ഒരു വാട്സ്ആപ്പ് മെസ്സേജിൽ പിറന്ന 14.3 ബില്യൺ ഡോളർ ഡീൽ; മെറ്റയുടെ എഐ വിപ്ലവത്തിന് പിന്നിലെ കഥ
text_fields2025 ഏപ്രിലിൽ സ്കെയിൽ എഐ ഓഫീസിൽ ഇരിക്കുമ്പോഴാണ് അലക്സാണ്ടർ വാങിന്‍റെ ഫോണിലേക്ക് ആ മെസ്സേജ് വരുന്നത് "ഒരു കോൾ ചെയ്യാൻ സമയമുണ്ടോ?" ആ അഞ്ച് വാക്കിൽ തുടങ്ങിയ 44 മിനിറ്റ് സംഭാഷണം പിന്നീട് മെറ്റയുടെ ചരിത്രം മാറ്റി.
തൊട്ടടുത്ത രണ്ട് മാസത്തിനുള്ളിൽ സ്കെയിൽ എഐയിൽ 14.3 ബില്യൺ ഡോളർ നിക്ഷേപിച്ച് 49 ശതമാനം ഓഹരി മെറ്റ സ്വന്തമാക്കി. സ്കെയിൽ എഐയുടെ സ്ഥാപകനായ വാങിനെ മെറ്റയുടെ എഐ വിഭാഗത്തിന്റെ തലപ്പത്തേക്കും കൊണ്ടുവന്നു.
സ്ട്രൈപ്പ് സഹസ്ഥാപകൻ ജോൺ കൊളിസൺ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റിലാണ് സക്കർബർഗും വാങ്ങും ഇക്കാര്യം വെളിപ്പെടുത്തിയത്. മെറ്റയുടെ പുതിയ മോഡലായ മ്യൂസ് വണ്ടറിന്റെ ലോഞ്ചിന് പിന്നാലെയായിരുന്നു പോഡ്കാസ്റ്റ്.
സക്കർബർഗ് ആ മെസ്സേജ് അയക്കാൻ കാരണമുണ്ടായിരുന്നു. 2025 ഏപ്രിൽ 4ന് പുറത്തിറക്കിയ ലാമ 4 മോഡലുകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ ഇൻഡസ്ട്രിയിലെ പലരോടും അഭിപ്രായം തേടുകയായിരുന്നു സക്കർബർഗ്. അതിലൊരാളായിരുന്നു വാങ്.
കോൾ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ വാങ് ഒരു വിശദമായ കുറിപ്പ് അയച്ചു. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമെന്നായിരുന്നു അതിൽ. കൂടുതൽ ആളുകൾക്ക് പകരം മികച്ച കുറച്ച് പേർ മതിയെന്നും കഴിവുണ്ടോ എന്നുള്ളതാണ് പ്രധാനമെന്നുമായിരുന്നു വാങ്ങിന്‍റെ പ്രധാന നിർദ്ദേശം.
ആ ആശയം ഇന്നും മെറ്റ പിന്തുടരുന്നു. 75,000 ജീവനക്കാരുള്ള മെറ്റയിൽ സൂപ്പർ ഇന്റലിജൻസ് ലാബിന്റെ കോർ ടീമിൽ 100നും 200നും ഇടയിൽ ആളുകൾ മാത്രമേയുള്ളൂ. ഇതിനായി സക്കർബർഗ് മാസങ്ങളോളം മറ്റെല്ലാ ജോലികളും മാറ്റിവെച്ച് ഗവേഷകരെ നേരിട്ട് കണ്ടു.
സക്കർബർഗിന്‍റെ തീരുമാനം പലർക്കും അത്ഭുതമായിരുന്നു. കാരണം വാങ് ഇതുവരെ ഒരു അത്യാധുനിക എഐ മോഡൽ പോലും നിർമിച്ചിട്ടില്ല. എന്നാൽ വലിയ ലാബുകളിലെ തലവന്മാരോട് സംസാരിച്ചപ്പോൾ സക്കർബർഗിന് ഒരാൾ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ റിസ്ക് ചെറുതായിരുന്നില്ല. മോഡൽ കാണും മുൻപേ 100 മുതൽ 200 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനായിരുന്നു പദ്ധതി. കൈവശമുണ്ടായിരുന്നത് ചില ഗ്രാഫുകളും റിസർച്ച് റിപ്പോർട്ടുകളും മാത്രം. ശരിയായാൽ എല്ലാം ശരിയാകുമെന്നും പാളിയാൽ വലിയ വീഴ്ചയാകുമെന്നും ഹവായിയിൽ നടന്ന യോഗത്തിൽ സിഎഫ്ഒ സൂസൻ ലീ പലതവണ ഓർമിപ്പിച്ചു.
ആ പന്തയം വിജയിച്ചതോടെ 2026 ഏപ്രിലിൽ മ്യൂസ് സ്പാർക്കും പിന്നാലെ മ്യൂസ് ആപ്പും പുറത്തിറങ്ങി. ഒക്ടോബറിൽ മെറ്റയുടെ ആദ്യത്തെ അത്യാധുനിക എഐ മോഡലായ മ്യൂസ് വണ്ടറും എത്തി. ഇന്ന് ആപ്പ് സ്റ്റോറിൽ ഒന്നാമതാണ് മ്യൂസ്.
തെളിവുകൾക്കനുസരിച്ച് നിലപാട് തിരുത്തി കമ്പനി മുഴുവൻ ആ വഴിക്ക് കൊണ്ടുപോകുന്ന ആളാണ് സുക്കർബർഗ് എന്നായിരുന്നു ബോസ് എന്ന നിലയിൽ സക്കർബർഗ് എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ വാങ്ങിന്റെ മറുപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

