ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ലഭിക്കുന്ന രീതിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഡി.ടി.എച്ച് നിയമങ്ങളിൽ ഭേദഗതി വരുത്തി. ഫ്രീ-ടു-എയർ ചാനലുകളുടെ എണ്ണം വർധിപ്പിക്കുകയും ബൊക്കെ പേ ചാനലുകളുടെ നിരക്ക് കുറക്കുകയുമാണ് ചെയ്തത്.
നേരത്തേ 130 രൂപയുടെ നെറ്റ്വർക്ക് കപ്പാസിറ്റി ഫീസിൽ (എൻ.സി.എഫ്) ലഭ്യമായ സൗജന്യ ചാനലുകളുടെ എണ്ണം 100 ആയിരുന്നു. അത് ഇപ്പോൾ 200 ആക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥകൾ 2020 മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വരും. നേരത്തേ ഡി.ടി.എച്ച്, കേബിൾ ദാതാക്കൾക്ക് സൗജന്യമായ 100 ചാനലുകൾ കാണാനായി നികുതി ഉൾെപ്പടെ 154 രൂപ നൽകണമായിരുന്നു. പുതിയ പരിഷ്കരണത്തിലൂടെ 154 രൂപക്ക് 200 ചാനലുകൾ ലഭിക്കും.
ബൊക്കെ പായ്ക്കിൽ വരുന്ന പേ ചാനലുകളുടെ പരമാവധി നിരക്ക് 12 രൂപയിൽ കൂടരുതെന്നും ട്രായ് നിർദേശിച്ചിട്ടുണ്ട്. 2020 ജനുവരി 15നകം സേവനദാതാക്കൾ തങ്ങളുടെ വെബ്സൈറ്റിൽ പുതുക്കിയ നിരക്ക് പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ട്.