മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗ്ളും പിരിച്ചുവിടുന്നു; ടെക് ലോകത്ത് വൻ അഴിച്ചുപണി
text_fieldsഗൂഗ്ൾ
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് കൂടുതൽ നിക്ഷേപം കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി ഗൂഗിൾ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള നടപടികൾ ശക്തമാക്കി. കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ അഞ്ച് രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ജീവനക്കാർക്കാണ് സ്വയം പിരിയാനുള്ള ഓഫർ കമ്പനി നൽകിയിരിക്കുന്നത്. ഇന്ത്യ ഈ നീക്കത്തിന്റെ ഭാഗമല്ല.
കഴിഞ്ഞ വർഷം അമേരിക്കയിലെയും ബ്രിട്ടനിലെയും ചില വിഭാഗങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ നീക്കമാണ് ഇപ്പോൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ജൂണിലാണ് പുതിയ ഓഫർ നൽകിയത്. പിരിയാൻ തയ്യാറാകുന്നവർക്ക് സേവനകാലയളവിനനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും. എത്ര പേർ ഓഫർ സ്വീകരിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സ്വിറ്റ്സർലൻഡിൽ ഓഫർ സ്വീകരിച്ചവർക്ക് ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ ശമ്പളം വീതം, പരമാവധി പന്ത്രണ്ട് മാസത്തെ ശമ്പളം വരെ ലഭിച്ചതായാണ് വിവരം. ജൂണിൽ അറിയിപ്പ് ലഭിച്ച ജീവനക്കാർ ജൂലൈയോടെ തീരുമാനം അറിയിക്കണമായിരുന്നു. ആഗസ്റ്റ് മുതൽ പിരിഞ്ഞുപോകൽ ആരംഭിച്ചു.
എല്ലാ വിഭാഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗൂഗ്ളിന്റെ ഭാവി വളർച്ചക്ക് നിർണായകമായ ക്ലൗഡ് വിഭാഗത്തെയും എഐ ഗവേഷണ സ്ഥാപനമായ ഡീപ്മൈൻഡിനെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എഐയിലും ക്ലൗഡിലുമാണ് കമ്പനി ഇനിയും കൂടുതൽ നിയമനം നടത്തുകയെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫിസർ അനറ്റ് അഷ്കെനാസി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡാറ്റാ സെന്ററുകളും അത്യാധുനിക കമ്പ്യൂട്ടിങ് സംവിധാനങ്ങളും ഒരുക്കാൻ ഗൂഗിൾ വൻതുകയാണ് മുടക്കുന്നത്. ഈ നിക്ഷേപം എങ്ങനെ വരുമാനമാകുമെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനുള്ള സമ്മർദവും കമ്പനിക്ക് മേലുണ്ട്. ഈ സാഹചര്യത്തിലാണ് ചെലവ് ചുരുക്കൽ നടപടികൾ വേഗത്തിലാക്കുന്നത്.
ഇതിന് തൊട്ടുമുമ്പാണ് മൈക്രോസോഫ്റ്റും സമാനമായ നീക്കം നടത്തിയത്. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഏകദേശം അറുപതിനായിരം ജീവനക്കാർക്കാണ് മൈക്രോസോഫ്റ്റ് സ്വയം പിരിയാനുള്ള അവസരം നൽകിയത്. ടെക് മേഖലയിൽ ഇപ്പോൾ നടക്കുന്ന വലിയ മാറ്റത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെ വിലയിരുത്തപ്പെടുന്നത്.

