Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ച്; ഊർജമേകുന്നത് അത്ഭുത വസ്തു,  ഇത് ചരിത്രം
cancel
camera_alt

 റഹീം എസ്ഫാൻദ്യാർ-പൗർ

Homechevron_rightTECHchevron_rightGadgetschevron_rightബാറ്ററിയില്ലാതെ...

ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ച്; ഊർജമേകുന്നത് 'അത്ഭുത വസ്തു', ഇത് ചരിത്രം

text_fields
bookmark_border
Listen to this Article

വാച്ചുകൾ ഇപ്പോൾ സമയം നോക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഉപകരണമല്ല, സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ബാൻഡുകളും വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഫിറ്റ്നസ് ട്രാക്കിങ് മുതൽ രക്തത്തിലെ ഓക്‌സിജന്‍ അളവ് കണക്കാക്കാനും ഹൃദയമിടിപ്പ് അളക്കാനും ഇ.സി.ജി റെക്കോഡ് ചെയ്യാനും അതിലേറെയും കാര്യങ്ങൾ ചെയ്യാൻ ഇപ്പോൾ സ്മാർട്ട് വാച്ചുകൾക്ക് കഴിയും.

1000 രൂപ മുതലുള്ള സ്മാർട്ട് വാച്ചുകളും ബാൻഡുകളും വിപണിയിൽ ലഭ്യമായിരുന്നിട്ടും ചിലർ അങ്ങോട്ടേക്ക് അടുക്കാത്തത് ഫോണുകൾ പോലെ വാച്ചും ചാർജ് ചെയ്യേണ്ടിവരുമെന്ന കാരണം കൊണ്ടാണ്. ഇപ്പോൾ ദിവസങ്ങളോളം ബാറ്ററി നിലനിൽക്കുന്ന വാച്ചുകൾ വിപണിയിലുണ്ട്. പക്ഷേ, ചാർജ് തീർന്നാൽ, റീചാർജ് ചെയ്യാതെ അതിൽ സമയം പോലും നോക്കാൻ സാധിക്കില്ല. എന്നാൽ, അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.

'അത്ഭുത വസ്തു'


അസംഭവ്യമെന്ന് കരുതിയ പലതും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇനി പറയാൻ പോകുന്ന കാര്യം, വേണമെങ്കിൽ ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന ഗാഡ്ജെറ്റുകൾ എന്ന സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ ആദ്യപടിയായി നമുക്ക് കാണാം. ബാഹ്യ ഊർജ സ്രോതസ്സുകളോ ബാറ്ററിയോ ആവശ്യമില്ലാതെതന്നെ ഒരാളുടെ ആരോഗ്യ വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന സ്മാർട്ട് വാച്ച് പോലൊരു ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ.

3ഡി പ്രിന്റഡായുള്ള ഈ ഉപകരണം പ്രവർത്തിക്കുന്നത് ഒരു 'അത്ഭുത വസ്തു' (wonder material) ഉപയോഗിച്ചാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അതുല്യമായ ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഗുണങ്ങളുള്ള MXene എന്ന വളരെ നേർത്ത 2D മെറ്റീരിയലാണ് ആ 'അത്ഭുത വസ്തു'. നമ്മുടെ 'ബാറ്ററി വേണ്ടാ സ്മാർട്ട് വാച്ചി'ന്റെ ആത്മാവുകൂടിയാണത്.

പുതിയ കണ്ടുപിടിത്തത്തിലെ ഏറ്റവും ആകർഷകമായ കാര്യം ഈ MXene ആണ്. ഊർജം സംഭരിക്കാനും വെള്ളം ശുദ്ധീകരിക്കാനും മറ്റും കാര്യമായ കഴിവുള്ള മിടുക്കനാണ് MXene. ഇത് വളക്കാവുന്നതും വലിച്ചുനീട്ടാവുന്നതുമായ ഒരു വസ്തുവാണ്. ഉപകരണത്തിന്റെ പുറത്ത് തട്ടുന്നതിലൂടെയും മർദത്തിലൂടെയും വോൾട്ടേജ് ഉൽപാദിപ്പിക്കാൻ കഴിയുന്ന നാനോ ജനറേറ്ററുകളുടെ രൂപത്തിൽ ഈ മെറ്റീരിയൽ പ്രിന്റ് ചെയ്യാൻ കഴിയും.

നാനോ എനർജി ജനറേറ്റർ

ഗവേഷകർ വികസിപ്പിച്ച പുതിയ 'സ്മാർട്ട് ഉപകരണം' പ്രവർത്തിപ്പിക്കാനായി നാനോ എനർജി ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്. അതിൽ തട്ടുമ്പോൾ ഉൽപാദിപ്പിക്കുന്ന ഊർജം, ജനറേറ്ററുകൾ വൈദ്യുതോർജമാക്കി മാറ്റും. അത് ബാൻഡിന്റെ സെൻസറുകളിലേക്കും എൽ.ഇ.ഡി ഡിസ് പ്ലേയിലേക്കും വിതരണം ചെയ്യും. അതേസമയം, സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കുന്നതിനായി NFC (നിയർ ഫീൽഡ് കമ്യൂണിക്കേഷൻ) സാങ്കേതികവിദ്യയും ഉപകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഡേറ്റയും പവറും കൈമാറ്റം ചെയ്യാൻ 'സ്മാർട്ട് വാച്ചി'നെ പ്രാപ്തമാക്കും.

ശാസ്ത്രജേണലായ 'നാനോ എനർജി'യിൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറിൽ ഈ സാങ്കേതികവിദ്യയെ കുറിച്ച് പരാമർശമുണ്ട്. രക്തസമ്മർദവും ശരീരോഷ്മാവുമടക്കം ആരോഗ്യവുമായി ബന്ധപ്പെട്ട പലതും ട്രാക്ക് ചെയ്യാൻ ഈ വെയറബിളിന് കഴിയുമത്രേ. ''ഈ കണ്ടുപിടിത്തത്തിലൂടെ ഒരു പാക്കേജിൽ നിരവധി സുപ്രധാന നേട്ടങ്ങൾ ഞങ്ങൾ കൈവരിച്ചു'' -കാലിഫോർണിയ സർവകലാശാലയിലെ പ്രഫസറായ റഹീം എസ്ഫാൻദ്യാർ-പൗർ പറഞ്ഞു.

ബാറ്ററി പഴങ്കഥ?

സ്മാർട്ട് വാച്ചുകൾ കഴിഞ്ഞ കുറച്ച് വർഷമായി ലോകമെമ്പാടും പ്രചാരത്തിലുണ്ട്. ആപ്പിൾ, സാംസങ് തുടങ്ങിയ ടെക് ഭീമന്മാർ വർഷം തോറും, തങ്ങളുടെ വെയറബിളുകളെ മുമ്പത്തേക്കാൾ മികച്ചതാക്കാൻ നവീകരണങ്ങൾ നടത്തുന്നുമുണ്ട്. എന്നാൽ, സ്മാർട്ട് വാച്ചുകളെല്ലാം അവയുടെ പ്രവർത്തനങ്ങൾക്കായി ബാറ്ററികളെയാണ് ആശ്രയിക്കുന്നത്. യു.എസിലെ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയ കാര്യത്തെ കൂടുതൽ ഗവേഷണങ്ങളിലൂടെ അതിന്റെ പൂർണാവസ്ഥയിലേക്ക് എത്തിക്കാനായാൽ ഭാവിയിൽ ബാറ്ററികൾ വെറുമൊരു പഴങ്കഥയായി മാറിയേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Batterysmartwatchwonder materialSelfpowered Smartwatch
News Summary - News Self-powered smartwatch replaces battery with wonder material
Next Story