വീട് സ്മാര്‍ട്ടാവാന്‍ ‘ആമസോണ്‍ ഇക്കോ ഡോട്ട്’ വേണം
text_fieldsപറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും പലരും കാണാത്ത സ്മാര്‍ട്ട് വീടുകളില്‍ വേണ്ട ഉപകരണമാണിത്. എല്ലാ സ്മാര്‍ട്ട് വീട്ടുപകരണങ്ങളെയും ഇതിലൂടെ നിയന്ത്രിക്കാം. ആമസോണിന്‍െറ പറഞ്ഞാല്‍ കേള്‍ക്കുന്ന സ്പീക്കറാണ് കക്ഷി. 49.99 ഡോളര്‍ (ഏകദേശം 3,350 രൂപ) ആണ് ആമസോണ്‍ ഇക്കോ ഡോട്ട് ( Amazon Echo Dot) എന്ന് പേരുള്ള ഈ മിടുക്കന്‍ സ്പീക്കറിന്‍െറ വില. യു.കെ, ജര്‍മനി, യു.എസ് എന്നിവിടങ്ങളില്‍ വരും മാസങ്ങളില്‍ വിപണിയില്‍ എത്തും.
ഈ മാര്‍ച്ചില്‍ ഇറങ്ങിയ ഇക്കോ ഡോട്ടിന്‍െറ ആദ്യ മോഡലിന് 90 ഡോളര്‍ (ഏകദേശം 6,000 രൂപ) ആയിരുന്നു വില. ആപ്പിള്‍ സിരിയും മൈക്രോസോഫ്റ്റ് കോര്‍ട്ടാനയും പോലെ ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന പേഴ്സണല്‍ അസിസ്റ്റന്‍റ് അലക്സ ആണ് തുണയാവുന്നത്. പാട്ട് പ്ളേ ചെയ്യാം, വാര്‍ത്തകള്‍ വായിച്ച് കേള്‍ക്കാം, കാലാവസ്ഥ കേള്‍ക്കാം, ലൈറ്റുകള്‍ ഇടാം, സമയം സെറ്റ് ചെയ്യാം തുടങ്ങിയ നിരവധി ജോലികള്‍ക്ക് ഈ സ്പീക്കര്‍ ഉപകാരപ്പെടും. മുന്‍ഗാമിയേക്കാള്‍ മികവ് കൂടിയിട്ടുണ്ട്. സ്പീച്ച് പ്രൊസസര്‍ പരിഷ്കരിച്ചു, വോയ്സ് റെക്കഗ്നീഷന്‍ സംവിധാനവും മെച്ചപ്പെടുത്തി. പല സ്പീക്കറുകള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാം ഒരേസമയം മറുപടി നല്‍കാതിരിക്കാന്‍ ഇക്കോ സ്പേഷ്യല്‍ പെര്‍സെപ്ഷന്‍ (Echo Spatial Perception) സംവിധാനവുമുണ്ട്. പല സ്പീക്കറുകള്‍ വീട്ടില്‍ വെച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും അടുത്തുള്ള സ്പീക്കറിലെ അലക്സ ആകും നിങ്ങള്‍ പറയുന്നത് കേള്‍ക്കുക.
പത്ത് എണ്ണം വാങ്ങിയാല്‍ രണ്ടെണ്ണവും അഞ്ച് എണ്ണം വാങ്ങിയാല്‍ ഒരെണ്ണവും സൗജന്യമാണ്. നിങ്ങളുടെ വീട്ടിലെ മറ്റ് സ്പീക്കറുകളുമായും ബന്ധിപ്പിക്കാം. ഇതിന് ബ്ളൂടൂത്ത്, 3.5 എംഎം സ്റ്റീരിയോ കേബിള്‍ എന്നിവ ഉപയോഗിക്കാം. നിരന്നിരിക്കുന്ന ഏഴ് മൈക്രോ ഫോണുകളാണ് സ്പീക്കറിനെ അനുസരിപ്പിക്കുന്നത്. കറുപ്പ്, വെള്ള നിറങ്ങളിലാണ് ലഭ്യം.