Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിങ്ങളുടെ ഫോണിലും ലാപ്ടോപ്പിലും ഒരേ സമയം; സമയ കൃത്യതക്കുപിന്നിൽ ഡൽഹിയിലെ ഈ ലാബ്

text_fields
bookmark_border
time
cancel
camera_alt

പ്രതീകാത്മക ചിത്രം

നിങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും റെയിൽവേ സ്റ്റേഷനിലെ ഡിജിറ്റൽ ക്ലോക്കിലും ഒരേ സമയം കാണിക്കുന്നത് എങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരും നേരിട്ട് സമയം ക്രമീകരിക്കാതിരുന്നിട്ടും രാജ്യത്തെ കോടിക്കണക്കിന് ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൃത്യമായ സമയം രേഖപ്പെടുത്തുന്നതിന് പിന്നിൽ അത്യാധുനിക സാങ്കേതികവിദ്യയുണ്ട്.

ഡൽഹിയിലെ ഒരു പരീക്ഷണശാലയിൽ പ്രവർത്തിക്കുന്ന ആറ്റമിക് ക്ലോക്കുകളാണ് ഇന്ത്യയുടെ സമയക്രമം കൃത്യമായി നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നത്. ന്യൂഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർചിന് (സി.എസ്.ഐ.ആർ) കീഴിലുള്ള നാഷനൽ ഫിസിക്കൽ ലബോറട്ടറിയാണ് (എൻ.പി.എൽ) ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഐ.എസ്.ടി) നിർണയിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.

സാധാരണ ക്ലോക്കുകളിൽനിന്ന് വ്യത്യസ്തമായി ആറ്റങ്ങളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് ആറ്റമിക് ക്ലോക്കുകൾ സമയം കണക്കാക്കുന്നത്. എൻ.പി.എല്ലിലെ പ്രത്യേക സംവിധാനത്തിൽ സീസിയം ആറ്റമിക് ക്ലോക്കുകളും ഹൈഡ്രജൻ മേസറുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ സമയസൂചനകൾ പരസ്പരം താരതമ്യം ചെയ്ത് പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് രാജ്യത്തിന് ആവശ്യമായ കൃത്യസമയം നിർണയിക്കുന്നത്. ഓരോ ക്ലോക്കിന്റെയും പ്രവർത്തനത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നതിനാലാണ് ഒന്നിലധികം ക്ലോക്കുകൾ ഉപയോഗിക്കുന്നത്. കുറഞ്ഞ സമയപരിധിയിൽ ഹൈഡ്രജൻ മേസറുകൾ കൂടുതൽ സ്ഥിരത പുലർത്തുമ്പോൾ ദീർഘകാലത്തേക്ക് സീസിയം ക്ലോക്കുകൾ മികച്ച കൃത്യത നൽകുന്നു. ഏതെങ്കിലും ക്ലോക്കിന്റെ പ്രവർത്തനത്തിൽ വ്യതിയാനം കണ്ടെത്തിയാൽ അതിനെ ഒഴിവാക്കി മറ്റു ക്ലോക്കുകളുടെ സഹായത്തോടെ സമയനിർണയം തുടരാനാകും.

സീസിയം ആറ്റത്തിന്റെ പ്രത്യേക ഊർജനിലകൾ തമ്മിലുള്ള മാറ്റവുമായി ബന്ധപ്പെട്ട മൈക്രോവേവ് ആവൃത്തിയാണ് ആറ്റമിക് ക്ലോക്കുകളുടെ പ്രവർത്തനത്തിന് അടിസ്ഥാനം. ഈ ആവൃത്തിയിലെ 9,192,631,770 ആവർത്തനങ്ങളെയാണ് ഒരു സെക്കൻഡായി കണക്കാക്കുന്നത്.

1967 മുതൽ ലോകത്ത് സെക്കൻഡ് നിർവചിക്കുന്നതിന് ഈ മാനദണ്ഡമാണ് ഉപയോഗിക്കുന്നത്. സമയം എന്ന പ്രതിഭാസത്തെ നേരിട്ട് അളക്കുകയല്ല, മറിച്ച് രണ്ട് സംഭവങ്ങൾക്കിടയിലെ സമയവ്യത്യാസമാണ് അളക്കുന്നത്. മൊബൈൽ ഫോണുകളിൽ സാധാരണയായി ടെലികോം നെറ്റ്‌വർക്കുകളിൽനിന്നാണ് സമയവിവരങ്ങൾ ലഭിക്കുന്നത്. ടെലികോം കമ്പനികൾ പലപ്പോഴും ഉപഗ്രഹങ്ങളിൽനിന്നുള്ള സമയസൂചനകളെയാണ് ആശ്രയിക്കുന്നത്. ഈ സംവിധാനങ്ങളെ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈമുമായി കൂടുതൽ കൃത്യമായി ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങളും എൻ.പി.എൽ നടത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India's Atomic Time Lab
Next Story