
ബ്ലൂടൂത്ത് കോളിങ്ങും SpO2 മോണിറ്ററും; താങ്ങാവുന്ന വിലക്ക് കിടിലൻ ഫീച്ചറുകളുമായി ഒരു സ്മാർട്ട് വാച്ച്
text_fieldsപ്രമുഖ ഇന്ത്യൻ സ്മാർട്ട് വാച്ച് ബ്രാൻഡായ ഫയർ ബോൾട്ട് അവരുടെ ഏറ്റവും പുതിയ ഉത്പന്നം വിപണിയിലെത്തിച്ചിരിക്കുകയാണ്. ബ്ലൂടൂത്ത് കോളിങ്ങും രക്തത്തിന്റെ ഓക്സിജൻ അളവ് പരിശോധിക്കുന്നതിനുള്ള SpO2 മോണിറ്ററുമടക്കമുള്ള 'ഫയർ ബോൾട്ട് വിഷനറി' എന്ന വാച്ച് ഇന്ത്യയിൽ അവതരിപ്പിക്കുന്നത് താങ്ങാവുന്ന വിലയ്ക്കാണ്.
സവിശേഷതകൾ
1.78 ഇഞ്ച് വലിപ്പത്തിൽ സ്ക്വയർ ആകൃതിയിലുള്ള അമോലെഡ് ഡിസ്‍പ്ലേയാണ് വിഷനറി വാച്ചിന് നൽകിയിരിക്കുന്നത്. 368×448 പിക്സൽ റെസൊല്യൂഷനുള്ള ഡിസ്‍പ്ലേക്ക് ഓൾവൈസ്-ഓൺ-ഡിസ്‍പ്ലേ പിന്തുണയുമുണ്ട്. വാച്ചിൽ റൊട്ടേറ്റ് ചെയ്യാവുന്ന ക്രൗൺ ബട്ടണും നൽകിയിട്ടുണ്ട്. ആപ്പിൾ, സാംസങ് സ്മാർട്ട് വാച്ചുകളിലുള്ളത് പോലെ, ക്രൗൺ ബട്ടൺ ഉപയോഗിച്ച് ഫീച്ചറുകൾ ഉപയോഗപ്പെടുത്താം.
വിഷനറി വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത ബ്ലൂടൂത്ത് കോളിങ് ഫീച്ചർ തന്നെയാണ്. അതിനായി വാച്ചിൽ ഇൻ-ബിൽറ്റ് മൈക്കും സ്പീക്കറും ഉൾപ്പെടുത്തിയിട്ടുണ്ട്. കോൾ ചെയ്യാനും വരുന്ന കോളുകൾ എടുക്കാനുമായി ക്വിക് ഡയൽ ആപ്പ്, കോൺടാക്ട്, കാൾ ഹിസ്റ്ററി എന്നിവയും വാച്ചിലൂടെ ഉപയോഗിക്കാം. വയർലെസ് ഇയർഫോണുകൾ കണക്ട് ചെയ്യാനും സംഗീതം സംഭരിക്കാനുമുള്ള സൗകര്യമാണ് മറ്റൊരു രസകരമായ സവിശേഷത. അതിനായി 128MB ഓൺബോർഡ് സ്റ്റോറേജുമുണ്ട്.
ഹൃദയമിടിപ്പ് കണക്കാക്കാനുള്ള സെൻസർ, SpO2 മോണിറ്റർ, സ്ലീപ്പ് ട്രാക്കർ, പിരീഡ്സ് ട്രാക്കർ തുടങ്ങി 100-ലധികം സ്പോർട്സ് മോഡുകളും ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകളും വിഷനറി വാച്ച് പിന്തുണയ്ക്കുന്നു. ഉപയോക്താക്കൾക്ക് ശ്വസന വ്യായാമങ്ങൾ എടുക്കുന്നതിനും വെള്ളം കുടിക്കാനുമൊക്കെയുള്ള റിമൈൻഡറുകളും വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട് നോട്ടിഫിക്കേഷൻ, മ്യൂസിക്-കാമറ കൺട്രോളുകൾ, എ.ഐ വോയിസ് അസിസ്റ്റൻസ് എന്നീ ഫീച്ചറുകളുമുണ്ടാകും. അഞ്ച് ദിവസം ബാറ്ററി നിലനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. IP68 റേറ്റിങ്ങുമുണ്ട്.
ജൂലൈ 23ന് ആമസോണിലൂടെ വിൽപ്പ ആരംഭിക്കുന്ന 'ഫയർ ബോൾട്ട് വിഷനറി'ക്ക് 3,799 രൂപ മാത്രമാണ് വിലയിട്ടിരിക്കുന്നത്. കുറപ്പ്, നീല, ഗോൾഡ്, ഡാർക് ഗ്രേ, പച്ച, പിങ്ക്, സിൽവർ നിറങ്ങളിൽ വാച്ച് ലഭ്യമാകും.