Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫേസ് ഐഡി ഇല്ലാത്തതിൽ വിമർശനം; ഒടുവിൽ പരിഹാരവുമായി ആപ്പിൾ!

text_fields
bookmark_border
ഐഫോൺ ഡുവോയിൽ പുതിയ മാറ്റം
Foldable iPhone Duo with front camera
cancel
camera_alt

ഐ ഫോൺ

സാധാരണ ഫോണുകളിൽ പോലും മുഖം തിരിച്ചറിഞ്ഞ് അൺലോക്ക് ചെയ്യുന്ന സൗകര്യം പരിചിതമായ കാലത്ത്, ആപ്പിളിന്റെ ഏറ്റവും വിലകൂടിയ ഫോണുകളിലൊന്നിൽ അതില്ലെങ്കിൽ ആരാധകർക്ക് നിരാശയുണ്ടാകാം. ഫീച്ചറുകളുടെ കാര്യത്തിൽ ആഡംബരം പ്രതീക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് എന്താണ്? ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന ഫോണിൽ ഫേസ് ഐഡി പോലൊരു സൗകര്യം പ്രതീക്ഷിക്കുന്നത് അത്ര വലിയ ആഗ്രഹമൊന്നുമല്ലല്ലോ.

ഫോൾഡബിൾ ഐഫോൺ വാങ്ങിയിട്ടും സാധാരണ ഐഫോണുകളിലേതുപോലെ ഫേസ് ഐഡി ഉപയോഗിച്ച് ഫോൺ തുറക്കാൻ കഴിയാത്തത് ഉപയോക്താക്കൾക്കിടയിൽ വലിയൊരു പോരായ്മയായിരുന്നു. വിരലടയാളം ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യേണ്ടിവരുന്ന ഈ പരിമിതിക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആപ്പിൾ. പുതിയ ഹാർഡ്‌വെയർ ഉൾപ്പെടുത്താതെ ഫോണിലുള്ള മുൻകാമറ തന്നെ ഉപയോഗിച്ച് ലോക്ക് സ്ക്രീൻ തുറക്കാനുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഐ.ഒ.എസ് 27.3 ബീറ്റയിലെ ഈ മാറ്റം ശ്രദ്ധ നേടുന്നത് അതിന്റെ സാങ്കേതിക പുതുമ കൊണ്ടല്ല, മറിച്ച് ഐഫോൺ ഡുവോയുടെ രൂപകൽപ്പന സൃഷ്ടിച്ച ഒരു പോരായ്മയ്ക്ക് ആപ്പിൾ കണ്ടെത്തിയ പരിഹാരമെന്ന നിലയിലാണ്.

ടച്ച് ഐഡിക്ക് പകരം മറ്റൊരു വഴി

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡുവോയിൽ ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡിയാണ് നൽകിയിരിക്കുന്നത്. ഫോണിന്റെ വശത്തുള്ള പവർ ബട്ടണിലാണ് വിരലടയാള സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നത്.എന്നാൽ ഫേസ് ഐഡി ശീലിച്ച ഐഫോൺ ഉപയോക്താക്കൾക്ക് ടച്ച് ഐഡിയിലേക്ക് മാറേണ്ടിവന്നത് അത്ര എളുപ്പമായിരുന്നില്ല. ഫോൺ മടക്കിവെച്ചിരിക്കുമ്പോൾ ഓരോ തവണയും വിരലടയാളം ഉപയോഗിച്ച് അൺലോക്ക് ചെയ്യേണ്ടിവരുന്നതും അസൗകര്യമായി. സെപ്റ്റംബർ ഒമ്പതിന് ഔദ്യോഗികമായി അവതരിപ്പിച്ച ഫോൺ ഒക്ടോബർ 23 മുതലാണ്​ വിൽപ്പനയ്ക്കെത്തിയത്​. ഇന്ത്യയിൽ വില ആരംഭിച്ചത്​ 2,99,900 രൂപയിലായിരുന്നു. ഈ പരാതികൾക്കുള്ള പരിഹാരമായാണ് ഐഒഎസ് 27.3-ന്റെ രണ്ടാമത്തെ ഡെവലപ്പർ ബീറ്റയിൽ 'അൺലോക്ക് വിത്ത് ഫ്രണ്ട് കാമറ' എന്ന ഓപ്ഷൻ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫേസ് ഐഡിയല്ല, മുൻകാമറ ഉപയോഗിച്ചുള്ള തിരിച്ചറിയൽ

പുതിയ സംവിധാനത്തെ ഫേസ് ഐഡിയുമായി താരതമ്യം ചെയ്യാനാകില്ല. ഫേസ് ഐഡിയിൽ മുഖത്തിന്റെ ത്രിമാന രൂപം തിരിച്ചറിയാൻ ട്രൂഡെപ്ത് സെൻസറുകളും ഇൻഫ്രാറെഡ് സാങ്കേതികവിദ്യയുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഐഫോൺ ഡുവോയിലെ പുതിയ സംവിധാനം സാധാരണ മുൻകാമറ ഉപയോഗിച്ചാണ് മുഖം തിരിച്ചറിയുന്നത്.ഫോൺ മടക്കിവെച്ചിരിക്കുമ്പോൾ പുറം സ്ക്രീനിലെ ലോക്ക് സ്ക്രീൻ തുറക്കാൻ മാത്രമാണ് ഇത് ഉപയോഗിക്കാനാകുക. ഫോൺ തുറന്നിരിക്കുന്ന അവസ്ഥയിൽ ഈ സൗകര്യം പ്രവർത്തിക്കില്ല.മാത്രമല്ല, വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ സാധാരണ ക്യാമറയ്ക്ക് മുഖം തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്.ആപ്പിൾ പേയ്ക്കും പാസ്‌വേഡുകൾക്കും ഉപയോഗിക്കാനാകില്ല. പുതിയ സംവിധാനത്തിന് സുരക്ഷാപരമായ നിയന്ത്രണങ്ങളുമുണ്ട്.

  • ആപ്പിൾ പേ ഇടപാടുകൾക്ക് ടച്ച് ഐഡി തന്നെ വേണം.
  • സേവ് ചെയ്ത പാസ്‌വേഡുകളും ലോഗിൻ വിവരങ്ങളും ഉപയോഗിക്കാനും ടച്ച് ഐഡി അല്ലെങ്കിൽ പാസ്‌കോഡ് ആവശ്യമാണ്.
  • ഫോൺ അവസാനമായി ടച്ച് ഐഡി അല്ലെങ്കിൽ പാസ്‌കോഡ് ഉപയോഗിച്ച് അൺലോക്ക് ചെയ്ത ശേഷം 45 മിനിറ്റിലധികം പ്രവർത്തനരഹിതമായാൽ വീണ്ടും ടച്ച് ഐഡി ഉപയോഗിക്കണം.
  • ഫോൺ തുറന്നിരിക്കുന്ന സമയത്തും മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കാനാകില്ല.

അതായത്, പൂർണമായ ഫേസ് ഐഡി സംവിധാനത്തിന് പകരമല്ല ഈ മാറ്റം. ലോക്ക് സ്ക്രീൻ വേഗത്തിൽ തുറക്കാനുള്ള ഒരു അധിക സൗകര്യം മാത്രമാണിത്.

ഫേസ് ഐഡി നൽകാൻ കഴിയാത്തതെന്തുകൊണ്ട്?

ഫോൾഡബിൾ ഫോണിന്റെ കനം കുറഞ്ഞ രൂപകൽപ്പനയാണ് പ്രധാന വെല്ലുവിളി. ഫേസ് ഐഡിക്ക് ആവശ്യമായ ട്രൂഡെപ്ത് കാമറയും അനുബന്ധ സെൻസറുകളും ഉൾപ്പെടുത്താൻ കൂടുതൽ സ്ഥലം ആവശ്യമാണ്. ഐഫോൺ ഡുവോയുടെ രൂപകൽപ്പനയിൽ ഈ ഘടകങ്ങൾ ഉൾക്കൊള്ളിക്കുന്നത് ബുദ്ധിമുട്ടായതോടെയാണ് ടച്ച് ഐഡിയിലേക്ക് ആപ്പിൾ മാറിയത്.അതേസമയം, അടുത്ത തലമുറ ഫോൾഡബിൾ ഐഫോണിൽ പൂർണമായ ഫേസ് ഐഡി കൊണ്ടുവരാനുള്ള സാധ്യതയും ആപ്പിൾ പരിശോധിക്കുന്നുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഫോൺ മടക്കിയാൽ ലോക്കാകും; മറ്റൊരു മാറ്റവും

ഫേസ് അൺലോക്കിന് പുറമെ ഐഫോൺ ഡുവോയിൽ മറ്റൊരു പ്രായോഗിക മാറ്റവും പുതിയ അപ്‌ഡേറ്റിലുണ്ട്. ഫോൺ മടക്കുമ്പോൾ ഉള്ളിലെ സ്ക്രീനിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ പുറം സ്ക്രീനിലേക്ക് മാറുന്നതിന് പകരം ഫോൺ നേരിട്ട് ലോക്ക് ചെയ്യാനുള്ള സംവിധാനമാണിത്.'ക്ലോസ് ടു ലോക്ക്' എന്ന ഓപ്ഷൻ സെറ്റിങ്സിലെ ഡിസ്‌പ്ലേ ആൻഡ് ബ്രൈറ്റ്‌നസ് വിഭാഗത്തിൽ ലഭിക്കും. നേരത്തെ ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് ക്രമീകരിക്കേണ്ടിയിരുന്ന ഈ സൗകര്യം ഇനി നേരിട്ട് പ്രവർത്തനക്ഷമമാക്കാം.

ഡിസംബർ വരെ കാത്തിരിക്കണം

നിലവിൽ ഐഒഎസ് 27.3-ന്റെ രണ്ടാമത്തെ ഡെവലപ്പർ ബീറ്റയിലാണ് പുതിയ മാറ്റങ്ങൾ ലഭ്യമായിരിക്കുന്നത്. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം ഡിസംബറിൽ പൊതുവായ അപ്‌ഡേറ്റ് പുറത്തിറക്കുമെന്നാണ്​ നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനേക്കാൾ ഉപയോക്താക്കളുടെ പരാതിക്ക് പ്രായോഗികമായൊരു പരിഹാരം കണ്ടെത്താനാണ് ഇത്തവണ ആപ്പിൾ ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഫേസ് ഐഡി ഇല്ലാത്തതിന്റെ പോരായ്മ പൂർണമായി പരിഹരിക്കാൻ ഈ കാമറ അധിഷ്ഠിത സംവിധാനത്തിന് കഴിയുമോ എന്നത് കണ്ടറിയണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - iPhone Duo Face Unlock: Apple Addresses Touch ID Complaints
Next Story