പിരിച്ചുവിടൽ ആശങ്കകൾക്കിടെ വമ്പൻ പ്രഖ്യാപനവുമായി ഇൻഫോസിസ്; 20,000 പുതിയ നിയമനങ്ങൾ
text_fieldsസലിൽ പരേഖ്
ഐ.ടി മേഖലയിൽ തുടരുന്ന പിരിച്ചുവിടൽ ആശങ്കകൾക്കിടയിൽ, 20,000 പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഇൻഫോസിസ്. കമ്പനി സി.ഇ.ഒ സലിൽ പരേഖാണ് പുതിയ തീരുമാനം അറിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) ഉൾപ്പെടെയുള്ളവയുടെ സമീപകാല തന്ത്രത്തിന് തികച്ചും വിരുദ്ധമാണ് ഈ നിയമന നീക്കം.
ടി.സി.എസ് ഏകദേശം 12,000 ജീവനക്കാരെ കുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നിയമനത്തെക്കുറിച്ച് ഇൻഫോസിസ് അറിയിച്ചത്. രാജ്യത്തെ ഐ.ടി മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ഈ സാമ്പത്തിക വർഷം ഇതുവരെ മറ്റൊരു ഇന്ത്യൻ ഐ.ടി കമ്പനിയും ഇത്രയും വലിയ തോതിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടില്ല.
ടി.സി.എസ് ജീവനക്കാരെ വെട്ടിക്കുറക്കുമ്പോൾ ഇൻഫോസിസ് തങ്ങളുടെ ജീവനക്കാരെ ഇരട്ടിയാക്കുകയാണ്. പുനഃസംഘടനക്കോ പിരിച്ചുവിടലിനോ ഉടനടി പദ്ധതികളൊന്നുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ക്ലയന്റുകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ ആവശ്യമായ കഴിവുകൾ സ്ഥാപനത്തിന് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏകദേശം 2.75 ലക്ഷം ജീവനക്കാർക്ക് എ.ഐയിലും അനുബന്ധ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ടെന്നും പരേഖ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഇൻഫോസിസ് 17,000 പേരെ മൊത്തം നിയമിച്ചിട്ടുണ്ടെന്നും ഈ വർഷം 20,000 കോളജ് വിദ്യാർഥികളെ ജോലിക്കെടുക്കാൻ പദ്ധതിയിടുന്നുണ്ടെന്നുമാണ് പരേഖ് അറിയിച്ചത്. ഇൻഫോസിസ് തങ്ങളുടെ തൊഴിൽ ശക്തി വികസിപ്പിക്കുന്നത് തുടരുകയാണെന്നും ഇത് ജനങ്ങളോടും സാങ്കേതികവിദ്യയോടുമുള്ള ദീർഘകാല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

