമുക്ക്​ പറ്റില്ല എന്ന്​ ഒറ്റക്കാലിൽ നിന്ന്​ പ്രഖ്യാപിച്ച അവർ സിമ്പ്യൻ, ജാവ തുടങ്ങിയ ഒാപറേറ്റിങ്​ സിസ്റ്റങ്ങളിൽ കടിച്ചുതൂങ്ങി വിപണിയിൽ പിടിച്ചു നിൽക്കാനാവാതെ അവസാനം ലൂമിയ എന്ന പേരിൽ വിൻഡോസ്​ ഫോണുകളിലേക്ക്​ ചുവടുമാറി അതും പൊട്ടി താറുമാറായി.

Loading...
COMMENTS